വിദേശനാണ്യ ശേഖരത്തിന് ഭീഷണിയായി ‘എഫ്.എഫ്.ജി’; ഇറക്കുമതിയിൽ ജാഗ്രത വേണമെന്ന് കേന്ദ്രം

വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പുകൾക്കിടെ പുതിയ ചർച്ചയായി മാറുകയാണ് ‘എഫ്.എഫ്.ജി’ (FFG). ഇന്ധനം (Fuel), വളം (Fertiliser), സ്വർണം (Gold) എന്നിവയുടെ ഇറക്കുമതി വർധിക്കുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് വലിയ സമ്മർദമുണ്ടാക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.വലിയ അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ ധനമന്ത്രി നിർമല സീതാരാമനും ‘എഫ്.എഫ്.എഫ്’ (Fuel, Fertiliser, Forex) എന്ന പരാമർശത്തിലൂടെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

യുദ്ധങ്ങളും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും മൂലം ഇന്ധനത്തിന്റെയും വളത്തിന്റെയും വില കുത്തനെ ഉയർന്നതായി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ചരക്കുകൂലി വർധന, കമ്പനികളുടെ മൂലധന പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികളും ഇതോടൊപ്പം വർധിച്ചുവെന്നാണ് വിലയിരുത്തൽ.ഇന്ത്യ ഏറ്റവും കൂടുതൽ വിദേശനാണ്യം ചെലവഴിക്കുന്നത് ക്രൂഡോയിൽ, സ്വർണം, വളം എന്നിവയുടെ ഇറക്കുമതിക്കാണ്. ഇവയുടെ വിലവർധനയും ഇറക്കുമതി ചെലവും കൂടിയതോടെ വിദേശനാണ്യ ശേഖരത്തിന് അധികഭാരം സൃഷ്ടിക്കുകയാണ്. രൂപ ഉപയോഗിച്ച് വാങ്ങാൻ കഴിയാത്തതിനാൽ ഡോളർ ഉൾപ്പെടെയുള്ള വിദേശനാണ്യങ്ങളിലാണ് ഈ ഇറക്കുമതികൾ നടത്തേണ്ടത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവുമാണ് സമീപകാല വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളിലൊന്ന്. പ്രത്യേകിച്ച് വളത്തിന്റെ വിലയിൽ ഉടൻ കുറവുണ്ടാകുമെന്ന സൂചനകളില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.അതേസമയം, വിദേശനാണ്യ ശേഖരത്തിലെ സമ്മർദവും വിദേശ നിക്ഷേപകരുടെ പിൻവലിക്കലും രൂപയുടെ മൂല്യത്തെയും ബാധിക്കുന്നുണ്ട്. സ്വർണ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ അടുത്തിടെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു. ഇതിലൂടെ സ്വർണ ഇറക്കുമതി കുറയുമെന്നാണ് പ്രതീക്ഷ.

എന്നാൽ, തീരുവ വർധന സ്വർണക്കള്ളക്കടത്തിന് പ്രോത്സാഹനമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതും ആഭ്യന്തര വിപണിയിലെ ആവശ്യങ്ങൾ തുല്യതയിൽ നിലനിർത്തുന്നതും കേന്ദ്ര സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളായി തുടരുകയാണ്.