തേൻ കയറ്റുമതിക്കുള്ള കുറഞ്ഞ വില (മിനിമം എക്‌സ്‌പോർട്ട് പ്രൈസ്) സംബന്ധിച്ച നിലവിലെ മാനദണ്ഡങ്ങൾ 2026 ഡിസംബർ 31 വരെ തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ടണ്ണിന് 1,400 ഡോളർ (ഏകദേശം 1.30 ലക്ഷം രൂപ) എന്ന നിരക്കിലാണ് കയറ്റുമതി തുടരുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിന്‍ ട്രേഡ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
കയറ്റുമതിക്കാർക്ക് വിപണിയിൽ കൂടുതൽ സ്ഥിരത ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ തേന്റെ സ്വീകാര്യത വർധിപ്പിക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ ഈടാക്കേണ്ട ഏറ്റവും കുറഞ്ഞ നിരക്കിനെയാണ് ‘മിനിമം എക്‌സ്‌പോർട്ട് പ്രൈസ്’ എന്ന് വിളിക്കുന്നത്. ഇതിൽ താഴെ വിലയ്ക്ക് കയറ്റുമതി നടത്താൻ അനുമതിയുണ്ടാകില്ല.ഈ വർഷം ജനുവരിയിൽ കുറഞ്ഞ കയറ്റുമതി വിലയുടെ കാലാവധി മാർച്ച് 31 വരെ മാത്രമാണ് നീട്ടിയിരുന്നത്. എന്നാൽ ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾ പരിഗണിച്ച് കയറ്റുമതിക്കാർക്ക് ദീർഘകാല അടിസ്ഥാനത്തിൽ ഗുണകരമാകുന്ന വിധത്തിൽ ഇപ്പോൾ 2026 അവസാനം വരെ കാലാവധി വർധിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യൻ തേന്റെ ആഗോള മത്സരക്ഷമത വർധിപ്പിക്കുന്നതിനായി കയറ്റുമതി വില ടണ്ണിന് 2,000 ഡോളറിൽ നിന്ന് 1,400 ഡോളറായി സർക്കാർ കുറച്ചിരുന്നു. അന്നുമുതൽ ഇതേ നിരക്കിലാണ് കയറ്റുമതി തുടരുന്നത്.ലോകത്തിലെ പ്രധാന തേൻ ഉൽപ്പാദക രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക് വിദേശ വിപണികളിൽ മികച്ച ആവശ്യകതയുണ്ട്. പ്രധാനമായും അമേരിക്ക, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് തേൻ കയറ്റുമതി ചെയ്യുന്നത്.
സംസ്ഥാനങ്ങളിലേക്കുള്ള ഉൽപ്പാദന വിഹിതം പരിശോധിക്കുമ്പോൾ, രാജ്യത്തെ മൊത്തം തേൻ ഉൽപ്പാദനത്തിൽ 17 ശതമാനം പങ്ക് ഉത്തർപ്രദേശിനാണ്. പശ്ചിമ ബംഗാൾ 16 ശതമാനവുമായി രണ്ടാം സ്ഥാനത്തും, പഞ്ചാബ് 14 ശതമാനവുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ബിഹാർ 12 ശതമാനവുമായി നാലാം സ്ഥാനത്തും, രാജസ്ഥാൻ 9 ശതമാനവുമായി അഞ്ചാം സ്ഥാനത്തുമാണ്.
