പുത്തൻ അവതാരത്തിൽ മാരുതി സുസുക്കി ബ്രെസ; 11,000 രൂപയ്ക്ക് പ്രീ-ബുക്കിങ് ആരംഭിച്ചു

ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിലെ ജനപ്രിയ മോഡലായ മാരുതി സുസുക്കി ബ്രെസ പുതിയ രൂപത്തിലും കൂടുതൽ സാങ്കേതിക നവീകരണങ്ങളോടെയും എത്തുന്നു. 2026 മോഡൽ ‘ദി ന്യൂ ബ്രെസ’യുടെ പ്രീ-ബുക്കിങ് ആരംഭിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. 11,000 രൂപ നൽകി രാജ്യത്തുടനീളമുള്ള നെക്സ ഡീലർഷിപ്പുകളിലൂടെയോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം.
2016-ൽ വിപണിയിലെത്തിയ ബ്രെസ, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്ട് എസ്‌യുവികളിലൊന്നായി മാറി. ഇതുവരെ 14 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിശ്വാസം നേടിയ മോഡലാണ് ബ്രെസയെന്ന് കമ്പനി അറിയിച്ചു.

ടർബോ എൻജിനുമായി പുതിയ ബ്രെസ

പുതിയ ബ്രെസയുടെ പുറം ഡിസൈനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാത്തെങ്കിലും, എൻജിൻ ഓപ്ഷനുകളിലും ഫീച്ചറുകളിലും ശ്രദ്ധേയമായ നവീകരണങ്ങളാണ് സൂചന നൽകുന്നത്.നിലവിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനോടൊപ്പം, ഫ്രോങ്ക്സിൽ ഉപയോഗിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും പുതിയ ബ്രെസയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രോങ്ക്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ എൻജിൻ ബ്രെസയ്ക്കായി കൂടുതൽ കരുത്തോടെ ട്യൂൺ ചെയ്തേക്കുമെന്നാണ് വിലയിരുത്തൽ.

വില കുറയാനും സാധ്യത

പുതിയ 998 സിസി ടർബോ എൻജിൻ എത്തുന്നതോടെ ബ്രെസയുടെ വിലയും കുറയാൻ സാധ്യതയുണ്ട്. നിലവിൽ 1.5 ലിറ്റർ (1462 സിസി) എൻജിനുള്ളതിനാൽ ഉയർന്ന ജിഎസ്ടി നിരക്കാണ് ബ്രെസയ്ക്ക് ബാധകമാകുന്നത്. എന്നാൽ 1200 സിസിയിൽ താഴെയുള്ള എൻജിനുള്ള നാല് മീറ്ററിൽ താഴെയുള്ള വാഹനങ്ങൾക്ക് ലഭിക്കുന്ന നികുതി ഇളവ് പുതിയ എൻജിൻ വഴി പ്രയോജനപ്പെടുത്താൻ മാരുതി സുസുക്കിക്ക് സാധിച്ചേക്കും.
ഫ്രോങ്ക്സിൽ ഈ ടർബോ എൻജിൻ 100 എച്ച്പി കരുത്തും 147 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ബ്രെസയ്ക്കായി കൂടുതൽ പ്രകടനക്ഷമതയോടെ എൻജിൻ ക്രമീകരിക്കാനാണ് സാധ്യത.

അണ്ടർബോഡി സിഎൻജി സാങ്കേതികവിദ്യ

സിഎൻജി വാഹനങ്ങൾ വാങ്ങുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളിയായ ബൂട്ട് സ്പേസ് കുറവ് പുതിയ ബ്രെസയിൽ പരിഹരിക്കാനാണ് മാരുതി സുസുക്കിയുടെ ശ്രമം.സിഎൻജി ടാങ്ക് വാഹനത്തിന്റെ അടിഭാഗത്ത് സ്ഥാപിക്കുന്ന അണ്ടർബോഡി സിഎൻജി സാങ്കേതികവിദ്യ പുതിയ ബ്രെസയിൽ അവതരിപ്പിച്ചേക്കും. ഇതിലൂടെ ലഗേജ് സ്പേസ് നഷ്ടമാകാതെ സിഎൻജി സൗകര്യം ഉപയോഗിക്കാനാകും.

കൂടുതൽ പ്രീമിയം ഫീച്ചറുകൾ

പുതിയ ബ്രെസയിൽ നിരവധി പ്രീമിയം ഫീച്ചറുകളും പ്രതീക്ഷിക്കപ്പെടുന്നു. ഉയർന്ന വകഭേദങ്ങളിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, കൂടുതൽ ആധുനിക ഇൻഫോടെയ്ൻമെന്റ് സംവിധാനം, മെച്ചപ്പെടുത്തിയ കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ ലഭിച്ചേക്കുമെന്നാണ് സൂചന.

പുതിയ തരംഗം സൃഷ്ടിക്കുമെന്ന് മാരുതി

എസ്‌യുവി വിപണിയിൽ പുതിയൊരു തരംഗം സൃഷ്ടിക്കാൻ ദി ന്യൂ ബ്രെസയ്ക്ക് കഴിയുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു.”പത്ത് വർഷത്തെ വിജയകരമായ യാത്രയ്ക്ക് ശേഷം, ഉപഭോക്താക്കളുടെ മാറുന്ന പ്രതീക്ഷകൾ മുൻനിർത്തി കൂടുതൽ ആധുനികവും പ്രീമിയം അനുഭവവും നൽകുന്ന രീതിയിലാണ് പുതിയ ബ്രെസ ഒരുക്കിയിരിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.