റഷ്യയും ഇറാനും നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ അമേരിക്ക റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ കുറഞ്ഞ നിരക്കില്‍ അസംസ്കൃത എണ്ണ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുകയാണ്.
അമേരിക്കന്‍ ഉപരോധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ റഷ്യന്‍, ഇറാന് എണ്ണ കമ്പനികളില്‍നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്നാണ് സൂചന.റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നതിനുള്ള അനുമതി ശനിയാഴ്ച അവസാനിച്ചതായും, ഇറാനില്‍നിന്നുള്ള ഇറക്കുമതിക്ക് നല്‍കിയിരുന്ന ഇളവ് ഞായറാഴ്ചയോടെ അവസാനിക്കുമെന്നും ഇനി ഇത് പുതുക്കി നല്‍കില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാര്‍ച്ച് 11-ന് മുമ്പ് കപ്പലുകളില്‍ കയറ്റിയ എണ്ണയ്ക്കാണ് മുന്‍പ് ഇളവ് അനുവദിച്ചിരുന്നത്.അമേരിക്കയുടെ വിലക്കുകള്‍ക്കിടയിലും കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറാനില്‍നിന്നുള്ള എണ്ണ വീണ്ടും ഇന്ത്യയിലെത്തിയത്.ഉപഭോഗത്തിനാവശ്യമായ എണ്ണയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് അമേരിക്കയുടെ പുതിയ തീരുമാനം വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കാനിടയുണ്ട്.
വിലക്കയറ്റ ഭീഷണി
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നുവരികയാണ്. ഇതിന് പുറമേ, കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന റഷ്യന്‍ എണ്ണയുടെ ലഭ്യത കുറയുന്നത് രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ ഇടയാക്കാം.
വിതരണത്തിലെ അനിശ്ചിതത്വം
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഇതിനകം തന്നെ എണ്ണവിതരണത്തില്‍ ആശങ്ക നിലനില്ക്കുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം.
റഷ്യന്‍ എണ്ണയില്‍ കുറവ്
കഴിഞ്ഞ മാര്‍ച്ചില്‍ പ്രതിദിനം ഏകദേശം 19.8 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. പുതിയ നിയന്ത്രണങ്ങള്‍ വന്നതോടെ ഇതില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കപ്പെടുന്നു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കണമെന്നും എണ്ണവിതരണം തടസ്സപ്പെടാതിരിക്കാന്‍ നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.റഷ്യയില്‍നിന്ന് കുറഞ്ഞ നിരക്കില്‍ എല്‍എന്‍ജി ലഭ്യമാക്കാമെന്ന വാഗ്ദാനമുണ്ടെങ്കിലും അമേരിക്കന്‍ ഉപരോധ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യ സൂക്ഷ്മ നിലപാടാണ് സ്വീകരിക്കുന്നത്. ഇളവുകള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ എണ്ണ ലഭ്യത കുറയുമോ എന്ന ആശങ്കയിലാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍.

