ടാറ്റയുടെ മറ്റ് എസ്യുവികൾക്ക് പിന്നാലെ സിയാറയും ‘ഡാർക്ക് എഡിഷൻ’ കോസ്മെറ്റിക് പാക്കേജിൽ ലഭ്യമാകും. പ്യുവർ എൽ (Pure L) ട്രിം മുതൽ സിയാറ ഡാർക്ക് എഡിഷൻ സ്വന്തമാക്കാം. സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് പ്യുവർ എൽ ട്രിമ്മിന് 20,000 രൂപയും മറ്റ് ഉയർന്ന ട്രിമ്മുകൾക്ക് 30,000 രൂപയുമാണ് അധികമായി നൽകേണ്ടത്.സിയാറ ഡാർക്ക് എഡിഷന്റെ വില പ്യുവർ എൽ ട്രിമ്മിന് 13.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കും. ഏറ്റവും ഉയർന്ന അക്കംപ്ലിഷ്ഡ്+ (Accomplished+) ട്രിമ്മിന് 21.59 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
കറുത്ത നിറത്തിൽ ഡാർക്ക് ലുക്ക്
ഫ്രീസിയൻ ബ്ലാക്ക് (Friesian Black) ഷേഡിലാണ് സിയാറ ഡാർക്ക് എഡിഷൻ എത്തുന്നത്. വാഹനത്തിന്റെ പുറംഭാഗത്തെ ക്രോം ഘടകങ്ങൾക്ക് പകരം ബ്ലാക്ക് ഫിനിഷാണ് നൽകിയിരിക്കുന്നത്. ടാറ്റ ലോഗോയ്ക്കും അലോയ് വീലുകൾക്കും ഡാർക്ക് തീം നൽകിയിട്ടുണ്ട്. മുൻ ഫെൻഡറുകളിൽ ‘#DARK’ ബാഡ്ജിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്റീരിയറിലും കറുപ്പ് നിറത്തിലുള്ള തീം തുടരുന്നു. എന്നാൽ സാധാരണ ഡാർക്ക് തീമിൽ നിന്ന് വ്യത്യസ്തമായ ലുക്ക് നൽകുന്നതിനായി വിവിധ ഭാഗങ്ങളിൽ വയലറ്റ് മെറ്റാലിക് എലമെന്റുകൾ നൽകിയിട്ടുണ്ട്. എസി വെന്റ് ബെസലുകൾ, ഡോർ ഹാൻഡിലുകൾ, ഫ്രണ്ട് ആംറെസ്റ്റ്, സീറ്റ് ബാക്കുകൾ എന്നിവിടങ്ങളിലാണ് വയലറ്റ് നിറത്തിലുള്ള ഹൈലൈറ്റുകൾ നൽകിയിരിക്കുന്നത്. സീറ്റുകളിലെ സ്റ്റിച്ചിങ്ങും പർപ്പിൾ നിറത്തിലാണ്.
ഫീച്ചറുകളിൽ മാറ്റമില്ല
ഡാർക്ക് എഡിഷനിൽ സിയാറയുടെ ഇന്റീരിയർ ലേഔട്ടിലോ ഫീച്ചറുകളിലോ പ്രത്യേക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വേരിയന്റിന് അനുസരിച്ച് ട്രിപ്പിൾ സ്ക്രീൻ സെറ്റപ്പ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ്, കണക്റ്റഡ് കാർ ടെക്നോളജി, ലെവൽ 2 ADAS, 360 ഡിഗ്രി ക്യാമറ, 12-സ്പീക്കർ JBL സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും.പവർട്രെയിനിലും മാറ്റമില്ല. സിയാറ ഡാർക്ക് എഡിഷനിലും സാധാരണ സിയാറയിലെ അതേ എൻജിൻ, ഗിയർബോക്സ് ഓപ്ഷനുകൾ തന്നെയാണ് തുടരുന്നത്. അതായത്, ഡാർക്ക് എഡിഷനിലെ പ്രധാന മാറ്റങ്ങൾ ഡിസൈനിലും കോസ്മെറ്റിക് ഘടകങ്ങളിലുമാണ്.
