പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അവശ്യ മരുന്നുകളുടെ വില 20 ശതമാനം വരെ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയരുകയും അന്താരാഷ്ട്ര ചരക്കുനീക്കത്തിൽ തടസ്സം നേരിടുകയും ചെയ്തതോടെ മരുന്നു നിർമ്മാണ മേഖല വലിയ സമ്മർദ്ദത്തിലാണ്.ഫാർമസ്യൂട്ടിക്കൽ കയറ്റുമതി പ്രോത്സാഹന കൗൺസിലിന്റെ വിലയിരുത്തലിനെ തുടർന്ന് ആന്റിബയോട്ടിക്കുകൾ, കാൻസർ മരുന്നുകൾ, വിവിധ ഇഞ്ചക്ഷനുകൾ എന്നിവയുടെ വില മൂന്ന് മാസത്തേക്ക് ഉയർത്താനുള്ള ശുപാർശ സർക്കാർ പരിഗണിക്കുന്നതായി അറിയുന്നു.
ഇന്ത്യയിലെ മരുന്ന് നിർമ്മാണത്തിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കൾ ചൈനയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ ഇറക്കുമതി ചെയ്യുന്നതാണ്. എണ്ണവില ഉയർന്നതും പശ്ചിമേഷ്യയിലെ കപ്പൽ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതും ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളുടെ വില ഉയരാൻ കാരണമായി.സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള കീ സ്റ്റാർട്ടിംഗ് മെറ്റീരിയലുകളും ലായകങ്ങളും ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് എത്തുന്നു. ഈ മേഖലയിൽ ഉണ്ടായ തടസ്സങ്ങൾ ആഗോള മരുന്ന് വിപണിയെയും ഇന്ത്യയുടെ അസംസ്കൃത വസ്തു വിതരണം ശൃംഖലയെയും ബാധിച്ചിട്ടുണ്ട്. ഓരോ കപ്പൽ ചരക്കിനും 4,000 മുതൽ 8,000 ഡോളർ വരെ അധിക ചെലവ് വരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
നിലവിലെ സാഹചര്യം തുടർന്നാൽ മരുന്ന് ലഭ്യതയും വിലയും നേരിട്ട് ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യവസായ മേഖല മുന്നറിയിപ്പ് നൽകുന്നു.

