പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഇനി കൂടുതല്‍ നേട്ടം; പലിശ നിയന്ത്രണങ്ങളില്‍ ഇളവുമായി ആര്‍ബിഐ

പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാനുള്ള വഴിയൊരുങ്ങി. നോണ്‍-റെസിഡന്റ് എക്‌സ്റ്റേണല്‍ (NRE), ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ് [FCNR(B)] നിക്ഷേപങ്ങളിലെ പലിശ നിരക്ക് നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചു.പുതിയ തീരുമാനത്തോടെ, പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നതില്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ കാലാവധിയുള്ള പുതിയ എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്കും മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള പുതിയ എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങള്‍ക്കും ബാധകമായ പലിശ പരിധികളാണ് ആര്‍ബിഐ താല്‍ക്കാലികമായി ഒഴിവാക്കിയിരിക്കുന്നത്. 2026 സെപ്റ്റംബര്‍ 30 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാകുക.

ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം

നിലവില്‍ രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്‌ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ചില കാലാവധികളില്‍ 6 ശതമാനത്തിലധികം പലിശ ലഭിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങള്‍ക്ക് പുതിയ തീരുമാനം കൂടുതല്‍ കരുത്തേകും.

എന്തായിരുന്നു പഴയ നിയമം?

ഇതുവരെ, രൂപയിലുള്ള ആഭ്യന്തര സ്ഥിരനിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശനിരക്കിനെക്കാള്‍ ഉയര്‍ന്ന പലിശ എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. ഇതുമൂലം പ്രവാസി നിക്ഷേപകര്‍ക്ക് ലഭിക്കാവുന്ന വരുമാനത്തിന് ഒരു പരിധിയുണ്ടായിരുന്നു.

പുതിയ മാറ്റം എന്താണ്?

ആര്‍ബിഐയുടെ പുതിയ തീരുമാനപ്രകാരം, മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ കാലാവധിയുള്ള പുതിയ എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്കും പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കും ഇനി ഈ നിയന്ത്രണം ബാധകമല്ല. അതിനാല്‍ ആഭ്യന്തര സ്ഥിരനിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കാന്‍ ബാങ്കുകള്‍ക്ക് അവസരമൊരുങ്ങും.
എന്നാല്‍ എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ നിന്ന് എന്‍ആര്‍ഇ അക്കൗണ്ടുകളിലേക്ക് മാറ്റുന്ന തുകകള്‍ക്ക് ഈ ആനുകൂല്യം ബാധകമാകില്ല.അതേസമയം, മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള പുതിയ എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങളുടെ പലിശ നിരക്കിനുണ്ടായിരുന്ന ഉയര്‍ന്ന പരിധിയും ആര്‍ബിഐ എടുത്തുമാറ്റിയിട്ടുണ്ട്. ഇതിലൂടെ വിദേശ കറന്‍സി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് ബാങ്കുകള്‍ക്ക് കൂടുതല്‍ മത്സരാധിഷ്ഠിതമായ പലിശ വാഗ്ദാനം ചെയ്യാന്‍ സാധിക്കും.

പ്രവാസികള്‍ക്ക് നേട്ടം, ബാങ്കുകള്‍ക്ക് മത്സരം

ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സി നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും രൂപയുടെ സ്ഥിരത ശക്തിപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.
പുതിയ ഇളവ് പ്രവാസി ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വരുമാനം നേടാനുള്ള അവസരം ഒരുക്കുമ്പോള്‍, ബാങ്കുകള്‍ക്കിടയില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള മത്സരം ശക്തമാകാനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ ആകര്‍ഷകമായ പലിശനിരക്കുകളും പ്രത്യേക നിക്ഷേപ പദ്ധതികളും ബാങ്കുകള്‍ വരും മാസങ്ങളില്‍ അവതരിപ്പിച്ചേക്കും.

പ്രവാസി നിക്ഷേപകരെ ലക്ഷ്യമിട്ട് ബാങ്കുകള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തുന്ന സാഹചര്യത്തില്‍, മികച്ച പലിശയും കൂടുതല്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ നിക്ഷേപകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