ഡേറ്റ വേണ്ടേ? ഇനി റീചാർജിൽ പണം ലാഭിക്കാം; ട്രായിയുടെ പുതിയ മാറ്റങ്ങൾ

ഡേറ്റ ആവശ്യമില്ലാത്ത മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്. പ്രീപെയ്ഡ് റീചാർജുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ ഒക്ടോബർ 22 മുതൽ പ്രാബല്യത്തിൽ വരും. വോയ്സ് കോളും എസ്എംഎസും മാത്രം ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ പ്രത്യേക പ്ലാനുകൾ ലഭ്യമാക്കണമെന്നാണ് ടെലികോം കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം.നിലവിൽ 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കാരണം വർഷത്തിൽ 13 തവണ വരെ റീചാർജ് ചെയ്യേണ്ട സാഹചര്യമുണ്ട്. പുതിയ 30 ദിവസത്തെ പ്ലാനുകൾ വരുന്നതോടെ വർഷത്തിൽ 12 റീചാർജായി ഇത് കുറയാം.

ഡേറ്റ വേണ്ടെങ്കിൽ പണം അധികം നൽകേണ്ട

വോയ്സ് കോളും എസ്എംഎസും മാത്രം ഉൾപ്പെടുന്ന സ്പെഷൽ താരിഫ് വൗച്ചറുകൾ (STV) ടെലികോം കമ്പനികൾ നിർബന്ധമായും നൽകണം. ഡേറ്റയോ ഒടിടി സേവനങ്ങളോ ആവശ്യമില്ലാത്തവർക്ക് ഇതിലൂടെ ചെലവ് കുറയ്ക്കാനാകും.ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്ക് പുതിയ നിർദേശങ്ങൾ ബാധകമാണ്.ഓരോ കമ്പനിയും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, ഒരു സ്പെഷൽ താരിഫ് വൗച്ചർ, 30 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു കോംബോ വൗച്ചർ എന്നിവ നൽകണം. ഇവ ‘TRAI-Mandated Packs’ എന്ന പേരിൽ ആപ്പുകളിലും വെബ്സൈറ്റുകളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.

ഓരോ മാസവും ഒരേ തീയതിയിൽ റീചാർജ്

പുതിയ പ്ലാനുകളുടെ മറ്റൊരു പ്രത്യേകത 30 ദിവസത്തെ സ്ഥിരമായ വാലിഡിറ്റിയാണ്. ഉദാഹരണത്തിന് ജനുവരി 15ന് റീചാർജ് ചെയ്താൽ അടുത്ത റീചാർജ് ഫെബ്രുവരി 15ന് തന്നെ ചെയ്യാം.വൈ-ഫൈ ഉപയോഗിക്കുന്നവർ, ഫീച്ചർ ഫോൺ ഉപയോക്താക്കൾ, ഡ്യുവൽ സിം ഉപയോഗിക്കുന്നവർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് പുതിയ സംവിധാനം കൂടുതൽ പ്രയോജനപ്പെടും.അതേസമയം, നിലവിലുള്ള എല്ലാ 28 ദിവസത്തെ പ്ലാനുകളും നിർബന്ധമായും 30 ദിവസമാക്കണമെന്നല്ല ട്രായിയുടെ നിർദേശം. പ്രധാനമായും വോയ്സ്–എസ്എംഎസ് മാത്രം ഉൾപ്പെടുന്ന പ്ലാനുകളിലാണ് മാറ്റം വരുന്നത്.

28 ദിവസത്തിൽ നിന്ന് 30 ദിവസത്തേക്ക്; ലാഭം എത്ര?

ഉദാഹരണത്തിന് 28 ദിവസത്തേക്ക് 299 രൂപയുടെ പ്ലാൻ എടുത്താൽ ഒരു വർഷം 13 റീചാർജുകൾ വേണ്ടിവരും. ആകെ ചെലവ് 3,887 രൂപ. ഇതേ നിരക്കിൽ 30 ദിവസത്തെ വാലിഡിറ്റി ലഭിച്ചാൽ 12 റീചാർജിന് 3,588 രൂപ മാത്രം ചെലവാകും.അതായത്, ഡേറ്റ ആവശ്യമില്ലാത്തവർക്ക് റീചാർജ് ചെലവിൽ നേരിട്ടുള്ള ലാഭം ലഭിക്കാനാണ് സാധ്യത.

മറ്റൊരു മാറ്റം കൂടി

സ്മാർട്ട്ഫോൺ സ്ക്രീൻ പ്രൊട്ടക്ടറുകൾക്കും ഇനി ഗുണനിലവാര മാനദണ്ഡം നിർബന്ധമാകും. ടെമ്പർഡ് ഗ്ലാസുകൾക്ക് BIS സ്റ്റാൻഡേർഡ് മാർക്ക് നിർബന്ധമാക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. 2027 ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *