എഥനോൾ കലർത്തിയ പെട്രോളിന്റെ ഉപയോഗം വ്യാപിപ്പിക്കുന്ന ഇ20 പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്നോട്ടില്ലെന്ന് സൂചന. ഉപഭോക്താക്കൾ ഉയർത്തുന്ന എൻജിൻ പ്രകടനവും ഇന്ധനക്ഷമതയും സംബന്ധിച്ച ആശങ്കകൾക്ക് ഫ്ളക്സ് ഫ്യുവൽ വാഹനങ്ങളാണ് ഏറ്റവും പ്രായോഗികമായ പരിഹാരമെന്ന് ഓൾ ഇന്ത്യ ഡിസ്റ്റിലറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വിജേന്ദ്ര സിങ് പറഞ്ഞു.
നിലവിൽ രാജ്യത്ത് 20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോളാണ് വിതരണം ചെയ്യുന്നത്. എന്നാൽ, ഈ ഇന്ധനത്തിന് അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങളിൽ ദീർഘകാല ഉപയോഗം എൻജിനെയും ഇന്ധന വിതരണ സംവിധാനങ്ങളെയും ബാധിക്കുമെന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ശക്തമാണ്. ഇന്ധനക്ഷമത കുറയുന്നുവെന്ന പരാതിയും വ്യാപകമായി ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് എഥനോൾ ചേർക്കാത്തതോ കുറഞ്ഞ അളവിൽ ചേർത്തതോ ആയ പെട്രോൾ ലഭ്യമാക്കണമെന്നും ഇ20 പദ്ധതി പുനഃപരിശോധിക്കണമെന്നുമുള്ള ആവശ്യങ്ങളും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.എന്നാൽ ഈ വിമർശനങ്ങൾക്കിടയിലും ഇ20 പദ്ധതി തുടരുമെന്ന് വിജേന്ദ്ര സിങ് വ്യക്തമാക്കി. ഇ20 ഇന്ധനത്തിന് അനുയോജ്യമല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നവർ വാഹന നിർമാതാക്കളെ സമീപിക്കണമെന്നും, ആവശ്യമായ എൻജിൻ ട്യൂണിങ്ങും സാങ്കേതിക പരിഷ്കരണങ്ങളും വാഹന കമ്പനികൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഥനോൾ പദ്ധതി പിന്വലിച്ചാൽ ഇന്ധനവില കൂടുമെന്ന് മുന്നറിയിപ്പ്
എഥനോൾ പദ്ധതി ഉപേക്ഷിച്ചാൽ അസംസ്കൃത എണ്ണയുടെ ഇറക്കുമതി വർധിക്കുകയും അതുവഴി രാജ്യത്തെ ഇന്ധനവില ഉയരുകയും ചെയ്യുമെന്ന് വിജേന്ദ്ര സിങ് ചൂണ്ടിക്കാട്ടി. ഇതോടെ കരിമ്പ് കർഷകരുടെ വരുമാനത്തെയും കാർഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ നീണ്ട പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2018-ൽ ദേശീയ ബയോഫ്യുവൽ നയത്തിന് രൂപം നൽകിയ കേന്ദ്രസർക്കാർ, എഥനോൾ ഉൽപാദനം വർധിപ്പിക്കാൻ പുതിയ സംരംഭകർക്ക് 50 ശതമാനം പലിശ ഇളവും പ്രഖ്യാപിച്ചിരുന്നു.
2026ഓടെ രാജ്യമൊട്ടാകെ ഇ20 ലക്ഷ്യം
2023-ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ശതമാനം എഥനോൾ കലർത്തിയ പെട്രോളിന്റെ വിതരണത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ 15 നഗരങ്ങളിൽ ആരംഭിച്ച പദ്ധതി പിന്നീട് രാജ്യത്താകെ വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ 2026ഓടെ രാജ്യം പൂർണമായും ഇ20 പെട്രോളിലേക്ക് മാറാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. തുടർഘട്ടമായി ഇ25 (25 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) നടപ്പാക്കുന്നതും പരിഗണനയിലുണ്ട്.
ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾക്കാണ് പ്രാധാന്യം
പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും വിദേശനാണയ ചെലവ് ലാഭിക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതോടൊപ്പം കരിമ്പ് കർഷകർക്ക് അധിക വരുമാനവും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും ഈ പദ്ധതിയുടെ പ്രധാന നേട്ടങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, 2023 ഏപ്രിലിന് മുമ്പ് നിർമിച്ച പല വാഹനങ്ങളും ഇ20 ഉപയോഗത്തിനായി പൂർണമായി സജ്ജമല്ലെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പെട്രോളും ഉയർന്ന അളവിലുള്ള എഥനോൾ ഇന്ധനവും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ രാജ്യത്ത് വ്യാപകമാക്കുന്നതാണ് ദീർഘകാല പരിഹാരമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
