മോട്ടോർ വാഹന നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ആശ്വാസമായി മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (വൺ ടൈം സെറ്റിൽമെന്റ്). വർഷങ്ങളായി അടയ്ക്കാത്ത നികുതി കുടിശ്ശികയിൽ വൻ ഇളവ് ലഭിക്കുന്നതിലൂടെ നിയമനടപടികളിൽനിന്ന് ഒഴിവാകാനും അവസരമുണ്ട്. 2027 മാർച്ച് 31 വരെയാണ് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയുക.2026 മാർച്ച് 31-ന് നാല് വർഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്കാണ് പദ്ധതിയിൽ അപേക്ഷിക്കാനാകുക. വാഹനങ്ങളുടെ വിഭാഗമനുസരിച്ച് കുടിശ്ശികയുടെ നിശ്ചിത ശതമാനം മാത്രം അടച്ചാൽ മതിയാകും.
നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനം
സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ 2026 മാർച്ച് 31 വരെ കണക്കാക്കിയ നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം അടച്ചാൽ മതി. പിഴയും പലിശയും ഉൾപ്പെടെയുള്ള കുടിശ്ശിക തുകയിലാണ് ഈ ഇളവ് കണക്കാക്കുന്നത്.
ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനം
ചരക്ക് വാഹനങ്ങൾ, വാണിജ്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ തുടങ്ങിയ ട്രാൻസ്പോർട്ട് വിഭാഗത്തിൽപ്പെടുന്നവയ്ക്ക് കൂടുതൽ ഇളവുണ്ട്. ഇവയുടെ നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനം മാത്രം അടച്ചാൽ കുടിശ്ശിക തീർപ്പാക്കാം. പിഴയും പലിശയും ഉൾപ്പെടെയുള്ള തുകയിലാണ് ഈ ഇളവ് ബാധകമാകുന്നത്.
പ്രത്യേക ഇളവുകളും ലഭിക്കും
നികുതി കുടിശ്ശിക തീർപ്പാക്കുന്നതിനൊപ്പം ഗ്രീൻ ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽനിന്നും പൂർണ ഇളവ് ലഭിക്കും.
റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന വാഹന ഉടമകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനായി നിശ്ചയിച്ചിട്ടുള്ള കുടിശ്ശിക തുകയോടൊപ്പം കളക്ഷൻ ചാർജുകൾ കൂടി അടച്ചാൽ റവന്യൂ റിക്കവറി നടപടികൾ അവസാനിപ്പിക്കാം.
ഉപയോഗശൂന്യമായ വാഹനങ്ങൾക്കും ആശ്വാസം
മോഷണം പോയതോ പൊളിച്ചുവിറ്റതോ പൂർണമായി നശിച്ചതോ ഉപയോഗിക്കാൻ കഴിയാത്തതോ ആയ വാഹനങ്ങളുടെ ഉടമകൾക്കും പ്രത്യേക ആനുകൂല്യമുണ്ട്. ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. തുടർന്ന് നടത്തുന്ന പരിശോധനയിൽ വസ്തുതകൾ ബോധ്യപ്പെട്ടാൽ ഇത്തരം വാഹനങ്ങളുടെ ഭാവിയിലെ നികുതി ബാധ്യത ഒഴിവാക്കും.
ഇളവ് ലഭിക്കുന്നത് ഒരിക്കൽ മാത്രം
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ഭാവിയിൽ വീണ്ടും ലഭിക്കില്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പദ്ധതി പ്രയോജനപ്പെടുത്തി കുടിശ്ശിക തീർപ്പാക്കുന്നവർ തുടർന്നുള്ള നികുതി കൃത്യസമയത്ത് അടയ്ക്കണം. വീണ്ടും കുടിശ്ശിക വരുത്തിയാൽ ഭാവിയിൽ നികുതി ഇളവുകൾ അനുവദിക്കില്ല.അതേസമയം, നികുതി ബാധ്യതയിൽനിന്ന് ഒഴിവാക്കി ആനുകൂല്യം നേടിയ വാഹനം പിന്നീട് നിരത്തിലിറക്കിയാൽ 2026 ഏപ്രിൽ 1 മുതലുള്ള മുഴുവൻ നികുതിയും പിഴയും പലിശയും സഹിതം അടയ്ക്കേണ്ടിവരും. അതിനാൽ ദീർഘകാലമായി നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താനുള്ള അവസാന തീയതിയായ 2027 മാർച്ച് 31 നിർണായകമാണ്.
