ഇന്ത്യയ്ക്ക് കരുത്തേകാന്‍ കസാഖ്സ്ഥാന്‍; വന്‍തോതില്‍ യുറേനിയം വിതരണം ചെയ്യാന്‍ പുതിയ കരാര്‍

ഇന്ത്യയിലെ ആണവ നിലയങ്ങള്‍ക്ക് ആവശ്യമായ യുറേനിയം വന്‍തോതില്‍ നല്‍കാന്‍ കസാഖ്സ്ഥാന്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉല്‍പാദക രാജ്യങ്ങളിലൊന്നായ കസാഖ്സ്ഥാന്‍ ഇന്ത്യയുമായി പുതിയ വിതരണ കരാറിലെത്തിയതായി അറിയിച്ചു. പുതിയ ധാരണപ്രകാരം ഇന്ത്യയ്ക്ക് യുറേനിയം നല്‍കുമെന്ന് കസാഖ്സ്ഥാനിലെ ദേശീയ ആണവ കമ്പനിയയായ കസാറ്റംപ്രോം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ആണവോര്‍ജ വകുപ്പുമായി നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ അന്തിമമായത്.

ഇന്ത്യയ്ക്ക് യുറേനിയം നല്‍കുന്നതുമായി ബന്ധപ്പെട്ട മുന്‍കരാറിന്റെ കാലാവധി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ചിരുന്നു. തുടര്‍ന്ന് പുതിയ കരാറിനായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ തുടരുകയായിരുന്നു. അടുത്തിടെ ചര്‍ച്ചകള്‍ വേഗം പ്രാപിക്കുകയും പരസ്പര ധാരണയിലേക്ക് എത്തുകയും ചെയ്തു.ഇന്ത്യയും കസാഖ്സ്ഥാനും തമ്മില്‍ മുമ്പും ശക്തമായ ആണവ സഹകരണം നിലനിന്നിട്ടുണ്ട്. 2009 ജനുവരിയില്‍ 2,100 ടണ്‍ യുറേനിയം വിതരണം ചെയ്യാന്‍ Nuclear Power Corporation of India Limited യുമായി കസാറ്റംപ്രോം കരാറിലെത്തിയിരുന്നു. തുടര്‍ന്ന് 2015 ജൂലൈയില്‍ ഇന്ത്യന്‍ ആണവോര്‍ജ വകുപ്പുമായി ഉണ്ടായ പുതിയ ധാരണപ്രകാരം 2015 മുതല്‍ 2019 വരെ 5,000 ടണ്‍ യുറേനിയം ഇന്ത്യയ്ക്ക് നല്‍കി.

കസാറ്റംപ്രോം കസാഖ്സ്ഥാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ സ്ഥാപനമാണ്. യുറേനിയം ഖനനം മാത്രമല്ല, അപൂര്‍വ ലോഹങ്ങളുടെ സംസ്‌കരണം, ബെറിലിയം, ടാന്റലം എന്നിവയുടെ നിര്‍മാണവും വില്‍പ്പനയും കമ്പനിയുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. കമ്പനി ഉല്‍പാദിപ്പിക്കുന്ന ധാതുക്കളുടെ മുഴുവന്‍ വിഹിതവും കയറ്റുമതിക്കാണ് വിനിയോഗിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സമ്പത്ത് നിധിയുടെ കീഴിലാണ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും, ശേഷിക്കുന്ന വിഹിതം പൊതുവിപണിയിലാണ് ഉള്ളത്.