മിഡ്-സൈസ് സെഡാനായ സ്കോഡ സ്ലാവിയയുടെ ഫേസ്ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയിലെത്തി. 9.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 2022-ൽ വിപണിയിലെത്തിയ സ്ലാവിയയ്ക്ക് ലഭിക്കുന്ന ആദ്യ മിഡ്-ലൈഫ് അപ്ഡേറ്റാണിത്. ഡിസൈനിലെ പരിഷ്കരണങ്ങൾ, പുതുക്കിയ ക്യാബിൻ, അധിക ഫീച്ചറുകൾ, പുതിയ ഗിയർബോക്സ് ഓപ്ഷൻ എന്നിവയാണ് പുതിയ സ്ലാവിയയുടെ പ്രധാന സവിശേഷതകൾ.
കൂടുതൽ ഷാർപ്പായ ഡിസൈൻ
പഴയ മോഡലിന്റെ അടിസ്ഥാന ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ ഷാർപ്പായ രൂപഭാവത്തിലാണ് പുതിയ സ്ലാവിയ എത്തുന്നത്. സെഗ്മെന്റഡ് ഡിആർഎല്ലുകളോടുകൂടിയ എൽഇഡി ഹെഡ്ലാമ്പുകൾ, ഗ്രില്ലിലെ ക്രോം സ്ട്രിപ്പ്, പുതിയ എൽഇഡി ഫോഗ് ലാമ്പുകൾ, സ്പോർട്ടി ബമ്പർ എന്നിവ മുൻവശത്തിന് കൂടുതൽ ആകർഷകത നൽകുന്നു.വശങ്ങളിൽ പുതിയ 16 ഇഞ്ച് അലോയ് വീലുകളും ക്രോം ഫിനിഷിലുള്ള വിൻഡോ ലൈനുമുണ്ട്. പിൻഭാഗത്ത് സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ സ്കോഡ ബാഡ്ജിംഗ്, പരിഷ്കരിച്ച ബമ്പർ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ആർക്ടിക് സിൽവർ, കപ്പുച്ചിനോ ബീജ് എന്നീ പുതിയ കളർ ഓപ്ഷനുകളും ലഭ്യമാണ്.മോണ്ടെ കാർലോ പതിപ്പിൽ ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ, റെഡ് ആക്സന്റുകൾ, പ്രത്യേക ‘Monte Carlo’ ബാഡ്ജുകൾ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ എന്നിവ നൽകിയിട്ടുണ്ട്.
ക്യാബിനിൽ പരിചിതമായ ഡിസൈൻ
ഇന്റീരിയർ ഡിസൈനിൽ വലിയ മാറ്റങ്ങളില്ല. സ്റ്റാൻഡേർഡ് പതിപ്പിൽ ബീജ്-ബ്ലാക്ക് തീമും, മോണ്ടെ കാർലോ പതിപ്പിൽ റെഡ് ഇൻസെർട്ടുകളോടുകൂടിയ ഓൾ-ബ്ലാക്ക് തീമുമാണ് ലഭിക്കുക.
ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ, സർക്കുലർ എസി വെന്റുകൾ, ടച്ച് അധിഷ്ഠിത എസി കൺട്രോളുകൾ എന്നിവ മുൻ മോഡലിൽ നിന്ന് തുടരുന്നു.
കൂടുതൽ ഫീച്ചറുകൾ
ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ സ്ലാവിയയിൽ ശ്രദ്ധേയമായ അപ്ഗ്രേഡുകളാണ് നൽകിയിരിക്കുന്നത്. ഗൂഗിൾ എഐ അസിസ്റ്റന്റോടുകൂടിയ 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ എന്നിവ പ്രധാന സവിശേഷതകളാണ്.ഈ വിഭാഗത്തിൽ ആദ്യമായി പിൻസീറ്റ് മസാജ് ഫംഗ്ഷനും സ്ലാവിയയിൽ ലഭിക്കുന്നു. മെച്ചപ്പെട്ട എസി പ്രകടനത്തിനായി പുതിയ കംപ്രസർ, സിംഗിൾ-പേൻ സൺറൂഫ്, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും തുടരുന്നു.എന്നാൽ, പ്രധാന എതിരാളികളിൽ ലഭിക്കുന്ന ADAS (Advanced Driver Assistance System) സുരക്ഷാ ഫീച്ചർ പുതിയ സ്ലാവിയയിലും ഉൾപ്പെടുത്തിയിട്ടില്ല.
എൻജിൻ ഓപ്ഷനുകളിൽ മാറ്റമില്ല
എൻജിൻ ഓപ്ഷനുകളിൽ കാര്യമായ മാറ്റമില്ല. 115 എച്ച്പി കരുത്തും 178 എൻഎം ടോർക്കും നൽകുന്ന 1.0 ലീറ്റർ ടർബോ-പെട്രോൾ എൻജിൻ 6-സ്പീഡ് മാനുവലിനൊപ്പം ലഭിക്കും. കൂടാതെ, പഴയ 6-സ്പീഡ് ഓട്ടോമാറ്റിക്കിന് പകരമായി പുതിയ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കും.അതേസമയം, 150 എച്ച്പി കരുത്തും 250 എൻഎം ടോർക്കും നൽകുന്ന 1.5 ലീറ്റർ ടർബോ-പെട്രോൾ എൻജിൻ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) സഹിതമാണ് എത്തുന്നത്.പുതുക്കിയ ഡിസൈൻ, കൂടുതൽ സാങ്കേതികവിദ്യകൾ, പുതിയ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയിലൂടെ മിഡ്-സൈസ് സെഡാൻ വിഭാഗത്തിലെ മത്സരം കൂടുതൽ ശക്തമാക്കുകയാണ് പുതിയ സ്കോഡ സ്ലാവിയ.
