ബെംഗളൂരു: ക്വിക് കൊമേഴ്‌സ് രംഗത്തേക്ക് ഇനി എൽപിജി സിലിണ്ടറുകളും. പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പാൽ തുടങ്ങിയവ പോലെ ഇനി എൽപിജി സിലിണ്ടറും സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി വീട്ടിലെത്തിക്കും.
പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) ആണ് പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇൻസ്റ്റമാർട്ട് വഴി എച്ച്പിയുടെ 10 കിലോഗ്രാം ഭാരമുള്ള ‘നവ്യ’ (Navya) എൽപിജി സിലിണ്ടറുകൾ ഓർഡർ ചെയ്യാൻ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ 5 കിലോഗ്രാം എൽപിജി സിലിണ്ടറുകളും ഇതേ സംവിധാനത്തിലൂടെ ലഭ്യമാകും.പരമ്പരാഗത ഗ്യാസ് ഏജൻസികളിൽ നിന്ന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കി, ആവശ്യാനുസരണം വേഗത്തിൽ ചെറിയ എൽപിജി സിലിണ്ടറുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വിദ്യാർഥികൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ, ചെറിയ കുടുംബങ്ങൾ, താത്കാലിക താമസക്കാർ, ചെറിയ വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്കാണ് ഈ സേവനം കൂടുതൽ പ്രയോജനകരമാകുക.
പദ്ധതിയുടെ പ്രതികരണം വിലയിരുത്തിയ ശേഷം മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് എച്ച്പിസിഎലിന്റെ നീക്കം.
