കർഷകർക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക സഹായം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലെത്തിക്കുന്ന കേന്ദ്ര പദ്ധതിയായ പിഎം കിസാൻ സമ്മാൻ നിധിയിൽ കേരളത്തിലെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്. ഏറ്റവും കൂടുതൽ പേർ ആനുകൂല്യം നേടിയ പത്താം ഗഡുവിനെ അപേക്ഷിച്ച് ഏറ്റവും ഒടുവിൽ വിതരണം ചെയ്ത 23-ാം ഗഡുവിൽ ഗുണഭോക്താക്കളുടെ എണ്ണം 6.73 ലക്ഷം കുറഞ്ഞു.2021 ഡിസംബർ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ വിതരണം ചെയ്ത പത്താം ഗഡുവിലൂടെ കേരളത്തിൽ 35,45,286 പേർക്കാണ് സാമ്പത്തിക സഹായം ലഭിച്ചത്. എന്നാൽ, 2026 ജൂലൈയിൽ വിതരണം ചെയ്ത 23-ാം ഗഡുവിൽ ആനുകൂല്യം ലഭിച്ചത് 28,71,911 പേർക്ക് മാത്രമാണ്.
ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കർശനമാക്കിയതാണ് ഈ കുറവിന് പ്രധാന കാരണം. ഇ-കെവൈസി നിർബന്ധമാക്കൽ, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുടെ സ്ഥിരീകരണം, ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് പരിശോധന തുടങ്ങിയ നിബന്ധനകൾ നടപ്പാക്കി കേന്ദ്ര സർക്കാർ ഗുണഭോക്തൃ പട്ടിക പുതുക്കിയതോടെയാണ് എണ്ണത്തിൽ വലിയ മാറ്റമുണ്ടായത്.2022 ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ വിതരണം ചെയ്ത പന്ത്രണ്ടാം ഗഡുവിലും ഗുണഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു. അന്ന് 35,45,286 ആയിരുന്ന ഗുണഭോക്താക്കളുടെ എണ്ണം 20,01,857 ആയി കുറഞ്ഞു. പിന്നീട് അർഹരായ കർഷകരെ കണ്ടെത്തി പട്ടിക പരിഷ്കരിച്ചതോടെ ഗുണഭോക്താക്കളുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു.
ഇതുവരെ കേരളത്തിലെ കർഷകർക്ക് പിഎം കിസാൻ പദ്ധതിയിലൂടെ 14,107 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം കേന്ദ്ര കൃഷി മന്ത്രാലയം നൽകിയ മറുപടി. അതേസമയം, അനർഹരായവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയുടെ ഭാഗമായി 2022ൽ കേരളത്തിൽനിന്ന് 31 കോടി രൂപ തിരിച്ചുപിടിക്കാനും നിർദേശമുണ്ടായിരുന്നു.
