ഐപിഎൽ നികുതി 40%: സിഗരറ്റിനും ചൂതാട്ടത്തിനും ഒപ്പം; മാറ്റം ആവശ്യപ്പെട്ട് ടീമുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളെ നിലവിൽ Goods and Services Tax Council 40 ശതമാനം നികുതി സ്ലാബിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിഗരറ്റ്, പുകയില, ചൂതാട്ടം, കാസിനോ തുടങ്ങിയ നിയന്ത്രണ വിഭാഗത്തിൽപ്പെടുന്ന സേവനങ്ങളോടൊപ്പം ഐപിഎലിനെയും ഉൾപ്പെടുത്തിയതാണ് വലിയ ചർച്ചകൾക്ക് ഇടയാക്കുന്നത്.

ഇത് ശരിയായ സമീപനമല്ലെന്നും രാജ്യത്തെ കായികമേളകളുടെ പ്രതിച്ഛായയെയും വളർച്ചയെയും ബാധിക്കുമെന്നും ഐപിഎൽ ടീമുകൾ ചൂണ്ടിക്കാട്ടുന്നു. ഐപിഎൽ ഒരു കായിക മേളയായതിനാൽ നിലവിലെ നികുതി 18 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നതാണ് ടീമുകളുടെ പ്രധാന ആവശ്യം.നേരത്തെ ഐപിഎൽ ടിക്കറ്റുകൾക്ക് 28 ശതമാനം നികുതിയായിരുന്നു ബാധകമായിരുന്നത്. പിന്നീട് നടന്ന നികുതി പരിഷ്കാരങ്ങൾക്കുശേഷം ഇത് 40 ശതമാനമായി ഉയർന്നതോടെ ടിക്കറ്റ് വിലയും വലിയ തോതിൽ വർധിച്ചു.

നികുതി സ്ലാബ് കുറച്ചാൽ ടിക്കറ്റ് വിലയിൽ കുറവ് വരും. ഇതിലൂടെ കൂടുതൽ കാണികളെ സ്റ്റേഡിയങ്ങളിലേക്ക് ആകർഷിക്കാനും കായിക മേഖലയെ കൂടുതൽ മത്സരക്ഷമമാക്കാനും കഴിയുമെന്ന് ടീമുകൾ വാദിക്കുന്നു.
ആഗോളതലത്തിൽ കായികരംഗത്ത് വൻ വളർച്ച നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഉയർന്ന നികുതി ചുമത്തുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നു. സൌദി അറേബ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ കായിക രംഗത്ത് വലിയ നിക്ഷേപങ്ങൾ നടത്തുന്നതിനിടെ ഇന്ത്യ പിന്നിലാകരുതെന്നും ടീമുകൾ പറയുന്നു.

നാടകം, നൃത്തം, പ്രദർശനങ്ങൾ, സർക്കസ്, അമ്യൂസ്മെന്റ് പാർക്കുകൾ തുടങ്ങിയ വിനോദ മേഖലകൾക്ക് നിലവിൽ 18 ശതമാനം നികുതി ബാധകമാണ്. അതുപോലെ ഐപിഎൽ മത്സരങ്ങളെയും വിനോദ-കായിക വിഭാഗത്തിൽ ഉൾപ്പെടുത്തി നികുതി കുറയ്ക്കണമെന്നതാണ് ടീമുകളുടെ ആവശ്യം.