2030 മുതൽ പുതിയ കാറുകളിൽ ഓട്ടമാറ്റിക് ബ്രേക്കിങ് നിർബന്ധം; കരട് ചട്ടവുമായി കേന്ദ്രം

2030 ഒക്ടോബർ ഒന്നു മുതൽ നിരത്തിലിറങ്ങുന്ന പുതിയ യാത്രാ കാറുകളിൽ ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ് (എഇബി) സംവിധാനം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച കരട് ചട്ടങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കി. കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിലവിൽ ഉൽപ്പാദനത്തിലുള്ള കാർ മോഡലുകൾക്ക് പുതിയ സുരക്ഷാ സംവിധാനം ഉൾപ്പെടുത്താൻ രണ്ടു വർഷം അധിക സമയം ലഭിക്കും.പുതിയ നിർദേശം നടപ്പാകുന്നതോടെ വിലകൂടിയ കാറുകളിൽ മാത്രം ലഭ്യമായിരുന്ന എഇബി സംവിധാനം ചെറുകാറുകളിലും അടിസ്ഥാന വകഭേദങ്ങളിലും ലഭ്യമാകും.

എന്താണ് എഇബി സംവിധാനം?

വാഹനമോടിക്കുമ്പോൾ മുന്നിലുള്ള റോഡും തടസങ്ങളും നിരീക്ഷിച്ച് അപകടസാധ്യത തിരിച്ചറിഞ്ഞാൽ ഡ്രൈവറുടെ ഇടപെടലില്ലാതെ സ്വയം ബ്രേക്ക് പ്രവർത്തിപ്പിക്കുന്ന സുരക്ഷാ സംവിധാനമാണ് ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ്. വാഹനത്തിന്റെ വേഗതയും സംവിധാനത്തിന്റെ കാര്യക്ഷമതയും അനുസരിച്ച് അപകടം പൂർണമായി ഒഴിവാക്കാനോ ഇടിയുടെ ആഘാതം കുറയ്ക്കാനോ ഇതിലൂടെ സാധിക്കും. എന്നാൽ ഡ്രൈവറുടെ ഉത്തരവാദിത്വത്തിന് പകരമാകുന്ന സംവിധാനമല്ല ഇത്.ക്യാമറകൾ, റഡാറുകൾ, സെൻസറുകൾ, സോഫ്റ്റ്വെയർ എന്നിവയുടെ സഹായത്തോടെയാണ് എഇബി പ്രവർത്തിക്കുന്നത്. ഇവയുടെ നിലവാരവും കാര്യക്ഷമതയുമാണ് സംവിധാനത്തിന്റെ കൃത്യതയും ചെലവും നിർണയിക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്തമായ റോഡ് സാഹചര്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യയിൽ മാറ്റങ്ങൾ വരുത്തേണ്ടതും വാഹന നിർമാതാക്കൾക്ക് വെല്ലുവിളിയാകും. സംവിധാനത്തിന്റെ പ്രവർത്തനം കൃത്യമായി ക്രമീകരിച്ചില്ലെങ്കിൽ അപ്രതീക്ഷിതമായി ബ്രേക്ക് പ്രവർത്തിക്കുകയും പിന്നിലുള്ള വാഹനങ്ങൾ ഇടിച്ചുകയറാനുള്ള സാധ്യത വർധിക്കുകയും ചെയ്യാം.

അഡാസ് സുരക്ഷാ സംവിധാനത്തിന്റെ ഭാഗം

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) എന്ന സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് വാഹന നിർമാതാക്കൾ നിലവിൽ എഇബി അവതരിപ്പിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിങ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് വാണിങ്, ഓട്ടമാറ്റിക് ലെയ്ൻ ചേഞ്ച് തുടങ്ങിയവയും അഡാസിൽ ഉൾപ്പെടുന്ന ഫീച്ചറുകളാണ്. എന്നാൽ അഡാസ് സംവിധാനങ്ങൾ പൂർണമായും നിർബന്ധമാക്കുന്ന നിർദേശം കേന്ദ്രം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.നിലവിൽ പ്രീമിയം കാറുകളിലാണ് എഇബി പ്രധാനമായും ലഭ്യമാകുന്നത്. ഉയർന്ന വകഭേദങ്ങളിലോ സമ്പൂർണ അഡാസ് പാക്കേജിന്റെ ഭാഗമായോ ആണ് ഇത് നൽകുന്നത്. കുറഞ്ഞ വിലയുള്ള അടിസ്ഥാന മോഡലുകളിൽ എയർബാഗ്, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്സി) തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ലഭിക്കുമെങ്കിലും ഓട്ടമാറ്റിക് ബ്രേക്കിങ് സാധാരണയായി ഉണ്ടാകാറില്ല.

പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ എഇബി സംവിധാനം കൂടുതൽ വിലക്കുറവുള്ള കാറുകളിലേക്കും എത്തും. എന്നാൽ ക്യാമറകൾ, സെൻസറുകൾ, വയറിങ്, നിയന്ത്രണ സംവിധാനങ്ങൾ, സോഫ്റ്റ്വെയർ, സുരക്ഷാ പരിശോധനകൾ എന്നിവയ്ക്കെല്ലാം അധിക ചെലവുണ്ടാകും. കുറഞ്ഞ ലാഭവിഹിതത്തിൽ വിൽക്കുന്ന ബജറ്റ് കാറുകളുടെ നിർമാണച്ചെലവ് വർധിക്കാനും സാധ്യതയുണ്ട്. ചെലവ് നിയന്ത്രിക്കുന്നതിനായി ഒന്നിലധികം മോഡലുകളിൽ ഒരേ സാങ്കേതികവിദ്യ ഉപയോഗിക്കാനോ വിവിധ വാഹന നിർമാതാക്കൾ സംവിധാനങ്ങൾ പങ്കുവയ്ക്കാനോ സാധ്യതയുണ്ട്.ഫോർവേഡ് കൊളീഷൻ വാണിങ് സംവിധാനം അപകടസാധ്യതയെക്കുറിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ എഇബി അപകടസാധ്യത തിരിച്ചറിഞ്ഞാൽ സ്വയം ബ്രേക്ക് പ്രവർത്തിപ്പിക്കും. ഓരോ വാഹന മോഡലിലും ഈ സംവിധാനം പ്രവർത്തിക്കുന്ന വേഗപരിധിയും തിരിച്ചറിയാൻ കഴിയുന്ന തടസങ്ങളും വ്യത്യസ്തമായിരിക്കാം.

നിലവിലെ മോഡലുകൾക്ക് 2032 വരെ സമയം

പുതിയ മോഡലുകൾക്ക് 2030 ഒക്ടോബർ ഒന്നുമുതൽ എഇബി നിർബന്ധമാക്കാനാണ് കരട് ചട്ടത്തിലെ നിർദേശം. നിലവിൽ ഉൽപ്പാദനത്തിലുള്ള മോഡലുകൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ രണ്ടു വർഷം അധിക സമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2032 ഒക്ടോബർ മുതൽ എല്ലാ പുതിയ കാറുകളിലും ഈ സംവിധാനം നിർബന്ധമാകും.എന്നാൽ 2030ന് മുമ്പ് വിൽക്കുകയോ സ്വന്തമാക്കുകയോ ചെയ്ത വാഹനങ്ങൾക്ക് എഇബി നിർബന്ധമല്ല. ഈ സംവിധാനം ഇല്ലെന്ന കാരണത്താൽ നിലവിലുള്ള കാറുകൾ പൊളിച്ചുനീക്കണമെന്നും നിർദേശമില്ല.

Leave a Reply

Your email address will not be published. Required fields are marked *