ഒൻപത് മാസത്തെ ചർച്ചകൾക്കൊടുവിൽ റെക്കോർഡ് വേഗത്തിൽ യാഥാർഥ്യമായ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ (FTA) ഒക്ടോബർ 20 മുതൽ പ്രാബല്യത്തിൽ വരും. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ന്യൂസീലൻഡ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വലിയ തോതിൽ തീരുവയിളവ് ലഭിക്കും. ചെറുകിട വ്യവസായങ്ങൾ, കയറ്റുമതിക്കാർ, സേവനമേഖല, തൊഴിലന്വേഷകർ, വിദ്യാർഥികൾ തുടങ്ങിയവർക്കും കരാർ പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ.അഞ്ചു വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവിലെ ഏകദേശം 2.4 ബില്യൺ ഡോളറിൽ നിന്ന് 5 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യം. വ്യാപാരത്തിനപ്പുറം നിക്ഷേപം, തൊഴിൽ, വിദ്യാഭ്യാസം, കൃഷി, സേവനങ്ങൾ തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതാണ് കരാറിന്റെ ലക്ഷ്യം.
എല്ലാ ഇന്ത്യൻ ഉൽപന്നങ്ങൾക്കും തീരുവയിളവ്
2026 ഏപ്രിൽ 27ന് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും ന്യൂസീലൻഡ് വാണിജ്യ–നിക്ഷേപ മന്ത്രി ടോഡ് മക്ക്ലേയും കരാറിൽ ഒപ്പുവച്ചത്. സെപ്റ്റംബർ 16ന് ന്യൂസീലൻഡ് പാർലമെന്റും കരാറിന് അംഗീകാരം നൽകി. ഒക്ടോബർ 20 മുതൽ കരാർ പ്രാബല്യത്തിൽ വരും.കരാർ പ്രകാരം ഇന്ത്യയിൽനിന്ന് ന്യൂസീലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന 8,284 ഇനം ഉൽപന്നങ്ങൾക്കും തീരുവയിളവ് ലഭിക്കും. നിലവിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ന്യൂസീലൻഡ് ശരാശരി 2.2 ശതമാനം തീരുവയാണ് ചുമത്തുന്നത്. തുണിത്തരങ്ങൾ, സെറാമിക്സ്, ഓട്ടോമൊബീൽ ഉൾപ്പെടെ ചില ഉൽപന്നങ്ങൾക്ക് ഏകദേശം 10 ശതമാനം വരെ തീരുവയുണ്ട്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഈ തീരുവകൾ ഒഴിവാകും.
ന്യൂസീലൻഡ് ഉൽപന്നങ്ങൾക്കും ഇളവ്
ന്യൂസീലൻഡിൽനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ഉൽപന്നങ്ങളിലും ഘട്ടംഘട്ടമായി തീരുവ കുറയ്ക്കും. മൊത്തം ഇറക്കുമതി മൂല്യത്തിന്റെ ഏകദേശം 95 ശതമാനം വരുന്ന ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യ ദിവസം തന്നെ ന്യൂസീലൻഡിൽനിന്നുള്ള ഏകദേശം 30 ശതമാനം ഉൽപന്നങ്ങൾക്ക് പൂർണ തീരുവയിളവ് ലഭിക്കും. മരത്തടി, കമ്പിളി, ചെമ്മരിയാടിന്റെ മാംസം, ലെതർ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.നിലവിൽ ന്യൂസീലൻഡ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി 16.2 ശതമാനം തീരുവ ഘട്ടംഘട്ടമായി 9.06 ശതമാനമായി കുറയും. പെട്രോളിയം ഓയിൽ, സസ്യ എണ്ണകൾ, ചില ഇലക്ട്രിക്കൽ–മെക്കാനിക്കൽ മെഷിനറികൾ തുടങ്ങിയവയുടെ തീരുവ 3, 5, 7, 10 വർഷം കൊണ്ട് ഘട്ടംഘട്ടമായി കുറച്ച് പൂർണമായി ഒഴിവാക്കും.അതേസമയം വൈൻ, മരുന്നുകൾ, പോളിമറുകൾ, ഇരുമ്പ്, സ്റ്റീൽ, അലുമിനിയം തുടങ്ങിയ ചില ഉൽപന്നങ്ങൾക്ക് പൂർണ തീരുവയിളവ് നൽകില്ല. ഇവയ്ക്ക് തീരുവ നിരക്കിൽ ഗണ്യമായ കുറവാണ് വരുത്തുക.ആപ്പിൾ, കിവി, മിൽക്ക് ആൽബുമിൻ തുടങ്ങിയ ഉൽപന്നങ്ങൾക്ക് നിശ്ചിത അളവിൽ മാത്രം കുറഞ്ഞ തീരുവയിൽ ഇറക്കുമതി അനുവദിക്കും. നിശ്ചിത പരിധി കഴിഞ്ഞാൽ നിലവിലുള്ള ഉയർന്ന തീരുവ ബാധകമാകും.
