കേരളത്തിന്റെ ജിഎസ്ടി വരുമാന വളർച്ച കഴിഞ്ഞ മാസം 28 ശതമാനത്തിലെത്തിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജിഎസ്ടി നടപ്പാക്കിയതിനുശേഷം കേരളം കൈവരിച്ച ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഹയാത്ത് റീജൻസിയിൽ ധനലക്ഷ്മി ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദേശീയതലത്തിലെ ജിഎസ്ടി വളർച്ച 13 ശതമാനമായിരിക്കെയാണ് കേരളം 28 ശതമാനം വളർച്ച കൈവരിച്ചത്. ഓണക്കാലത്ത് സാധാരണക്കാരുടെ കൈകളിലേക്ക് പണമെത്തിച്ച് വിപണിയിൽ ഉണർവുണ്ടാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കേരളത്തിന്റെ ജിഎസ്ടി വളർച്ച മൈനസ് രണ്ട് ശതമാനമായിരുന്നു. അവിടെനിന്നാണ് ഇപ്പോൾ 28 ശതമാനത്തിലേക്ക് വളർച്ചയുണ്ടായതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ബാങ്കുകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളിൽ പണം കെട്ടിക്കിടക്കുന്നതിനു പകരം അത് വിപണിയിലേക്ക് എത്തണം. അപ്പോഴാണ് പണത്തിന് വലിയ സാമ്പത്തിക ശക്തിയായി പ്രവർത്തിക്കാനാകുന്നത്. 1930കളിൽ ലോകം നേരിട്ട സാമ്പത്തിക മാന്ദ്യത്തെ മറികടക്കുന്നതിലും വിപണിയിലേക്ക് പണമെത്തിച്ച നടപടികൾക്ക് വലിയ പങ്കുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.നോട്ടടക്കം പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പല രാജ്യങ്ങളും പുതിയ മാറ്റങ്ങൾ നടപ്പാക്കിക്കഴിഞ്ഞു. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യയിലെ ബാങ്കുകൾ പ്രവർത്തിക്കുന്നതെങ്കിലും രാജ്യത്തെ ബാങ്കിങ് രീതികൾ ഇപ്പോഴും ഏറെക്കുറെ പരമ്പരാഗതമാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തുപോലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് പിടിച്ചുനിൽക്കാനായത് ഈ പരമ്പരാഗത രീതികൾ കാരണമാണെന്ന വാദവുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
