പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിൽ; വില 1.77 കോടി മുതൽ

ഇലക്ട്രിക് കരുത്തിൽ പാഞ്ഞെത്തി പോർഷെ കയേൻ! പോർഷെയുടെ ജനപ്രിയ എസ്യുവിയായ കയേനിന്റെ പുതിയ ഇലക്ട്രിക് പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.77 കോടി രൂപ മുതലാണ് എക്സ്ഷോറൂം വില.ഇന്ത്യയിൽ കയേൻ ഇലക്ട്രിക് രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. 113kWh ബാറ്ററിയുള്ള അടിസ്ഥാന മോഡൽ 408 എച്ച്പി കരുത്തും 750 എൻഎം ടോർക്കും നൽകും. ലോഞ്ച് കൺട്രോൾ ഉപയോഗിക്കുമ്പോൾ ഇത് 442 എച്ച്പിയും 835 എൻഎം ടോർക്കുമായി ഉയരും. 0–100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.8 സെക്കൻഡ് മാത്രം മതി. പരമാവധി വേഗം 230 കിലോമീറ്റർ.

കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി കയേൻ ടർബോ ഇലക്ട്രിക് എത്തുന്നു. 857 എച്ച്പിയും 1,360 എൻഎം ടോർക്കുമാണ് കരുത്ത്. ലോഞ്ച് കൺട്രോളിനൊപ്പം ഇത് 1,156 എച്ച്പിയും 1,500 എൻഎം ടോർക്കുമായി ഉയരും. വെറും 2.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. ടോപ് സ്പീഡ് 260 കിലോമീറ്റർ. വില 2.28 കോടി രൂപ.

പെട്രോൾ കയേനും തുടരും

ഇലക്ട്രിക് കയേൻ എത്തിയെങ്കിലും പെട്രോൾ പതിപ്പിന് വിടപറയുന്നില്ലെന്ന് പോർഷെ വ്യക്തമാക്കി. അടുത്ത ദശകത്തിലും പെട്രോൾ മോഡലുകളുടെ വിൽപന തുടരും. അതായത്, ഇന്ത്യയിൽ ഇലക്ട്രിക്, പെട്രോൾ പതിപ്പുകൾ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് പോർഷെയുടെ തീരുമാനം.പുതിയ കയേൻ ഇലക്ട്രിക്കിലൂടെ പെർഫോമൻസും ദൈനംദിന ഉപയോഗക്ഷമതയും ഒരുമിച്ച് നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം. പോർഷെയുടെ ഡ്രൈവിങ് അനുഭവവും പെർഫോമൻസ് ഡിഎൻഎയും നിലനിർത്തിയാണ് പുതിയ ഇലക്ട്രിക് എസ്യുവിയുടെ വരവ്.

Leave a Reply

Your email address will not be published. Required fields are marked *