ഹോർമുസ് വഴി വീണ്ടും എണ്ണ ഒഴുകുന്നു; ആഗോള വിപണിക്ക് ആശ്വാസം, ഇറാൻ കീഴടങ്ങിയെന്ന് ട്രംപ്

ലോകത്തെ എണ്ണവിപണിയിലെ അനിശ്ചിതത്വങ്ങൾക്ക് ആശ്വാസം പകരുന്ന സൂചനകളുമായി ഹോർമുസ് കടലിടുക്ക് വീണ്ടും സജീവമാകുന്നു. മാസങ്ങളായി തടസപ്പെട്ട നിലയിലായിരുന്ന ഹോർമുസ് കടലിടുക്ക് വഴി 1.2 കോടി ബാരൽ ക്രൂഡോയിൽ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിയതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു. ഇറാന്റെ തീരപ്രദേശങ്ങളിലെ യുഎസ് നാവിക ഉപരോധം പിൻവലിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

എണ്ണ വിതരണം പുനരാരംഭിച്ചതോടെ ആഗോള വിപണിയിൽ ആശ്വാസമുണ്ടായെങ്കിലും ക്രൂഡോയിൽ വിലയിൽ പ്രതീക്ഷിച്ച തോതിലുള്ള ഇടിവ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. യുഎസ്–ഇറാൻ സമാധാന കരാറിന്റെ ഭാവിയും ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളും നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.ഇതിനിടെ, അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ സൂചനയും വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വായ്പാ ചെലവുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ തുടരാൻ ഇത് കാരണമാകുമെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിന് താഴെയായി തുടരുകയാണ്. സ്വർണവിലയിൽ കുത്തനെ ഇടിവുണ്ടായപ്പോൾ ഓഹരി വിപണികൾ നേട്ടം തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സമാധാന കരാറിന് പിന്നാലെ ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ലോക സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന വലിയ പ്രതിസന്ധിയിലേക്ക് യുദ്ധം നീങ്ങാതിരിക്കാനാണ് അമേരിക്ക ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ സൈനികമായും നയതന്ത്രപരമായും പരാജയപ്പെടുത്തിയെന്നും നിലവിലെ ധാരണ പോലും ഇറാന്റെ കീഴടങ്ങലിന്റെ തെളിവാണെന്നും ട്രംപ് പ്രതികരിച്ചു.അമേരിക്കൻ സൈന്യം നടത്തിയ നടപടികൾ ലോകത്തിലെ മറ്റൊരു സൈന്യത്തിനും സാധിക്കാത്തതാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ സമാധാന കരാറിന്റെ വിശദാംശങ്ങളെയും മേഖലയിലെ ദീർഘകാല സ്ഥിരതയെയും കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.