കേരളത്തിന് പുറത്തേക്ക് കിറ്റെക്സിന്റെ വൻ വികസന നീക്കം. സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള കിറ്റെക്സ് ഗാർമെന്റ്സ് ആന്ധ്രപ്രദേശിൽ 2,000 ഏക്കറിൽ വൻ ടെക്സ്റ്റൈൽ പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നു. പദ്ധതിയിലൂടെ ഏകദേശം 2 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ 95 ശതമാനവും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള വനിതകൾക്കായിരിക്കും.ഏകദേശം 10,000 കോടി രൂപയുടെ കേന്ദ്ര ഫണ്ടിങ്ങുള്ള പദ്ധതിയുടെ ഭാഗമായാണ് ടെക്സ്റ്റൈൽ പാർക്ക് ഒരുക്കുന്നത്. ആന്ധ്ര സർക്കാർ നൽകുന്ന സ്ഥലത്ത് പാർക്കിന്റെ രൂപകൽപന, നിർമാണം, അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപകരെ എത്തിക്കൽ തുടങ്ങിയ ചുമതലകൾ കിറ്റെക്സ് ഏറ്റെടുക്കും.
ആന്ധ്രയുടെ കോട്ടണിൽ നിന്ന് വസ്ത്രനിർമാണത്തിലേക്ക്
രാജ്യത്ത് ഏറ്റവും കൂടുതൽ കോട്ടൺ ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ആന്ധ്രയിൽനിന്നുള്ള അസംസ്കൃത പരുത്തി കൂടുതലും മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. കോട്ടൺ ഉൽപാദനത്തിനൊപ്പം വസ്ത്രനിർമാണവും സംസ്ഥാനത്ത് തന്നെ വളർത്തുകയാണ് ആന്ധ്ര സർക്കാരിന്റെ ലക്ഷ്യം.
തെലങ്കാനയിലെ വാറങ്കലിൽ കിറ്റെക്സ് വിജയകരമായി നടത്തുന്ന വസ്ത്രനിർമാണ ഫാക്ടറിയാണ് ആന്ധ്രയുടെ ശ്രദ്ധ കിറ്റെക്സിലേക്ക് തിരിയാൻ പ്രധാന കാരണം.ആന്ധ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രി നാരാ ലോകേഷ്, വ്യവസായ മന്ത്രി ടി.ജി. ഭരത്, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ കിറ്റെക്സ് എംഡി സാബു എം. ജേക്കബുമായി കൂടിക്കാഴ്ച നടത്തി പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.
2 ലക്ഷം തൊഴിൽ; വൻ നിക്ഷേപം പ്രതീക്ഷ
2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഏകദേശം 50,000 കോടി രൂപയുടെ നിക്ഷേപം ആവശ്യമായി വരുമെന്നാണ് സാബു എം. ജേക്കബ് വ്യക്തമാക്കിയത്.നിലവിൽ തെലങ്കാനയിലെ വാറങ്കലിലാണ് കിറ്റെക്സിന്റെ പ്രധാന ഫാക്ടറി. ഹൈദരാബാദിലും പുതിയ ഫാക്ടറിയുടെ നിർമാണം പുരോഗമിക്കുകയാണ്.
ആന്ധ്രയിലെ ഉദ്യോഗസ്ഥരും തെലുങ്കുദേശം പാർട്ടി നേതാക്കളും കിറ്റെക്സിന്റെ ഫാക്ടറികൾ സന്ദർശിക്കാനും പദ്ധതിയുണ്ട്.ആന്ധ്രയിലെ പദ്ധതിക്കൊപ്പം കിഴക്കമ്പലത്തെ മാതൃകയിൽ 50 ശതമാനം വരെ വിലക്കുറവുള്ള ഭക്ഷ്യസുരക്ഷാ വിപണി സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്.കഴിഞ്ഞ ഏതാനും മാസങ്ങളായി ആന്ധ്ര സർക്കാർ കിറ്റെക്സുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ആഗോള വ്യാപാര സാഹചര്യങ്ങളും അമേരിക്കൻ താരിഫ് നയങ്ങളും ഉൾപ്പെടെയുള്ള കാരണങ്ങളാൽ പുതിയ നിക്ഷേപ പദ്ധതികളിൽ കിറ്റെക്സ് തൽക്കാലം ജാഗ്രത പുലർത്തിയിരുന്നു.

