അത്യാധുനിക ഫീച്ചറുകളുമായി പുതിയ ഔഡി ക്യു 3 വിപണിയിൽ; പ്രാരംഭ വില 51.99 ലക്ഷം രൂപ

പുതിയ ഔഡി ക്യു 3 കേരള വിപണിയിൽ അവതരിപ്പിച്ച് പ്രമുഖ ഓട്ടോമൊബൈൽ റീട്ടെയിൽ ഗ്രൂപ്പായ പിപിഎസ് മോട്ടോഴ്സ്. 51.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള സാവ്വിപ്ൽ പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്താണ് പുതിയ ലക്ഷ്വറി എസ്യുവി വിപണിയിലെത്തുന്നത്. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരളത്തിലെ ആദ്യ പത്ത് ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ താക്കോലുകളും കൈമാറി.

2.0 ലീറ്റർ ടിഎഫ്എസ്ഐ പെട്രോൾ എൻജിനാണ് പുതിയ ഔഡി ക്യു 3യുടെ പ്രധാന കരുത്ത്. 204 എച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിൻ, വെറും 7.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. മികച്ച ഡ്രൈവിങ് നിയന്ത്രണത്തിനും ട്രാക്ഷനുമായി ഔഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാലൻസ്ഡ്, ഡൈനാമിക്, കംഫർട്ട്, എഫിഷ്യൻസി, ഓഫ്റോഡ് പ്ലസ് എന്നിങ്ങനെ അഞ്ച് ഡ്രൈവിങ് മോഡുകൾ ലഭ്യമാണ്. പ്രോഗ്രസീവ് സ്റ്റിയറിങ്ങും കംഫർട്ട് സസ്പെൻഷനും ഡ്രൈവിങ് അനുഭവം കൂടുതൽ മികച്ചതാക്കും.

ഏകദേശം 25,600 മൈക്രോ എൽഇഡികൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ മാട്രിക്സ് എൽഇഡി ഹെഡ്ലൈറ്റുകളാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. നാല് വ്യത്യസ്ത ഡിആർഎൽ ലൈറ്റിങ് സിഗ്നേച്ചറുകളും ഡൈനാമിക് ലൈറ്റ് പ്രൊജക്ഷൻ സംവിധാനവും ഇതിലുണ്ട്. പിൻഭാഗത്തെ എൽഇഡി റിയർ ലൈറ്റ്സ് പ്രോയും പ്രകാശിക്കുന്ന ഔഡി റിംഗ്സ് ലോഗോയും വാഹനത്തിന് ആകർഷകമായ രൂപം നൽകുന്നു. 18 ഇഞ്ച് ഫൈവ് ആം എയ്റോ അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, ഹീറ്റഡ് ഫോൾഡിങ് എക്സ്റ്റീരിയർ മിററുകൾ എന്നിവയും സവിശേഷതകളാണ്. സേജ് ഗ്രീൻ, മിത്തോസ് ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, നവാറ ബ്ലൂ, തമ്പോറ ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ വാഹനം ലഭ്യമാകും.

അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ക്യാബിനാണ് പുതിയ ക്യു 3യുടെ മറ്റൊരു ആകർഷണം. 30.22 സെന്റിമീറ്റർ ഔഡി വെർച്വൽ കോക്ക്പിറ്റും 32.51 സെന്റിമീറ്റർ സെൻട്രൽ എംഎംഐ ടച്ച് ഡിസ്പ്ലേയും സംയോജിപ്പിച്ച ഡിജിറ്റൽ സ്റ്റേജ് സംവിധാനമാണ് അകത്തളത്തിലുള്ളത്. ഡ്രൈവിങ് വിവരങ്ങൾ നേരിട്ട് ഡ്രൈവറുടെ കാഴ്ചയിലേക്ക് എത്തിക്കുന്ന ഹെഡ്-അപ്പ് ഡിസ്പ്ലേയും നൽകിയിട്ടുണ്ട്.ഗിയർ സെലക്ടർ, ലൈറ്റിങ് നിയന്ത്രണങ്ങൾ എന്നിവ സ്റ്റിയറിങ്ങിന് പിന്നിലെ ലിവറുകളിലേക്ക് മാറ്റിയതോടെ സെന്റർ കൺസോളിൽ കൂടുതൽ സ്ഥലം ലഭിക്കുന്നു. 12 സ്പീക്കറുകളും 420 വാട്ട് ഔട്ട്പുട്ടുമുള്ള സോനോസ് പ്രീമിയം സൗണ്ട് സിസ്റ്റം, 30 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ് എന്നിവയും വാഹനത്തിലുണ്ട്. ടാമറിൻഡ് ബ്രൗൺ, പെർഗമെന്റ് ബീജ് എന്നീ രണ്ട് ഇന്റീരിയർ നിറങ്ങളിൽ ക്യാബിൻ ലഭ്യമാകും.

സുരക്ഷയ്ക്കും ഉടമസ്ഥതാ സൗകര്യങ്ങൾക്കും പ്രാധാന്യം

സുരക്ഷയുടെ കാര്യത്തിലും നിരവധി ആധുനിക സംവിധാനങ്ങളാണ് പുതിയ ഔഡി ക്യു 3യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒൻപത് എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് എമർജൻസി ബ്രേക്ക് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ ആൻഡ് ഫറ്റീഗ് മോണിറ്റർ, റിവേഴ്സിങ് അസിസ്റ്റ്, പാർക്ക് അസിസ്റ്റ് പ്ലസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 50 മീറ്റർ വരെയുള്ള റിവേഴ്സ് റൂട്ട് മെമ്മറി സംവിധാനവും പ്രത്യേകതയാണ്.
ഉപഭോക്താക്കൾക്ക് ദീർഘകാല ഉടമസ്ഥതാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി 15 വർഷം വരെയുള്ള റോഡ്സൈഡ് അസിസ്റ്റൻസ്, 10 വർഷം വരെയുള്ള സർവീസ് വാല്യൂ പാക്കേജുകൾ, 10 വർഷം വരെ നീട്ടാവുന്ന വാറന്റി എന്നിവയും പിപിഎസ് മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനുപുറമെ ദീർഘകാല ഫിനാൻസ്, ബൈബാക്ക് പദ്ധതികളും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *