വാട്സാപ്പ് ഉപയോക്താക്കൾക്ക് ഇനി ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിയുന്ന പുതിയ യൂസർനെയിം ഫീച്ചർ ഉടൻ ലഭ്യമാകാനിരിക്കുകയാണ്. ഇന്ത്യയിൽ ചില ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ലഭ്യമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അതേസമയം, വാട്സാപ്പ് സന്ദേശങ്ങളുടെ സ്വകാര്യതയെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും ശക്തമാകുകയാണ്. ടെസ്ലാ മേധാവി ഇലോൺ മസ്ക് ഉൾപ്പെടെ ചിലർ പ്ലാറ്റ്ഫോമിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പുതിയ ഫീച്ചർ വരുന്നത്.
ഫീച്ചർ എങ്ങനെ പരിശോധിക്കാം?
ഈ സൗകര്യം ലഭ്യമാണോ എന്ന് അറിയാൻ വാട്സാപ്പിന്റെ Settings മെനു തുറക്കുക. ലഭ്യമായാൽ “Username” എന്ന പുതിയ വിഭാഗം കാണാൻ കഴിയും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പരിമിതമായ ഉപയോക്താക്കൾക്കാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. ഉടൻ തന്നെ എല്ലാവർക്കും ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വർഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ
വാട്സാപ്പിൽ യൂസർനെയിം ഫീച്ചർ എത്തുമെന്ന സൂചന ആദ്യമായി പുറത്തുവന്നത് 2023ലായിരുന്നു. ഇപ്പോൾ മെറ്റ ഈ ഫീച്ചർ പൂർണ്ണരൂപത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
സ്വന്തം മൊബൈൽ നമ്പർ സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫീച്ചർ ഏറെ സഹായകരമാകും. ഇനി ആരെങ്കിലും ബന്ധപ്പെടാൻ ആഗ്രഹിക്കുമ്പോൾ ഫോൺ നമ്പറിന് പകരം യൂസർനെയിം നൽകാനാകും. കൂടാതെ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള മറ്റ് മെറ്റ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്ന അതേ യൂസർനെയിം തന്നെ വാട്സാപ്പിലും ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
യൂസർനെയിം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാട്സാപ്പിൽ യൂസർനെയിം സൃഷ്ടിക്കുമ്പോൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:
‘www.’ etc യൂസർനെയിം ആരംഭിക്കാനാവില്ല.
‘.com’, ‘.net’ തുടങ്ങിയ ഡൊമെയ്ൻ എക്സ്റ്റൻഷനുകളിൽ അവസാനിപ്പിക്കാനാവില്ല
കുറഞ്ഞത് ഒരു ഇംഗ്ലീഷ് അക്ഷരം (a–z) ഉൾപ്പെടണം
അനുവദനീയമായ ഘടകങ്ങൾ:
ചെറിയ അക്ഷരങ്ങൾ (a–z)
അക്കങ്ങൾ (0–9)
പീരിയഡ് (.)
അണ്ടർസ്കോർ (_)
കുറഞ്ഞത് 3 അക്ഷരങ്ങൾ
പരമാവധി 30 അക്ഷരങ്ങൾ
യൂസർനെയിം ഫീച്ചർ വ്യാപകമാകുന്നതോടെ വാട്സാപ്പ് ഉപയോക്താക്കൾ തമ്മിലുള്ള ആശയവിനിമയത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രത്യേകിച്ച്, ഫോൺ നമ്പർ അപരിചിതരുമായി പങ്കിടാൻ മടിക്കുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.