കർഷകരുടെ താൽപര്യം സംരക്ഷിക്കാൻ നിയന്ത്രണങ്ങൾ
ഇന്ത്യയിലെ കർഷകരെയും ആഭ്യന്തര ഉൽപാദകരെയും സംരക്ഷിക്കുന്നതിനായി ചില മേഖലകളെ തീരുവയിളവിൽനിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.ക്ഷീര ഉൽപന്നങ്ങൾ, സവാള, പഞ്ചസാര, കടല, പയർവർഗങ്ങൾ, ചോളം, ബദാം, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണ, റബർ, അരി തുടങ്ങിയ പ്രധാന കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യ തീരുവയിളവ് നൽകിയിട്ടില്ല. ആട്ടിറച്ചി ഒഴികെയുള്ള വിവിധ മാംസ ഉൽപന്നങ്ങൾക്കും സംരക്ഷണം തുടരും.കൃത്രിമ തേൻ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്പ്, ചെമ്പ് ഉൽപന്നങ്ങൾ, അലുമിനിയം തുടങ്ങിയ ചില ഉൽപന്നങ്ങളും ഇളവുകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ
നിക്ഷേപം: അടുത്ത 15 വർഷത്തിനിടെ ന്യൂസീലൻഡിൽനിന്ന് ഇന്ത്യയിലേക്ക് ഏകദേശം 2,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ലക്ഷ്യമിടുന്നു.
തൊഴിൽ വീസ: പ്രതിവർഷം 1,667 ഇന്ത്യക്കാർക്ക് മൂന്ന് വർഷത്തെ താൽക്കാലിക തൊഴിൽ വീസ ലഭിക്കും. ഇതിൽ 1,446 വീസകൾ മെഡിക്കൽ, എൻജിനീയറിങ്, നിർമാണം തുടങ്ങിയ 13 വിദഗ്ധ മേഖലകൾക്കായി മാറ്റിവച്ചിട്ടുണ്ട്. യോഗാ അധ്യാപകർ, സംഗീതജ്ഞർ, ഷെഫുമാർ, ആയുർവേദ പ്രാക്ടീഷണർമാർ തുടങ്ങിയവർക്കും പ്രത്യേക അവസരങ്ങളുണ്ട്.
വിദ്യാർഥികൾക്ക് ജോലി: ന്യൂസീലൻഡിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ആഴ്ചയിൽ 20 മുതൽ 25 മണിക്കൂർ വരെ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും.
സേവനമേഖല: ഐടി, പ്രൊഫഷണൽ സേവനങ്ങൾ, സിനിമ–ഓഡിയോവിഷ്വൽ മേഖല, നിർമാണം, ടൂറിസം തുടങ്ങിയ 118-ലേറെ സേവന മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് ന്യൂസീലൻഡ് വിപണിയിലേക്ക് പ്രവേശനം ലഭിക്കും.
പഠനത്തിനു ശേഷമുള്ള തൊഴിൽ: ന്യൂസീലൻഡിൽ ബിരുദം പൂർത്തിയാക്കിയവർക്ക് രണ്ട് വർഷവും പിഎച്ച്ഡി നേടിയവർക്ക് നാല് വർഷവും അവിടെ ജോലി ചെയ്യാം. STEM മേഖലകളിലെ ബിരുദധാരികൾക്ക് മൂന്ന് വർഷം വരെ അവസരം ലഭിക്കും.
വർക് ആൻഡ് ഹോളിഡേ വീസ: ഇന്ത്യക്കാർക്ക് പ്രതിവർഷം 1,000 ‘വർക് ആൻഡ് ഹോളിഡേ’ വീസകളും അനുവദിക്കും.
