ജിഎസ്ടിയിൽ വൻ മാറ്റങ്ങൾ; പൊതുപിഴ 10,000 രൂപയാക്കും, നിരക്ക് പരിഷ്കാരം വർഷത്തിൽ ഒരിക്കൽ മാത്രം

ജിഎസ്ടി നിയമത്തിൽ നിർണായക മാറ്റങ്ങൾക്ക് ശുപാർശ ചെയ്ത് 57-ാമത് ജിഎസ്ടി കൗൺസിൽ യോഗം. നികുതി നിയമത്തിലെ അറസ്റ്റ് അധികാരം ഒഴിവാക്കുക, പൊതുപിഴ 25,000 രൂപയിൽനിന്ന് 10,000 രൂപയായി കുറയ്ക്കുക, നികുതി നിരക്കുകളിലെ പരിഷ്കാരം വർഷത്തിൽ ഒരിക്കൽ മാത്രമാക്കുക തുടങ്ങിയ നിർദേശങ്ങളാണ് കൗൺസിൽ മുന്നോട്ടുവച്ചത്. ബിസിനസ് സ്ഥാപനങ്ങൾക്ക് നടപടിക്രമങ്ങൾ ലളിതമാക്കുകയും നികുതി സംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

ജിഎസ്ടിയിൽ ഇനി അറസ്റ്റില്ല?

കേന്ദ്ര ജിഎസ്ടി നിയമത്തിലെ 69-ാം വകുപ്പ് ഒഴിവാക്കി ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരം പൂർണമായി നീക്കാനാണ് കൗൺസിലിന്റെ ശുപാർശ. അതേസമയം, നികുതി തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരായ നടപടികൾ തുടരും.ജിഎസ്ടി നിയമപ്രകാരം ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ പരിധി ഒരു കോടി രൂപയിൽനിന്ന് അഞ്ച് കോടി രൂപയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. സാധനങ്ങളോ സേവനങ്ങളോ ലഭിക്കാതെ വ്യാജ ഇൻവോയ്സുകൾ ഉപയോഗിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) നേടുന്ന കേസുകൾ പ്രധാനമായും പ്രോസിക്യൂഷന്റെ പരിധിയിൽ വരും.കൗൺസിലിന്റെ ശുപാർശകൾക്ക് നിയമപരമായ അംഗീകാരം ലഭിച്ചശേഷം 2027 ഏപ്രിൽ ഒന്നുമുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് നിർദേശം.

പൊതുപിഴ 10,000 രൂപയിലേക്ക്

ജിഎസ്ടി നിയമപ്രകാരമുള്ള പൊതുപിഴ 25,000 രൂപയിൽനിന്ന് 10,000 രൂപയായി കുറയ്ക്കാനാണ് ശുപാർശ. വിവിധ നികുതി നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കുറ്റത്തിന്റെ ഗൗരവത്തിനനുസരിച്ച് യുക്തിസഹമാക്കാനും കൗൺസിൽ നിർദേശിച്ചു.റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുക, നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുക, റിട്ടേണുകളിൽ പിഴവുകൾ സംഭവിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ കുടിശ്ശിക, പലിശ, ബാധകമായ ആനുപാതിക പിഴ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന രീതിയിലേക്കാണ് മാറ്റം ലക്ഷ്യമിടുന്നത്.
10,000 രൂപയിൽ താഴെയുള്ള തുകയുമായി ബന്ധപ്പെട്ട കേസുകളിൽ നോട്ടിസ് നൽകാതിരിക്കാനും ശുപാർശയുണ്ട്. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് പിഴയോ തടവോ രണ്ടും കൂടിയോ വിധിക്കണമെന്നത് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്.

ജിഎസ്ടി നിരക്ക് പരിഷ്കാരം വർഷത്തിൽ ഒരിക്കൽ

57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ പുതിയ നികുതി നിരക്ക് മാറ്റങ്ങളൊന്നും നിർദേശിച്ചില്ല. ഇനി നിരക്ക് പരിഷ്കാരത്തിനായി വർഷത്തിൽ ഒരു യോഗം മാത്രമായി മാറ്റിവയ്ക്കാനാണ് തീരുമാനം. ഈ പരിഷ്കാരങ്ങൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യദിവസമായ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ നടപ്പാക്കാനാണ് നിർദേശം.ഇതോടെ ഓരോ ജിഎസ്ടി കൗൺസിൽ യോഗത്തിലും നിരക്കുകളിൽ മാറ്റമുണ്ടാകുമോയെന്ന ആശങ്ക ബിസിനസ് മേഖലയ്ക്ക് കുറയുമെന്നാണ് പ്രതീക്ഷ. 2025 സെപ്റ്റംബറിൽ നടന്ന 56-ാമത് യോഗത്തിൽ വലിയ തോതിലുള്ള നിരക്ക് പരിഷ്കാരം നടപ്പാക്കിയിരുന്നു. ഇത്തവണ നികുതി നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്.

