ഇന്ത്യ–യുഎസ് വ്യാപാരചർച്ചയിൽ ഉടൻ ധാരണയിലെത്താനുള്ള സാധ്യത മങ്ങുന്നതായി സൂചന. ഇരുരാജ്യങ്ങളും പരസ്പരം വിട്ടുവീഴ്ച ചെയ്യാൻ ബുദ്ധിമുട്ടുള്ള ഘട്ടത്തിലെത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–യുഎസ് വ്യാപാര കരാർ വീണ്ടും വൈകിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.ഇനിയും ഇരുഭാഗങ്ങൾക്കും വിട്ടുവീഴ്ച ചെയ്യാനുള്ള സാധ്യതകൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവ പരമാവധി പ്രയോജനപ്പെടുത്തി ധാരണയിലെത്താൻ ശ്രമിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. എന്നാൽ, ചർച്ചകൾ നിലവിൽ നിർണായക ഘട്ടത്തിലാണെന്ന സൂചനയാണ് അവരുടെ പ്രതികരണത്തിലുള്ളത്.
തീരുവയെ വ്യാപാര ചർച്ചകളിൽ സമ്മർദത്തിനുള്ള ഉപാധിയാക്കുന്നതിനെതിരെയും നിർമല സീതാരാമൻ പരാമർശം നടത്തി. യുഎസ് സ്വീകരിക്കുന്ന വ്യാപാരനയത്തിനെതിരായ പരോക്ഷ വിമർശനമായാണ് ഈ പരാമർശം വിലയിരുത്തപ്പെടുന്നത്.കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യുഎസ് വ്യാപാര പ്രതിനിധി ജെമിസൺ ഗ്രീറും ഉടൻ ഇടക്കാല വ്യാപാര കരാറിലെത്താനുള്ള സാധ്യത സംബന്ധിച്ച് വ്യക്തമായ പ്രതീക്ഷ നൽകാത്ത നിലപാടാണ് സ്വീകരിച്ചത്.
തീരുവ, വിപണി പ്രവേശനം തുടങ്ങിയ വിഷയങ്ങളിലെ ഭിന്നതകൾ പരിഹരിക്കാനാകാത്തതാണ് ചർച്ചകൾ നീളുന്നതിനുള്ള പ്രധാന കാരണം. ഇരുരാജ്യങ്ങളും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പരസ്പരം ധാരണയിലെത്താനുള്ള ശ്രമം തുടരുന്നതിനാൽ, വ്യാപാര കരാറിന്റെ അന്തിമ രൂപം ലഭിക്കാൻ ഇനിയും സമയം വേണ്ടിവന്നേക്കും.
