രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുന്നു; വായ്പക്കാരെ കാത്തിരിക്കുന്നത് പലിശഭാരം

രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരുന്നത് സാധാരണക്കാർക്കും റിസർവ് ബാങ്കിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ബിസിനസ് മേഖലയ്ക്കും ഒരുപോലെ ആശങ്കയാകുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലമാറ്റം പ്രതിഫലിപ്പിക്കുന്ന റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിലെ 4.83 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 5.54 ശതമാനമായി ഉയർന്നു. 2024 ഒക്ടോബറിൽ രേഖപ്പെടുത്തിയ 6.21 ശതമാനത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പണപ്പെരുപ്പം കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം കേന്ദ്രസർക്കാർ 2012ൽനിന്ന് 2024ലേക്ക് മാറ്റിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുമാണിത്.

പലിശഭാരം കൂടുമോ? വായ്പക്കാർക്ക് ആശങ്ക

പണപ്പെരുപ്പം നാല് ശതമാനമായി നിലനിർത്തുകയാണ് റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതിയുടെ (എംപിസി) പ്രധാന ലക്ഷ്യം. രണ്ട് ശതമാനം മുതൽ ആറ് ശതമാനം വരെയുള്ള പണപ്പെരുപ്പ നിരക്കാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യപരിധി.പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നത് പലിശനിരക്കുകളെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നുണ്ടെങ്കിലും അടുത്ത പണനയ യോഗത്തിൽ പലിശ നിരക്ക് ഉയർത്തുമെന്ന് ഉറപ്പിച്ചു പറയാനാവില്ല. പണപ്പെരുപ്പത്തിന്റെ പ്രവണത, സാമ്പത്തിക വളർച്ച, എണ്ണവില, മറ്റ് സാമ്പത്തിക സൂചകങ്ങൾ എന്നിവ വിലയിരുത്തിയാകും റിസർവ് ബാങ്ക് തീരുമാനമെടുക്കുക.പലിശനിരക്കുകൾ ഉയരുകയാണെങ്കിൽ ഭവന, വാഹന, വ്യക്തിഗത വായ്പകൾ എടുത്തിട്ടുള്ളവർക്ക് തിരിച്ചടവ് ബാധ്യത കൂടാം. പുതിയ വായ്പകൾ എടുക്കുന്നവർക്കും ഉയർന്ന പലിശ നിരക്ക് ബാധകമായേക്കാം. ഇതോടെ കുടുംബങ്ങളുടെ മാസബജറ്റിൽ കൂടുതൽ സമ്മർദമുണ്ടാകാനുള്ള സാധ്യതയുണ്ട്.

ഭക്ഷ്യവിലക്കയറ്റം ആശങ്കയാകുന്നു

ഭക്ഷ്യവിലപ്പെരുപ്പത്തിലെ വർധനയാണ് സാമ്പത്തിക മേഖലയെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. ഓഗസ്റ്റിൽ 5.97 ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം സെപ്റ്റംബറിൽ 7.74 ശതമാനമായി ഉയർന്നു.ഗ്രാമീണ മേഖലകളിൽ റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.24 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 6.08 ശതമാനമായി. നഗരങ്ങളിൽ 4.31 ശതമാനത്തിൽനിന്ന് 4.88 ശതമാനത്തിലേക്കും വർധിച്ചു.ഭക്ഷ്യവിലപ്പെരുപ്പം ഗ്രാമങ്ങളിൽ 6.17 ശതമാനത്തിൽനിന്ന് 8.06 ശതമാനമായി ഉയർന്നപ്പോൾ നഗരങ്ങളിൽ 5.64 ശതമാനത്തിൽനിന്ന് 7.18 ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലവർധന സാധാരണ കുടുംബങ്ങളുടെ ചെലവുകളെ നേരിട്ട് ബാധിക്കുന്നതിനാൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്.

സെപ്റ്റംബറിൽ ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയ ഉൽപ്പന്നങ്ങളിൽ ഉള്ളി മുന്നിലെത്തി. ഉള്ളിയുടെ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിലെ 48.78 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 108.09 ശതമാനമായി ഉയർന്നു.
വെള്ളിയാഭരണങ്ങളുടെ വിലക്കയറ്റ നിരക്ക് 87.80 ശതമാനമായിരുന്നു. എന്നാൽ ഓഗസ്റ്റിൽ ഇത് 106.81 ശതമാനമായിരുന്നു. ഇഞ്ചി (62.85%), വെളുത്തുള്ളി (54.62%), ചെറുനാരങ്ങ (36.41%) എന്നിവയിലും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തി.അതേസമയം, ചില ഉൽപ്പന്നങ്ങളുടെ വിലയിൽ കുറവുണ്ടായി. ഉരുളക്കിഴങ്ങിൽ 11.50 ശതമാനവും തക്കാളിയിൽ 8.62 ശതമാനവും വിലയിടിവ് രേഖപ്പെടുത്തി. കാറുകളും ജീപ്പുകളും (4.51%), വെണ്ടയ്ക്ക (4.48%), തേങ്ങ (3.99%) എന്നിവയിലും വിലക്കുറവുണ്ടായി.