ഉദ്യോഗസ്ഥരെ നേരിൽ കാണാതെ നികുതി നടപടികൾ

ഒന്നിലധികം സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകർക്ക് നികുതി ഉദ്യോഗസ്ഥരെ നേരിട്ട് കാണാതെ ഓൺലൈൻ പോർട്ടൽ വഴി നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ‘ഫെയ്സ്ലെസ് സ്കീം’ കൊണ്ടുവരാനും ശുപാർശയുണ്ട്.ഇതിലൂടെ നികുതിദായകരുടെ സമയവും ചെലവും കുറയ്ക്കുന്നതിനൊപ്പം നടപടിക്രമങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

ട്രക്കുകളുടെ പരിശോധനയ്ക്ക് നിയന്ത്രണം

കൃത്യമായ രഹസ്യവിവരങ്ങളില്ലാതെ ചരക്കുമായി പോകുന്ന ട്രക്കുകൾ തടഞ്ഞുനിർത്തി പരിശോധിക്കുന്നത് നിയന്ത്രിക്കാനും കൗൺസിൽ നിർദേശിച്ചു. ഇതിനായി ജോയിന്റ് കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമായി വരും.ഒരു സംസ്ഥാനത്തിലൂടെ കടന്നുപോകുന്നു എന്ന കാരണത്താൽ മാത്രം ട്രക്ക് തടഞ്ഞ് പരിശോധിക്കാനാകില്ല. എന്നാൽ ഇ-വേ ബിൽ ഉൾപ്പെടെയുള്ള നിർബന്ധിത രേഖകൾ ഇല്ലാത്ത സാഹചര്യങ്ങളിൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാം.ഈ മാറ്റം ചരക്കുനീക്കത്തിലെ അനാവശ്യ കാലതാമസം കുറയ്ക്കാനും വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

13 ദിവസത്തിനുള്ളിൽ 90% ജിഎസ്ടി റീഫണ്ട്

ബിസിനസ് സ്ഥാപനങ്ങൾക്ക് ജിഎസ്ടി റീഫണ്ടിന്റെ 90 ശതമാനം 13 ദിവസത്തിനുള്ളിൽ ലഭ്യമാക്കാനും കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്. റീഫണ്ട് ക്ലെയിമുകൾ അംഗീകരിക്കുന്നതിനുള്ള സമയപരിധി 15 ദിവസത്തിൽനിന്ന് 10 ദിവസമായി കുറയ്ക്കാനും നിർദേശമുണ്ട്.റീഫണ്ട് നടപടികൾ വേഗത്തിലാകുന്നതോടെ സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനത്തിന്മേലുള്ള സമ്മർദം കുറയുകയും പണമൊഴുക്ക് മെച്ചപ്പെടുകയും ചെയ്യും.

ബിസിനസ് സൗഹൃദ നികുതി സംവിധാനത്തിലേക്ക്

അറസ്റ്റ് അധികാരവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ, പിഴകളുടെ യുക്തിസഹമായ പരിഷ്കാരം, ഫെയ്സ്ലെസ് നടപടിക്രമങ്ങൾ, വേഗത്തിലുള്ള റീഫണ്ട് എന്നിവയിലൂടെ ജിഎസ്ടി സംവിധാനത്തെ കൂടുതൽ ബിസിനസ് സൗഹൃദമാക്കുകയാണ് കൗൺസിലിന്റെ ലക്ഷ്യം.എന്നാൽ ഇവ കൗൺസിലിന്റെ ശുപാർശകളാണെന്നതും നിയമപരമായ നടപടികൾ പൂർത്തിയാക്കി ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതുവരെ നിലവിലുള്ള വ്യവസ്ഥകൾ ബാധകമായിരിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *