ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ (BYD) ആഡംബര വാഹന ബ്രാൻഡായ ഡെൻസ (Denza) ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചു. ഡെൻസ D9, ഡെൻസ Z9 GT എന്നീ രണ്ട് പ്രീമിയം ഇലക്ട്രിക് മോഡലുകളെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആഡംബര എംപിവിയായ D9ന് 90 ലക്ഷം രൂപയും പെർഫോമൻസ് അധിഷ്ഠിത ഫോർ-ഡോർ ഇലക്ട്രിക് ഷൂട്ടിങ് ബ്രേക്ക് മോഡലായ Z9 GTയ്ക്ക് 1.56 കോടി രൂപയുമാണ് എക്സ്-ഷോറൂം വില.ഗുരുഗ്രാം, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ ആറു നഗരങ്ങളിലെ ഔദ്യോഗിക ഡീലർഷിപ്പുകൾ വഴി 10 ലക്ഷം രൂപ ടോക്കൺ തുക നൽകി വാഹനങ്ങൾ ബുക്ക് ചെയ്യാം.
ആഡംബരത്തിന്റെ പുതിയ മുഖമായി ഡെൻസ D9
എംജി M9, ടൊയോട്ട വെൽഫയർ, കിയ കാർണിവൽ, ലെക്സസ് LM, മെഴ്സിഡസ് ബെൻസ് V-ക്ലാസ് തുടങ്ങിയ പ്രമുഖ മോഡലുകളോടാണ് ഡെൻസ D9 മത്സരിക്കുക. 115 kWh ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്ന പവർട്രെയിൻ 456 bhp കരുത്തും 365 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഒറ്റ ചാർജിൽ 730 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.വലിയ ക്രോം ഗ്രിൽ, എൽഇഡി ഹെഡ്ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, കണക്റ്റഡ് ടെയിൽ ലാമ്പുകൾ എന്നിവ D9ന്റെ പുറംഭാഗത്തിന് ആഡംബര ഭംഗി നൽകുന്നു.അകത്തളത്തിൽ രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകളാണ് പ്രധാന ആകർഷണം. 10-പോയിന്റ് മസാജ് സംവിധാനം, 10-വേ പവർ അഡ്ജസ്റ്റ്മെന്റ്, ഹീറ്റിങ്, വെന്റിലേഷൻ, മെമ്മറി ഫംഗ്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഈ സീറ്റുകളിലുണ്ട്.ഇതിനു പുറമെ മൾട്ടിഫംഗ്ഷൻ ആംറെസ്റ്റ് സ്ക്രീനുകൾ, കൂളിങ്-ഹീറ്റിങ് ഫ്രിഡ്ജ്, പനോരമിക് സൺറൂഫ്, 15.6 ഇഞ്ച് ഫ്ലോട്ടിങ് ടച്ച്സ്ക്രീൻ, 10.25 ഇഞ്ച് 3D ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 16 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.വേൽ സീ ബ്ലൂ, കോസ്മോസ് ബ്ലാക്ക്, സ്റ്റാറി നൈറ്റ് ഗ്രേ, ആർട്ടിക് വൈറ്റ് എന്നീ നാല് എക്സ്റ്റീരിയർ നിറങ്ങളിലും മൂന്ന് ഇന്റീരിയർ തീമുകളിലും D9 ലഭ്യമാകും.
1,139 എച്ച്പി കരുത്തിൽ ഡെൻസ Z9 GT
അഞ്ച് സീറ്റുകളുള്ള ഇലക്ട്രിക് ഷൂട്ടിങ് ബ്രേക്ക് മോഡലായ Z9 GT, പോർഷെ ടൈകാനുമായി മത്സരിക്കാനാണ് എത്തുന്നത്. ചരിഞ്ഞ റൂഫ് ലൈനും നീളമേറിയ പിൻഭാഗവും വാഹനത്തിന് സ്പോർട്ടി രൂപഭംഗി നൽകുന്നു.
