ഗൾഫ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യൂറോപ്പിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നു. നേരത്തെ ദുബായ് വഴി യൂറോപ്പിലേക്കു യാത്ര ചെയ്തിരുന്നവർ ഇപ്പോൾ ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിനാൽ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്.
യുഎസിലേക്കും മറ്റ് ദൂരയാത്രാ റൂട്ടുകളിലേക്കും ടിക്കറ്റ് നിരക്ക് 2 ലക്ഷം രൂപ വരെ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ ഗൾഫ് നഗരങ്ങളിലേക്കുള്ള അടുത്ത ആഴ്ചയിലെ ടിക്കറ്റ് നിരക്കുകൾ 40,000 രൂപയ്ക്കും മുകളിലാണ്.കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബി, ദുബായ്, ഷാർജ റൂട്ടുകളിലേക്കുള്ള ചില ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം വർധിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു.
അതേസമയം കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്‌കത്ത് സർവീസിന് ഇപ്പോഴും സാധാരണ നിരക്കാണ് ഈടാക്കുന്നത്. ഗൾഫ് മേഖലയിലെ സാഹചര്യങ്ങൾ മൂലം ബഹ്റൈൻ, കുവൈത്ത് വിമാനത്താവളങ്ങൾ പൂർണമായി അടഞ്ഞിരിക്കുകയാണ്. ഖത്തറിൽ നിന്ന് പരിമിത സർവീസുകൾ മാത്രം വീണ്ടും ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