വിലക്കയറ്റത്തിൽ തമിഴ്നാട് മുന്നിൽ

സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകളിൽ സെപ്റ്റംബറിൽ തമിഴ്നാടാണ് ഏറ്റവും ഉയർന്ന റീട്ടെയ്ൽ പണപ്പെരുപ്പം രേഖപ്പെടുത്തിയത്. 6.81 ശതമാനമാണ് തമിഴ്നാട്ടിലെ നിരക്ക്. ഒഡീഷയിൽ 6.70 ശതമാനവും മധ്യപ്രദേശിൽ 6.68 ശതമാനവും തെലങ്കാനയിൽ 6.64 ശതമാനവും ആന്ധ്രപ്രദേശിൽ 6.29 ശതമാനവുമാണ് പണപ്പെരുപ്പം.
ഭക്ഷ്യവിലപ്പെരുപ്പത്തിലും തമിഴ്നാട് മുന്നിലാണ്. 10.62 ശതമാനമാണ് സംസ്ഥാനത്തെ നിരക്ക്. ആന്ധ്രപ്രദേശിൽ 10.18 ശതമാനവും ഒഡീഷയിൽ 9.58 ശതമാനവും കർണാടകയിൽ ഒമ്പത് ശതമാനവും മഹാരാഷ്ട്രയിൽ 8.91 ശതമാനവുമാണ് ഭക്ഷ്യവിലപ്പെരുപ്പം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഡൽഹിയിലുമാണ് താരതമ്യേന കുറഞ്ഞ പണപ്പെരുപ്പം രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

കേരളത്തിലും വിലക്കയറ്റം വർധിക്കുന്നു

2025 ജനുവരി മുതൽ ഡിസംബർ വരെ തുടർച്ചയായി 12 മാസം ഉയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളിൽ മുന്നിലുണ്ടായിരുന്ന കേരളം 2026ൽ റാങ്കിങ്ങിൽ മെച്ചപ്പെട്ടിരുന്നു. ജനുവരിയിൽ രണ്ടാം സ്ഥാനത്തും ഫെബ്രുവരിയിൽ മൂന്നാം സ്ഥാനത്തുമായിരുന്നു കേരളം. മാർച്ചിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽനിന്നും പുറത്തായി.എന്നാൽ സംസ്ഥാനത്തും പണപ്പെരുപ്പം വീണ്ടും ഉയരുന്നത് ആശങ്കയാകുന്നു. ഓഗസ്റ്റിൽ 4.67 ശതമാനമായിരുന്ന കേരളത്തിലെ റീട്ടെയ്ൽ പണപ്പെരുപ്പം സെപ്റ്റംബറിൽ 5.26 ശതമാനമായി വർധിച്ചു. ഗ്രാമീണ മേഖലയിൽ 5.61 ശതമാനവും നഗരങ്ങളിൽ 4.97 ശതമാനവുമാണ് നിരക്ക്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താരതമ്യേന കുറഞ്ഞ പണപ്പെരുപ്പമാണ് കേരളത്തിൽ

രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ 6.81 ശതമാനവും തെലങ്കാനയിൽ 6.64 ശതമാനവും ആന്ധ്രപ്രദേശിൽ 6.29 ശതമാനവും കർണാടകയിൽ 5.86 ശതമാനവുമാണ് നിരക്ക്. പുതുച്ചേരിയിൽ 6.86 ശതമാനവും ലക്ഷദ്വീപിൽ 3.95 ശതമാനവുമാണ് പണപ്പെരുപ്പം.

കുടുംബബജറ്റിന് വീണ്ടും സമ്മർദം

ഭക്ഷ്യവസ്തുക്കളുടെ വിലവർധനയും മറ്റ് നിത്യച്ചെലവുകളിലെ മാറ്റങ്ങളും സാധാരണക്കാരുടെ കുടുംബബജറ്റിനെ നേരിട്ട് ബാധിക്കും. അതേസമയം, പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നത് പലിശനയത്തെയും സാമ്പത്തിക വളർച്ചയെയും സംബന്ധിച്ച തീരുമാനങ്ങളിൽ നിർണായകമാകും.കേരളത്തിൽ പണപ്പെരുപ്പം ദേശീയതലത്തിലെ ഉയർന്ന നിരക്കുകളേക്കാൾ താഴെയാണെങ്കിലും തുടർച്ചയായ വർധന സംസ്ഥാന സർക്കാരിനും വെല്ലുവിളിയാണ്. വരും മാസങ്ങളിൽ ഭക്ഷ്യവിലകളിലുണ്ടാകുന്ന മാറ്റങ്ങളും രാജ്യാന്തര എണ്ണവിലയും റിസർവ് ബാങ്കിന്റെ പണനയവും വിലക്കയറ്റത്തിന്റെ ഗതിയെ സ്വാധീനിക്കും.

Leave a Reply

Your email address will not be published. Required fields are marked *