ഇന്ത്യയുടെ കാർഷിക-മത്സ്യ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമായി യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം. 2026 സെപ്റ്റംബറിന് ശേഷവും ഇന്ത്യയിൽ നിന്നുള്ള മത്സ്യബന്ധന ഉൽപ്പന്നങ്ങൾ, മുട്ട, തേൻ, മാംസ ഉൽപ്പന്നങ്ങൾ എന്നിവ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള അനുമതി ഇന്ത്യക്ക് ലഭിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR) അഥവാ ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി വർധിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്നാണ് യൂറോപ്യൻ യൂണിയൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി 2021-ലെ EU 2021/405 ചട്ടത്തിൽ ഭേദഗതി വരുത്തി പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചിരുന്നു.2026 സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ ചട്ടപ്രകാരം യൂറോപ്യൻ വിപണിയിലേക്ക് മൃഗജന്യ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ കൂടുതൽ കർശനമായ സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടതോടെയാണ് കയറ്റുമതി തുടരാനുള്ള വഴി തെളിഞ്ഞത്.
മത്സ്യമേഖലയ്ക്ക് വലിയ ആശ്വാസം
പുതിയ അംഗീകാരം ഇന്ത്യയുടെ മത്സ്യബന്ധന മേഖലയ്ക്ക് പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ മത്സ്യ-സമുദ്രോൽപ്പന്ന കയറ്റുമതിയുടെ വാർഷിക മൂല്യം ഏകദേശം 1.59 ബില്യൺ യു.എസ് ഡോളറാണ്. ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങളുടെ പ്രധാന വിപണികളിലൊന്നാണ് യൂറോപ്യൻ യൂണിയൻ.
കയറ്റുമതി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി അംഗീകൃത യൂറോപ്യൻ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിൽ (EIC), സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) എന്നിവ സംയുക്തമായി മേൽനോട്ടവും പരിശോധനയും ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.യൂറോപ്യൻ യൂണിയന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി പരിശോധന, സർട്ടിഫിക്കേഷൻ, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഇതുവഴി ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത ആഗോള വിപണിയിൽ കൂടുതൽ ഉയരുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

