ബെവ്കോയിലെ തിരക്ക് കുറയ്ക്കാൻ വെൻഡിങ് മെഷീൻ വഴി മദ്യം; പരീക്ഷണം കൊച്ചിയിൽ

ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് വെൻഡിങ് മെഷീൻ സംവിധാനം അവതരിപ്പിക്കാൻ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റിൽ സംവിധാനം നടപ്പാക്കാനാണ് ആലോചന.പരീക്ഷണം വിജയകരമായാൽ പിന്നീട് മറ്റ് പ്രീമിയം ഔട്ട്ലെറ്റുകളിലേക്കും സംവിധാനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് റിപ്പോർട്ട്.

ബാങ്കുകളുടെ സഹകരണത്തോടെയാകും വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക. വിവിധ ബ്രാൻഡുകളിലുള്ള കുപ്പികൾ മെഷീനിൽ തന്നെ സൂക്ഷിക്കും. ഉപഭോക്താക്കൾക്ക് ടച്ച്സ്ക്രീൻ വഴി ആവശ്യമുള്ള ഉൽപ്പന്നം തിരഞ്ഞെടുക്കാം. തുടർന്ന് കാർഡ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് പണം അടയ്ക്കാം.
പണമടച്ച ശേഷം കുപ്പി മെഷീനിൽനിന്ന് നേരിട്ട് ലഭിക്കുന്ന രീതിയാണ് പരിഗണിക്കുന്നത്. ഇടപാടിന്റെ ബില്ലും മെഷീനിൽനിന്ന് ലഭിക്കും.അതേസമയം, മറ്റൊരു രീതിയും പരിഗണനയിലുണ്ട്. വെൻഡിങ് മെഷീനിൽ ഉൽപ്പന്നം തിരഞ്ഞെടുത്ത് ഡിജിറ്റൽ പേയ്മെന്റ് പൂർത്തിയാക്കിയ ശേഷം കൗണ്ടറിൽനിന്ന് മദ്യം കൈമാറുന്ന സംവിധാനവും പരീക്ഷിക്കാനാണ് ആലോചന.

പുതിയ സംവിധാനം നിലവിൽ വന്നാൽ ഔട്ട്ലെറ്റുകളിലെ ക്യൂ കുറയ്ക്കുന്നതിനൊപ്പം വിൽപ്പന നടപടികൾ കൂടുതൽ വേഗത്തിലാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *