ഒക്ടോബറിൽ റെക്കോർഡ് കയറ്റുമതി; 8.4 ലക്ഷം കോടി രൂപയുടെ ചരക്ക് വിദേശത്തേക്ക്

ഇന്ത്യയുടെ മൊത്തം കയറ്റുമതി ഒക്ടോബറിൽ സർവകാല റെക്കോർഡിലെത്തി. 2025 ഒക്ടോബറിലെ 6,927 കോടി ഡോളറിൽനിന്ന് ഉയർന്ന് ഇത്തവണ കയറ്റുമതി 8,990 കോടി ഡോളറായി. രൂപയുടെ കണക്കിൽ ഏകദേശം 8.4 ലക്ഷം കോടി രൂപയുടെ ചരക്കുകളാണ് ഈ കാലയളവിൽ ഇന്ത്യ വിദേശ വിപണികളിലെത്തിച്ചത്.
അതേസമയം, ഇറക്കുമതിയിലും വലിയ വർധനയുണ്ടായതോടെ ചരക്കുവ്യാപാരക്കമ്മി ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 3,988 കോടി ഡോളറിലെത്തി. എന്നാൽ, സേവന മേഖലയിലെ മികച്ച പ്രകടനം മൊത്തം വ്യാപാരക്കമ്മി കുറയ്ക്കാൻ സഹായിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 2,515 കോടി ഡോളറായിരുന്ന മൊത്തം വ്യാപാരക്കമ്മി ഇത്തവണ 2,009 കോടി ഡോളറായി കുറഞ്ഞു.

ഇറക്കുമതിക്കായി ചെലവഴിക്കുന്ന തുകയും കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനവും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരക്കമ്മി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ ചരക്കുകയറ്റുമതിയാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയതെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.പുതിയ വിദേശ വിപണികൾ കണ്ടെത്തിയതും ബ്രിട്ടൻ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളുമായി ഒപ്പുവച്ച വ്യാപാരക്കരാറുകളും കയറ്റുമതി വളർച്ചയ്ക്ക് കരുത്തേകിയെന്നാണ് വിലയിരുത്തൽ.

അതേസമയം, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കൂടുതൽ അനുകൂലമായ വ്യാപാരക്കരാർ നൽകുമെന്ന് യുഎസ് ഉറപ്പുനൽകിയതായി വാണിജ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.എന്നാൽ, യുഎസ് വിപണിയിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഇറക്കുമതിത്തീരുവ ലഭിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് പ്രത്യേക നേട്ടമുണ്ടാകില്ല. ബംഗ്ലാദേശ്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഈ മേഖലയിൽ ഇന്ത്യയുടെ പ്രധാന മത്സരരാജ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *