ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാരക്കരാർ (Free Trade Agreement – FTA) പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉൽപന്നങ്ങൾക്കും ഘട്ടംഘട്ടമായി തീരുവ (ടാരിഫ്) ഒഴിവാക്കും. അതേസമയം, ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപന്നങ്ങളുടെ തീരുവ ഇന്ത്യയും കുറയ്ക്കും. ഇതിൽ 85 ശതമാനം ഉൽപന്നങ്ങൾ 10 വർഷത്തിനുള്ളിൽ പൂർണമായും ഡ്യൂട്ടി-ഫ്രീ ആകും.
ആഡംബര കാറുകൾക്കും സ്കോച്ച് വിസ്കിക്കും വില കുറയും
കരാറിന്റെ ഭാഗമായി ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകൾക്ക് നിലവിലുള്ള 110 ശതമാനം ഇറക്കുമതി തീരുവ, നിശ്ചിത ക്വോട്ടയുടെ അടിസ്ഥാനത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ശതമാനമായി കുറയും. ഇതോടെ ജാഗ്വർ ലാൻഡ് റോവർ, ആസ്റ്റൺ മാർട്ടിൻ, റോൾസ്-റോയ്സ് തുടങ്ങിയ ബ്രാൻഡുകളുടെ വാഹനങ്ങൾക്ക് ഇന്ത്യയിൽ വില കുറയാൻ സാധ്യതയുണ്ട്.അതുപോലെ, സ്കോച്ച് വിസ്കി (ബ്ലെൻഡഡ് ഉൾപ്പെടെ), ജിൻ എന്നിവയുടെ ഇറക്കുമതി തീരുവ നിലവിലെ 150 ശതമാനത്തിൽ നിന്ന് 40 ശതമാനമായി അടുത്ത പത്ത് വർഷത്തിനുള്ളിൽ കുറയ്ക്കും. ഇതോടെ ഇന്ത്യൻ വിപണിയിൽ ഇവയുടെ വില കുറയുമെന്നാണ് പ്രതീക്ഷ.
ബ്രാൻഡി, ടെക്വില, റം, വോഡ്ക, കോർഡിയൽ തുടങ്ങിയ മദ്യങ്ങളുടെ ഇറക്കുമതി തീരുവയും 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയും.
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കൂടുതൽ അവസരങ്ങൾ
കരാർ പ്രകാരം 1,800 ഇന്ത്യൻ ഷെഫുമാർ, യോഗ പരിശീലകർ, ശാസ്ത്രീയ സംഗീതജ്ഞർ എന്നിവർക്ക് താൽക്കാലികമായി ബ്രിട്ടനിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും.ബ്രിട്ടനിലേക്ക് ജോലി ആവശ്യങ്ങൾക്കായി പോകുന്ന ഇന്ത്യക്കാർക്ക് ബാധകമായ സാമൂഹിക സുരക്ഷാ നികുതി (Social Security) സംബന്ധിച്ച ആനുകൂല്യങ്ങളുടെ കാലാവധിയും വർധിപ്പിച്ചിട്ടുണ്ട്.ഇന്ത്യൻ കമ്പനികളിലെ ജീവനക്കാരെ അതേ സ്ഥാപനത്തിന്റെ ബ്രിട്ടനിലെ ശാഖയിലേക്ക് മാറ്റുന്ന ഇൻട്രാ-കോർപറേറ്റ് ട്രാൻസ്ഫറികളുടെ (ICT) ഭാഗമായി മൂന്ന് വർഷത്തെ വീസ അനുവദിക്കും. ജീവനക്കാരുടെ ജീവിതപങ്കാളികൾക്കും തൊഴിൽ ചെയ്യാനുള്ള അനുമതിയുള്ള വീസ ലഭിക്കും.
കേരളത്തിന് ഗുണം ചെയ്യുന്ന മേഖലകൾ
കരാറിലൂടെ കേരളത്തിന്റെ കയറ്റുമതി മേഖലയ്ക്കും വലിയ നേട്ടം പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ 20 ശതമാനം വരെ തീരുവ ഈടാക്കിയിരുന്ന സമുദ്രോൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ബ്രിട്ടൻ പൂർണമായും ഒഴിവാക്കും. കൂടാതെ സുഗന്ധവ്യഞ്ജനങ്ങൾക്കും തീരുവ ഒഴിവാക്കുന്നതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതിക്ക് കൂടുതൽ മത്സരശേഷി ലഭിക്കും.അതേസമയം, ആഭ്യന്തര കർഷകരെ സംരക്ഷിക്കുന്നതിനായി ക്ഷീരോൽപന്നങ്ങൾ, പച്ചക്കറികൾ, ആപ്പിൾ, ഭക്ഷ്യഎണ്ണ, അരി തുടങ്ങിയ ഉൽപന്നങ്ങളിലെ ഇറക്കുമതി തീരുവയിൽ ഇന്ത്യ ഇളവ് നൽകിയിട്ടില്ല.
ഇന്ത്യ-ബ്രിട്ടൻ വ്യാപാരബന്ധത്തിന് പുതിയ ദിശ തുറക്കുന്ന ഈ കരാർ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും തൊഴിൽ അവസരങ്ങളും വർധിപ്പിക്കുന്നതോടൊപ്പം കേരളം ഉൾപ്പെടെയുള്ള കയറ്റുമതി അധിഷ്ഠിത സംസ്ഥാനങ്ങൾക്കും ശ്രദ്ധേയമായ സാമ്പത്തിക നേട്ടങ്ങൾ സമ്മാനിക്കുമെന്നാണ് വിലയിരുത്തൽ.
