ടാറ്റയുടെ പുതിയ കോംപാക്ട് സെഡാൻ ‘ഏരിസ്’ വിപണിയിൽ; വില ₹5.29 ലക്ഷം മുതൽ

ഇന്ത്യൻ വാഹന വിപണിയിൽ പുതിയ കോംപാക്ട് സെഡാൻ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ‘ഏരിസ്’ എന്ന പേരിൽ എത്തിയ മോഡലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 5.29 ലക്ഷം രൂപയാണ്. നിലവിലെ ടിഗോറിന്റെ സമഗ്രമായി പരിഷ്കരിച്ച പതിപ്പായാണ് പുതിയ മോഡൽ എത്തുന്നത്.അഞ്ച് പ്രധാന വേരിയന്റുകളിൽ ലഭ്യമാകുന്ന ഏരിസിന് പെട്രോൾ മാനുവൽ, പെട്രോൾ എഎംടി, സിഎൻജി മാനുവൽ, സിഎൻജി എഎംടി എന്നിങ്ങനെ നാല് ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളുണ്ട്.പെട്രോൾ മാനുവൽ പതിപ്പിന് 5.29 ലക്ഷം മുതൽ 8.19 ലക്ഷം രൂപ വരെയാണ് വില. പെട്രോൾ എഎംടി മോഡലിന് 6.69 ലക്ഷം മുതൽ 8.74 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. സിഎൻജി മാനുവൽ പതിപ്പിന് 6.29 ലക്ഷം മുതൽ 9.19 ലക്ഷം രൂപ വരെയും സിഎൻജി എഎംടി മോഡലിന് 7.69 ലക്ഷം മുതൽ 9.74 ലക്ഷം രൂപ വരെയുമാണ് വില.

പ്രീമിയം ഡിസൈനും ആധുനിക ഫീച്ചറുകളും

‘കോൺഫിഡന്റ് + ബോൾഡ്’ ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് ഏരിസിന്റെ രൂപകൽപ്പന. പെട്രോൾ, ഇലക്ട്രിക് മോഡലുകൾക്ക് ഉപയോഗിക്കാവുന്ന ടാറ്റയുടെ പുതിയ ‘എക്സ്-ആൽഫ’ ആർക്കിടെക്ചറിലാണ് വാഹനത്തിന്റെ ഷാസി ഒരുക്കിയിരിക്കുന്നത്.ഷാർപ്പ് ബോണറ്റ് ലൈനുകൾ, സിഗ്നേച്ചർ എൽഇഡി ഡിആർഎൽ, പുതിയ ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ എന്നിവ വാഹനത്തിന് വ്യത്യസ്തമായ രൂപഭാവം നൽകുന്നു. മികച്ച ബോഡി സ്ട്രക്ചർ, സുഖകരമായ റൈഡ്, വിശാലമായ ക്യാബിൻ സ്പേസ് എന്നിവയും പ്രധാന സവിശേഷതകളാണ്.

അകത്തളത്തിലും നിരവധി ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ, ഇൻബിൽറ്റ് ഡാഷ്ക്യാം, വയർലെസ് സ്മാർട്ട്ഫോൺ ചാർജിങ്, കണക്റ്റഡ് കാർ ടെലിമാറ്റിക്സ് എന്നിവ ലഭ്യമാണ്.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, റിയർ എസി വെന്റുകൾ, ഡ്രൈവർ ആംറെസ്റ്റ് തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ട്.

എൻജിനും പ്രകടനവും

1.2 ലീറ്റർ പെട്രോൾ എൻജിൻ 86 പിഎസ് കരുത്തും 113 എൻഎം ടോർക്കും നൽകുന്നു. സിഎൻജി പതിപ്പിൽ പരമാവധി 75.5 പിഎസ് കരുത്തും 96.5 എൻഎം ടോർക്കും ലഭിക്കും.പെട്രോൾ, സിഎൻജി പതിപ്പുകളിൽ മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകൾ കമ്പനി ഒരുക്കിയിട്ടുണ്ട്. വാഹനത്തിന് 170 എംഎം ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കും. പെട്രോൾ മോഡലിൽ 419 ലീറ്റർ ബൂട്ട് സ്പേസും സിഎൻജി പതിപ്പിൽ 70 ലീറ്റർ ബൂട്ട് സ്പേസുമാണുള്ളത്.

സുരക്ഷയ്ക്കും പ്രാധാന്യം

സുരക്ഷയ്ക്കായി ബേസ് വേരിയന്റിൽ നിന്നുതന്നെ എയർബാഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈ-ബീം അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്ററിങ്, പോസ്റ്റ്-ക്രാഷ് പാനിക് അലേർട്ട്, ഹിൽ കൺട്രോൾ അസിസ്റ്റ്, കോർണറിങ് സ്റ്റെബിലിറ്റി കൺട്രോൾ, ഓൾ-റൗണ്ട് ഇംപാക്ട് ബോഡി പ്രൊട്ടക്ഷൻ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.പരിസ്ഥിതി സൗഹൃദ നിർമാണത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. എ, സി പില്ലർ അപ്പർ ട്രിമ്മുകളിൽ 25 ശതമാനം റീസൈക്കിൾഡ് മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. വീൽ ആർക്ക് ലൈനറുകളിലും ലോവർ ലെഗ് സ്റ്റിഫ്നറുകളിലും റീസൈക്കിൾ ചെയ്ത ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബുക്കിങ് ആരംഭിച്ചു

പുതിയ ഏരിസിനായുള്ള ബുക്കിങ് ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പുകൾ വഴിയും ഓൺലൈനായും ആരംഭിച്ചതായി കമ്പനി അറിയിച്ചു. പുതിയ മോഡലിന്റെ ഡെലിവറി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പിന്നീട് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *