പ്രവാസിപ്പണമായി 2.17 ലക്ഷം കോടി; കേരളത്തിലെ സ്വകാര്യ നിക്ഷേപം പിന്നോട്ട്, ഗിഫ്റ്റ് പഠനറിപ്പോർട്ട്

വിദേശത്തുനിന്ന് ഒരു വർഷം 2.17 ലക്ഷം കോടി രൂപ പ്രവാസിപ്പണമായി കേരളത്തിലേക്ക് എത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപത്തിൽ ഇതിന്റെ പ്രതിഫലനം കാര്യമായി ഉണ്ടാകുന്നില്ലെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് ആൻഡ് ടാക്സേഷന്റെ (ഗിഫ്റ്റ്) പഠനറിപ്പോർട്ട്. ബാങ്ക് വായ്പകളെയും സർക്കാർ സഹായങ്ങളെയുമാണ് നിക്ഷേപകർ പ്രധാനമായും ആശ്രയിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2022 മുതൽ 2026 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളിൽ ഭൂരിഭാഗവും ഉപേക്ഷിക്കപ്പെടുകയാണ്. 46,981 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ 43,421 കോടി രൂപയുടെ പദ്ധതികൾ ഉപേക്ഷിക്കപ്പെട്ടു. 6,101 കോടി രൂപയുടെ പദ്ധതികൾ മാത്രമാണ് പൂർത്തിയായത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇടിവ്

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വകാര്യ നിക്ഷേപത്തിൽ കേരളത്തിന്റെ വിഹിതം കുറഞ്ഞുവരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ സ്വകാര്യ നിക്ഷേപത്തിൽ കേരളത്തിന്റെ വിഹിതം 2022ൽ 4.2 ശതമാനമായിരുന്നെങ്കിൽ 2026ൽ ഇത് 2.2 ശതമാനമായി കുറഞ്ഞു.
നിലവിൽ പരിഗണനയിലുള്ള 185 നിക്ഷേപ പദ്ധതികൾ നേരിടുന്ന തടസ്സങ്ങൾ നീക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. അനുമതി നടപടികളിലെ പരിഷ്കാരങ്ങളും പദ്ധതികൾക്ക് ആവശ്യമായ പിന്തുണയും ഉറപ്പാക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പ്രവാസി സമ്പാദ്യം നിക്ഷേപമേഖലയിലേക്ക് എത്തിക്കണം

പ്രവാസി മലയാളികളുടെ സമ്പാദ്യവും പണവും സംസ്ഥാനത്തെ നിക്ഷേപ മേഖലകളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. വ്യവസായ പാർക്കുകൾ, വിജ്ഞാന സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ എന്നിവയിൽ ഇക്വിറ്റി നിക്ഷേപം നടത്താൻ കഴിയുന്ന സാമ്പത്തിക സംവിധാനങ്ങൾ ഒരുക്കണമെന്നും ശുപാർശയുണ്ട്.ഗിഫ്റ്റിലെ ഗവേഷകരായ എം.പി. അഖിലും വി. ഗീതാറാണിയും ചേർന്നാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *