കേരളത്തിലെ ഡിസ്റ്റിലറികൾക്ക് സൈനിക, അർധസൈനിക കന്റീനുകളിലേക്ക് നേരിട്ട് മദ്യം വിതരണം ചെയ്യുന്നതിനുള്ള നിയമതടസ്സം നീക്കാൻ സർക്കാർ നടപടി. ഇതിന്റെ ഭാഗമായി കേരള ജനറൽ സെയിൽസ് ടാക്സ് (കെജിഎസ്ടി) ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള നീക്കം നികുതി വകുപ്പിൽ ആരംഭിച്ചു.
കേരളത്തിലെ ഡിസ്റ്റിലറികൾക്ക് സൈനിക വെയർഹൗസുകളിലേക്ക് നേരിട്ട് മദ്യം വിതരണം ചെയ്യാൻ അനുമതി നൽകി 2022ൽ എക്സൈസ് വകുപ്പ് കേരള ഡിസ്റ്റിലറി ആൻഡ് വെയർഹൗസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. എന്നാൽ നികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ എതിർപ്പിനെത്തുടർന്ന് തുടർനടപടികൾ വൈകുകയായിരുന്നു. നിലവിൽ മറ്റു സംസ്ഥാനങ്ങളിലെ ഡിസ്റ്റിലറികളിൽനിന്നാണ് കേരളത്തിലെ കന്റീൻ സ്റ്റോഴ്സ് ഡിപ്പാർട്ട്മെന്റ് (സിഎസ്ഡി), സെൻട്രൽ പൊലീസ് കന്റീനുകൾ എന്നിവിടങ്ങളിലേക്ക് മദ്യം എത്തിക്കുന്നത്.
കേരളത്തിൽ പ്രവർത്തിക്കുന്ന ഡിസ്റ്റിലറികൾക്ക് ബെവറേജസ് കോർപറേഷൻ (ബെവ്കോ) വഴി മാത്രമാണ് നിലവിൽ മദ്യം വിൽക്കാൻ അനുമതിയുള്ളത്. ഇത്തരത്തിൽ വിൽക്കുന്ന മദ്യത്തിന് 251 ശതമാനമാണ് വിൽപ്പന നികുതി. ഉയർന്ന നികുതി കാരണം വില വർധിക്കുന്നതിനാൽ കേരളത്തിലെ സൈനിക, അർധസൈനിക കന്റീനുകൾ പ്രാദേശിക ഡിസ്റ്റിലറികളിൽനിന്ന് മദ്യം വാങ്ങാൻ താൽപര്യം കാണിച്ചിരുന്നില്ല.അതേസമയം, മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെ കന്റീനുകളിലേക്ക് മദ്യം എത്തിക്കുമ്പോൾ വിൽപ്പന നികുതിയുടെ പകുതി മാത്രമാണ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. ഇതിനുപുറമെ ലീറ്ററിന് അഞ്ച് രൂപ ഇറക്കുമതി ഫീസും ഈടാക്കുന്നുണ്ട്.
ബെവ്കോ വഴി സിഎസ്ഡി കന്റീനുകൾക്ക് മദ്യം വിതരണം ചെയ്താൽ 251 ശതമാനം നികുതി ലഭിക്കുമെന്നതും നേരിട്ടുള്ള വിതരണത്തിലൂടെ നികുതി വരുമാനം പകുതിയായി കുറയുമെന്നതുമായിരുന്നു നികുതി വകുപ്പിന്റെ പ്രധാന വാദം. പുതിയ ഭേദഗതി നടപ്പിലായാൽ കേരളത്തിലെ ഡിസ്റ്റിലറികൾക്ക് സൈനിക, അർധസൈനിക കന്റീനുകളിലേക്ക് നേരിട്ട് മദ്യം വിതരണം ചെയ്യുന്നതിനുള്ള തടസ്സങ്ങൾ നീങ്ങും.
