ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ ഘടനയിൽ നിർണായക മാറ്റവുമായി ഗതാഗത വകുപ്പ്. ലൈസൻസ് ലഭിക്കുന്നതിന് ഇനി പുതിയൊരു പരീക്ഷ കൂടി പാസാകണം. റോഡിലെ അപകടസാധ്യതകളും തടസ്സങ്ങളും മുൻകൂട്ടി തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്ന ‘ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ്’ ഡിസംബർ 1 മുതൽ നിലവിൽ വരും. രാജ്യത്ത് ആദ്യമായി ഈ പരീക്ഷാ രീതി കേരളത്തിലാണ് നടപ്പാക്കുന്നത്.
റോഡിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും തടസ്സങ്ങളും കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതികരണം നടത്താനുള്ള ഡ്രൈവറുടെ കഴിവാണ് പുതിയ പരീക്ഷയിലൂടെ പരിശോധിക്കുന്നത്. 100 മാർക്കിന്റെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും ഇത്.ലേണേഴ്സ് ലൈസൻസ് ലഭിച്ച് 30 ദിവസത്തിന് ശേഷമായിരിക്കും ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുക. ഈ പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ തുടർന്ന് ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
10 വീഡിയോ ക്ലിപ്പുകൾ; ഓരോന്നിനും 10 മാർക്ക്
ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകളാണ് പരീക്ഷയിലുണ്ടാകുക. ഓരോ ക്ലിപ്പിനും പരമാവധി 10 മാർക്ക് വീതം ലഭിക്കും.കംപ്യൂട്ടർ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന വീഡിയോ ശ്രദ്ധിച്ച് കാണുകയും, റോഡിൽ അപകടസാധ്യതയുള്ള സാഹചര്യം തിരിച്ചറിയുന്ന നിമിഷത്തിൽ മൗസ് ക്ലിക്ക് ചെയ്യുകയുമാണ് പരീക്ഷാ രീതി.
ഓരോ വീഡിയോ ക്ലിപ്പിലും റോഡിലെ രണ്ട് പ്രധാന തടസ്സങ്ങളോ അപകടസാധ്യതകളോ ഉണ്ടാകും. ഇവ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിനനുസരിച്ചായിരിക്കും മാർക്ക് ലഭിക്കുക.
അപകടസാധ്യത കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ 10 മാർക്ക് വരെ ലഭിക്കും. പ്രതികരണം വൈകുന്നതിനനുസരിച്ച് മാർക്ക് കുറയും. ആകെ 100ൽ കുറഞ്ഞത് 60 മാർക്ക് നേടിയാൽ മാത്രമേ പരീക്ഷയിൽ വിജയിക്കാനാകൂ.
60 ശതമാനം നേടിയാൽ മാത്രം അടുത്ത ഘട്ടത്തിലേക്ക്
ഹസാഡ് പെർസെപ്ഷൻ ടെസ്റ്റിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടുന്നവർക്ക് മാത്രമേ തുടർന്നുള്ള ഡ്രൈവിങ് ടെസ്റ്റുകളിൽ പങ്കെടുക്കാൻ അനുമതി ലഭിക്കൂ.പുതിയ പരീക്ഷാ സംവിധാനത്തിനുള്ള മുന്നൊരുക്കങ്ങൾ ഒക്ടോബർ 1 മുതൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കണമെന്ന് ഗതാഗത കമ്മിഷണർ സി. നാഗരാജു നിർദേശിച്ചിട്ടുണ്ട്.ഓപ്പൺ സോഴ്സ് ടൂളുകളുടെ സഹായത്തോടെ അപേക്ഷകർക്ക് മൂന്ന് മാസം പരിശീലനം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ പുതിയ പരീക്ഷാ രീതിയുമായി പഠിതാക്കൾക്ക് നേരത്തെ പരിചയപ്പെടാൻ സാധിക്കും.
യുകെയും ഓസ്ട്രേലിയയും മാതൃക
യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുള്ള ഹസാഡ് പെർസെപ്ഷൻ ടെസ്റ്റിന്റെ മാതൃക പിന്തുടർന്നാണ് കേരളത്തിലും പുതിയ പരീക്ഷാ രീതി നടപ്പാക്കുന്നത്.ഡ്രൈവിങ്ങിനിടെ അപകടസാധ്യത മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവ് സുരക്ഷിതമായ ഡ്രൈവിങിന്റെ പ്രധാന ഘടകമാണെന്നാണ് വിലയിരുത്തൽ. ഡ്രൈവർമാരുടെ അശ്രദ്ധയും അപകടസാധ്യതകൾ കൃത്യമായി വിലയിരുത്തുന്നതിലെ പിഴവുകളും റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ, വാഹനം ഓടിക്കാനുള്ള പ്രായോഗിക കഴിവിനൊപ്പം അപകടസാധ്യത തിരിച്ചറിയാനും സമയബന്ധിതമായി പ്രതികരിക്കാനുമുള്ള ഡ്രൈവറുടെ മാനസിക ജാഗ്രതയും പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈസൻസ് പരീക്ഷയിൽ പുതിയ ഘട്ടം കൂടി ഉൾപ്പെടുത്തുന്നത്.
ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷ ഇനി വാഹനം നിയന്ത്രിക്കാനുള്ള കഴിവ് മാത്രം പരിശോധിക്കുന്നതാകില്ല. റോഡിലെ അപകടം സംഭവിക്കുന്നതിന് മുമ്പ് അത് തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവും നിർണായകമാകും.
