കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി സോറെന്റോ; ഇന്ത്യയിൽ പ്രീ-ബുക്കിങ് തുടങ്ങി

ഇന്ത്യൻ പ്രീമിയം എസ്‌യുവി വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ കിയ ഇന്ത്യ പുതിയ നീക്കവുമായി. ആഗോള വിപണിയിൽ ശ്രദ്ധ നേടിയ ഫ്ലാഗ്ഷിപ്പ് മോഡലായ കിയ സോറെന്റോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. കിയയുടെ ഇന്ത്യൻ നിരയിലെ ആദ്യ ഹൈബ്രിഡ് എസ്‌യുവിയായാണ് സോറെന്റോ എത്തുന്നത്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി വാഹനത്തിന്റെ ടീസർ പുറത്തിറക്കിയ കമ്പനി പ്രീ-ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ പതിപ്പിന്റെ സമ്പൂർണ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും രാജ്യാന്തര മോഡലിന്റെ ഡിസൈൻ തന്നെയാകും വലിയ മാറ്റങ്ങളില്ലാതെ ഇന്ത്യയിലും എത്തുകയെന്നാണ് സൂചന. കിയയുടെ സിഗ്നേച്ചർ ടൈഗർ-നോസ് ഗ്രിൽ, ശക്തമായ ബോഡി ലൈൻ, ടി-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ, ടു-ടിയർ ഹെഡ്‌ലാമ്പ് ഡിസൈൻ എന്നിവ വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. രാജ്യാന്തര പതിപ്പിന് 4,815 മില്ലീമീറ്റർ നീളവും 1,900 മില്ലീമീറ്റർ വീതിയും 1,700 മില്ലീമീറ്റർ ഉയരവുമുണ്ട്.അകത്തളത്തിലും സോറെന്റോ പ്രീമിയം അനുഭവം നൽകുന്ന ഫീച്ചറുകളോടെയാണ് എത്തുന്നത്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, ലെവൽ-2 എഡിഎഎസ് (ADAS) സുരക്ഷാ സംവിധാനങ്ങൾ എന്നിവ രാജ്യാന്തര മോഡലിൽ ലഭ്യമാണ്. ആഗോള വിപണിയിൽ 5, 6, 7 സീറ്റ് ഓപ്ഷനുകൾ ലഭ്യമാണെങ്കിലും ഇന്ത്യയിൽ 6, 7 സീറ്റർ വേരിയന്റുകളാണ് അവതരിപ്പിക്കപ്പെടാൻ സാധ്യത.

എൻജിൻ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ 1.6 ലീറ്റർ ടർബോ പെട്രോൾ എൻജിനും 1.49 kWh ലിഥിയം-അയൺ ബാറ്ററിയും ചേർന്ന ഹൈബ്രിഡ് പവർട്രെയിനായിരിക്കും ഇന്ത്യൻ മോഡലിലും പ്രതീക്ഷിക്കുന്നത്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എത്തുന്ന ഈ സംവിധാനത്തിന് 238 bhp വരെ കരുത്തും 380 Nm ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും.പ്രീമിയം ഹൈബ്രിഡ് എസ്‌യുവി വിഭാഗത്തിൽ ശക്തമായ മത്സരമാണ് സോറെന്റോയുടെ വരവോടെ കിയ ലക്ഷ്യമിടുന്നത്. വിലയും ലോഞ്ച് തീയതിയും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.