കൃഷി: കിവി, ആപ്പിൾ, തേൻ തുടങ്ങിയവയുടെ ഉൽപാദനത്തിൽ ഇന്ത്യൻ കർഷകർക്ക് സാങ്കേതിക വൈദഗ്ധ്യം നൽകുന്നതിനായി ന്യൂസീലൻഡ് അഗ്രി–ടെക്നോളജി ആക്ഷൻ പ്ലാൻ നടപ്പാക്കും. വിളപരിപാലനം, വിളവെടുപ്പിനു ശേഷമുള്ള രീതികൾ, വിതരണ ശൃംഖല, ഭക്ഷ്യസുരക്ഷ, സുസ്ഥിര തേനീച്ച വളർത്തൽ തുടങ്ങിയ മേഖലകളിൽ സഹകരണമുണ്ടാകും.
മരുന്ന് കയറ്റുമതി: യുഎസ് എഫ്ഡിഎ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി (EMA), യുകെ MHRA, ഹെൽത്ത് കാനഡ തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളുടെ അംഗീകാരമുള്ള ഇന്ത്യൻ മരുന്നുകൾക്ക് ന്യൂസീലൻഡിൽ അധിക പരിശോധനകൾ ഒഴിവാക്കുന്ന സംവിധാനം ഇന്ത്യൻ ഫാർമ, മെഡിക്കൽ ഉപകരണ കയറ്റുമതിക്കാർക്ക് ഗുണകരമാകും.
ന്യൂസീലൻഡിനും വിപണി തുറക്കും
കരാറിലൂടെ ന്യൂസീലൻഡ് ഉൽപന്നങ്ങൾക്കും ഇന്ത്യയിൽ കൂടുതൽ വിപണി ലഭിക്കും. ആപ്പിൾ, കിവി, തേൻ തുടങ്ങിയ ഉൽപന്നങ്ങൾ നിശ്ചിത ക്വോട്ട പ്രകാരം കുറഞ്ഞ തീരുവയിൽ ഇന്ത്യയിലെത്തും. ഇന്ത്യൻ കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി ഇതിന് നിയന്ത്രണങ്ങളുണ്ടാകും.വൈൻ, ഫാർമ ഉൽപന്നങ്ങൾ, പോളിമറുകൾ, അലുമിനിയം തുടങ്ങിയവയ്ക്കും തീരുവയിൽ കുറവുണ്ടാകും. ഇതോടെ ന്യൂസീലൻഡ് വൈനിന് ഇന്ത്യൻ വിപണിയിൽ വില കുറയാൻ സാധ്യതയുണ്ട്.ഇന്ത്യയിലേക്ക് ന്യൂസീലൻഡ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന തടി ഉൽപന്നങ്ങളുടെ 95 ശതമാനത്തിനും കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യ ദിവസം തന്നെ തീരുവ ഒഴിവാകും. കടൽവിഭവങ്ങൾക്കും മത്സ്യങ്ങൾക്കും ഏഴ് വർഷത്തിനകം തീരുവ പൂർണമായി ഒഴിവാക്കും. ചെറി, അവക്കാഡോ, ബ്ലൂബെറി തുടങ്ങിയ പഴങ്ങൾക്കും ഘട്ടംഘട്ടമായി തീരുവയിളവ് ലഭിക്കും.
സാധാരണക്കാരന് എന്താണ് പ്രയോജനം?
ഇന്ത്യ–ന്യൂസീലൻഡ് വ്യാപാര കരാറിന്റെ പ്രധാന നേട്ടം കയറ്റുമതിക്കാർക്ക് മാത്രമായി ഒതുങ്ങുന്നതല്ല. കൂടുതൽ വ്യാപാരം, പുതിയ നിക്ഷേപം, തൊഴിൽ അവസരങ്ങൾ, സേവനമേഖലയുടെ വളർച്ച, വിദ്യാർഥികൾക്ക് അധിക ജോലി അവസരങ്ങൾ, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പുതിയ വിപണി എന്നിവയിലൂടെ സമ്പദ്വ്യവസ്ഥയിൽ കൂടുതൽ ചലനമുണ്ടാക്കുകയാണ് കരാറിന്റെ ലക്ഷ്യം.അതേസമയം, കാർഷിക–ക്ഷീര മേഖലകളിലെ ആഭ്യന്തര ഉൽപാദകരെ സംരക്ഷിക്കുന്നതിനായി നിരവധി ഉൽപന്നങ്ങളെ തീരുവയിളവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ഇന്ത്യ–ന്യൂസീലൻഡ് എഫ്ടിഎയുടെ യഥാർഥ പ്രതിഫലം വ്യാപാരം വർധിക്കുന്നതിനൊപ്പം വിവിധ മേഖലകളിൽ അതിന്റെ നേട്ടങ്ങളും വെല്ലുവിളികളും എങ്ങനെ പ്രകടമാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