122.5 kWh ബാറ്ററി പാക്കും മൂന്ന് ഇലക്ട്രിക് മോട്ടോറുകളും ഉൾപ്പെടുന്ന പവർട്രെയിൻ 1,139 bhp കരുത്തും 1,210 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും 2.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. പരമാവധി വേഗത മണിക്കൂറിൽ 270 കിലോമീറ്ററാണ്. NEDC മാനദണ്ഡപ്രകാരമുള്ള റേഞ്ച് 670 കിലോമീറ്ററാണ്.1,500 kW ഫ്ലാഷ് അൾട്രാ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത. ഇതുവഴി ബാറ്ററിയിലെ ചാർജ് 10 ശതമാനത്തിൽ നിന്ന് 97 ശതമാനത്തിലെത്താൻ ഒൻപത് മിനിറ്റ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 11 kW എസി ചാർജിങ് സൗകര്യവും വാഹനത്തിലുണ്ട്.
5,180 മില്ലിമീറ്റർ നീളമുള്ള Z9 GTയിൽ 20 ഇഞ്ച് അലോയ് വീലുകളാണുള്ളത്. പിൻചക്രങ്ങൾക്ക് 15 ഡിഗ്രി വരെ തിരിയാൻ കഴിയുന്ന സംവിധാനമാണ് മറ്റൊരു സവിശേഷത. ‘ക്രാബ് വാക്ക്’ എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ ഇടുങ്ങിയ സ്ഥലങ്ങളിൽ വാഹനം തിരിക്കാനും പാർക്ക് ചെയ്യാനും സഹായിക്കുന്നു.
ഫ്ലഷ് ഡോർ ഹാൻഡിലുകൾ, എയർ സസ്പെൻഷൻ, പൂർണമായി ചായ്ക്കാൻ കഴിയുന്ന പിൻസീറ്റുകൾ, മുന്നിലും പിന്നിലും വയർലെസ് ചാർജിങ് സംവിധാനങ്ങൾ എന്നിവയും Z9 GTയുടെ സവിശേഷതകളാണ്.
ഡാഷ്ബോർഡിൽ 17.3 ഇഞ്ച് സെൻട്രൽ ടച്ച്സ്ക്രീൻ, സഹയാത്രികനായി 13.2 ഇഞ്ച് ഡിസ്പ്ലേ, 13.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്. 20 സ്പീക്കറുകളുള്ള ഡെവിയാലെ (Devialet) പ്രീമിയം ഓഡിയോ സിസ്റ്റവും വാഹനത്തിന്റെ ആഡംബരത്തിന് മാറ്റുകൂട്ടുന്നു.
സുരക്ഷയ്ക്കും വാറന്റിക്കും പ്രാധാന്യം
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ട് മോഡലുകളിലും ഒൻപത് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
Z9 GTയിൽ ആറ് റഡാറുകൾ ഉൾപ്പെടുന്ന ADAS സംവിധാനത്തിനൊപ്പം ഓട്ടോ പാർക്ക് അസിസ്റ്റ് ഫീച്ചറും ലഭ്യമാണ്.
വാഹനത്തിന് ആറ് വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വരെയും ഇലക്ട്രിക് പവർട്രെയിനിന് എട്ട് വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വരെയും വാറന്റിയാണ് ഡെൻസ വാഗ്ദാനം ചെയ്യുന്നത്.
ബിവൈഡിയും മെഴ്സിഡീസ് ബെൻസ് ഗ്രൂപ്പും സംയുക്തമായാണ് 2010-ൽ ഡെൻസ ബ്രാൻഡിന് തുടക്കമിട്ടത്. എന്നാൽ 2024-ൽ മെഴ്സിഡീസ് ബെൻസ് ഗ്രൂപ്പ് തങ്ങളുടെ ഓഹരികൾ പൂർണമായും വിറ്റൊഴിഞ്ഞതോടെ ഡെൻസയുടെ ഉടമസ്ഥാവകാശം ബിവൈഡിയിൽ മാത്രമായി.
നിലവിൽ ചൈന, യൂറോപ്പ്, ഓസ്ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിപണികളിൽ ഡെൻസയുടെ ആഡംബര ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ ലഭ്യമാണ്.
ആഡംബരവും അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന പെർഫോമൻസും ഒരുമിപ്പിച്ചുകൊണ്ട് ഇന്ത്യൻ പ്രീമിയം ഇലക്ട്രിക് വാഹന വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് ഡെൻസയുടെ ലക്ഷ്യം.
