രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പന കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 2026-ന്റെ തുടക്കത്തിൽ ഇന്ത്യൻ മൊബൈൽ ഫോൺ വിപണി സമ്മർദ്ദത്തിലാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, 2026-ന്റെ ആദ്യ പാദത്തിൽ സ്മാർട്ട്ഫോൺ ഷിപ്പ്മെന്റിൽ ഏകദേശം മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും മോശം തുടക്കമാണിതെന്നും കൗണ്ടർപോയിന്റ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്മാർട്ട്ഫോണുകളുടെ വില വർധനയാണ് ആവശ്യകതയെ ബാധിക്കുന്ന പ്രധാന ഘടകമെന്നാണ് വിലയിരുത്തൽ. ഉയർന്ന വില കാരണം ഉപഭോക്താക്കൾ പുതിയ ഫോൺ വാങ്ങുന്നതിൽ മടിപ്പ് കാണിക്കുകയും നിലവിലുള്ള ഉപകരണങ്ങൾ കൂടുതൽ കാലം ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മെമ്മറി ചിപ്പുകൾ ഉൾപ്പെടെയുള്ള നിർമാണ ഘടകങ്ങളുടെ വില വർധനയും വിനിമയ നിരക്കിലെ മാറ്റങ്ങളും അടുത്തകാലത്ത് ഫോണുകളുടെ വില ഉയരാൻ ഇടയായി. ഇതിന്റെ ഭാഗമായി ബജറ്റ് മുതൽ പ്രീമിയം ശ്രേണിവരെ പല ബ്രാൻഡുകളും ഹാൻഡ്സെറ്റുകളുടെ വില 1,500 രൂപ മുതൽ 15,000 രൂപ വരെ ഉയർത്തിയിരുന്നു.
പ്രത്യേകിച്ച് എൻട്രി-ലെവൽ ബജറ്റ് ശ്രേണിയിലുള്ള ഫോണുകൾക്കാണ് കൂടുതൽ തിരിച്ചടി നേരിട്ടത്. രാജ്യത്ത് ഏറ്റവും കൂടുതൽ ആവശ്യകത ഉണ്ടായിരുന്നത് ഈ വിഭാഗത്തിനായിരുന്നു എന്നതും ശ്രദ്ധേയമാണ്.
വിപണി വിഹിതത്തിൽ 2026-ന്റെ ആദ്യ പാദത്തിലും വിവോ മുൻതൂക്കം നിലനിർത്തി. 2025 തുടക്കത്തിൽ 20 ശതമാനമായിരുന്ന വിഹിതം ഈ വർഷം 21 ശതമാനമായി ഉയർന്നു. രണ്ടാം സ്ഥാനത്തുള്ള സാംസങ്ങിന്റെ വിഹിതം ഒരു ശതമാനം കുറഞ്ഞ് 17 ശതമാനമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 18 ശതമാനമായിരുന്നു സാംസങ്ങിന്റെ പങ്ക്.ഓപ്പോ വളർച്ച രേഖപ്പെടുത്തിയപ്പോൾ ഷവോമിയും റിയൽമിയും തിരിച്ചടി നേരിട്ടു. വിപണി വിഹിതത്തിൽ ഏകദേശം മൂന്ന് ശതമാനം ഇടിവ് നേരിട്ട റിയൽമിക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്.
