കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാൽ പുതിയ സേവനങ്ങളിലേക്കും പദ്ധതികളിലേക്കും ചുവടുവയ്ക്കുന്നു. സിയാൽ എയ്സസ് (Aviation Consultancy and Expert Services), പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന ബ്രിജ് മൗണ്ട് എക്യുപ്മെന്റ് സർവീസ് (BME) എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.പാർക്ക് ചെയ്തിരിക്കുന്ന എല്ലാ വിമാനങ്ങൾക്കും സൗജന്യമായി BME സേവനം നൽകാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സൗജന്യ സേവനം നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവള നിർമാണ ആസൂത്രണം, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിങ്, കൊമേഴ്സ്യൽ മേഖലകൾ എന്നിവയിൽ സിയാൽ കൺസൽട്ടൻസി സേവനങ്ങൾ നൽകും. ഇതിന്റെ ഭാഗമായി ബംഗാളിലെ ദുർഗാപുര് വിമാനത്താവളത്തിലെ പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്നതാണ് സിയാൽ എയ്സസിന്റെ ആദ്യ പദ്ധതി.സിയാൽ നേടിയ അനുഭവസമ്പത്ത് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക് ഹബ്ബാക്കി വികസിപ്പിക്കുക, ഗ്ലോബൽ കൺവെൻഷൻ സെന്റർ നിർമിക്കുക, വരുമാന സാധ്യതകൾ വർധിപ്പിക്കുക, നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ യാത്രാനുഭവം മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികൾക്കും തുടക്കമിടുമെന്ന് അദ്ദേഹം അറിയിച്ചു.മന്ത്രിയും സിയാൽ ഡയറക്ടറുമായ റോജി എം. ജോൺ, സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി കെ. രാജീവ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സജി ഡാനിയേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഓഹരി ഉടമകൾക്ക് 55% ലാഭവിഹിതം
സിയാലിന്റെ ഓഹരി ഉടമകൾക്ക് 55 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡിന്റെ ശുപാർശ വാർഷിക പൊതുയോഗം അംഗീകരിച്ചു.2025–26 സാമ്പത്തിക വർഷത്തിൽ സിയാൽ 1,220 കോടി രൂപയുടെ മൊത്തം വരുമാനവും 502 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം വിമാനത്താവളം വഴി 73,134 വിമാന സർവീസുകളും 1.14 കോടി യാത്രക്കാരെയും കൈകാര്യം ചെയ്തതായും കമ്പനി അറിയിച്ചു.

