ജിഎസ്ടി പിരിവിൽ വൻ കുതിപ്പ്; സെപ്റ്റംബറിൽ രാജ്യത്തിന്റെ വരുമാനം 2.04 ലക്ഷം കോടി,കേരളത്തിനും നേട്ടം

രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉണർവ് ശക്തമാകുന്നതിന്റെ സൂചനയായി ജിഎസ്ടി പിരിവിൽ വൻ വർധന. സെപ്റ്റംബറിൽ രാജ്യത്തെ മൊത്തം ചരക്കു-സേവന നികുതി (ജിഎസ്ടി) വരുമാനം 14.7 ശതമാനം ഉയർന്ന് 2.04 ലക്ഷം കോടി രൂപയിലെത്തി.2025 സെപ്റ്റംബറിൽ 1.77 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി പിരിവ്. കഴിഞ്ഞമാസം കേന്ദ്ര ജിഎസ്ടിയായി (സിജിഎസ്ടി) 37,762 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയായി (എസ്ജിഎസ്ടി) 45,363 കോടി രൂപയും ലഭിച്ചു. സംയോജിത ജിഎസ്ടി (ഐജിഎസ്ടി) ഇനത്തിൽ 1.20 ലക്ഷം കോടി രൂപയും സമാഹരിച്ചു.

ആഭ്യന്തര ഇടപാടുകളിലും വൻ വർധന

രാജ്യത്തെ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം സെപ്റ്റംബറിൽ 10.1 ശതമാനം ഉയർന്ന് 1.37 ലക്ഷം കോടി രൂപയായി.അതേസമയം, ഇറക്കുമതി ചെയ്ത ഉൽപന്നങ്ങളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 25.9 ശതമാനം കുതിച്ച് 65,525 കോടി രൂപയിലെത്തി. ആഭ്യന്തര ഇടപാടുകളിലും ഇറക്കുമതിയിലും ഒരുപോലെ വർധന രേഖപ്പെടുത്തിയത് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ശക്തമായ നിലനിൽപ്പിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.നിലവിലെ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസമായ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ജിഎസ്ടി പിരിവ് 12.46 ലക്ഷം കോടി രൂപയായി. മുൻവർഷത്തെ സമാന കാലയളവിൽ ഇത് 11.17 ലക്ഷം കോടി രൂപയായിരുന്നു. അതായത് ഇത്തവണ 11.6 ശതമാനം വർധന രേഖപ്പെടുത്തി.

ജിഎസ്ടി പിരിവിൽ മഹാരാഷ്ട്ര മുന്നിൽ

സംസ്ഥാനങ്ങളിൽ ജിഎസ്ടി സമാഹരണത്തിൽ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. സെപ്റ്റംബറിൽ 15 ശതമാനം വളർച്ചയോടെ സംസ്ഥാനത്ത് 29,986 കോടി രൂപയാണ് പിരിച്ചത്.കർണാടക 16 ശതമാനം വളർച്ചയോടെ 13,884 കോടി രൂപ സമാഹരിച്ച് രണ്ടാം സ്ഥാനത്തെത്തി. 17 ശതമാനം വർധനയോടെ 12,222 കോടി രൂപ പിരിച്ച ഗുജറാത്താണ് മൂന്നാം സ്ഥാനത്ത്.ഉത്തർപ്രദേശിൽ ജിഎസ്ടി പിരിവ് 18 ശതമാനം ഉയർന്ന് 8,882 കോടി രൂപയായി.

കേരളത്തിനും നേട്ടം

കേരളത്തിലും ജിഎസ്ടി വരുമാനത്തിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ 3,328 കോടി രൂപയാണ് കേരളത്തിൽ ജിഎസ്ടിയായി പിരിച്ചത്. 2025 സെപ്റ്റംബറിൽ ഇത് 3,010 കോടി രൂപയായിരുന്നു. ഇതോടെ വാർഷിക വളർച്ച 11 ശതമാനമായി.കേരളത്തിന്റെ സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിന് ലഭിച്ച വിഹിതവും ഉൾപ്പെടുന്ന പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി വരുമാനം സെപ്റ്റംബറിൽ 3,451 കോടി രൂപയായി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് 9 ശതമാനം കൂടുതലാണ്.നടപ്പുസാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കേരളത്തിന്റെ പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി വരുമാനം 19 ശതമാനം ഉയർന്ന് 16,482 കോടി രൂപയിലെത്തി.

ജിഎസ്ടി പിരിവിലെ തുടർച്ചയായ വർധന രാജ്യത്തെ ഉപഭോഗം, വ്യാപാരം, വ്യവസായ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവത നിലനിൽക്കുന്നുവെന്നതിന്റെ പ്രധാന സൂചനയായാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *