കേരളത്തിലെ ജെൻ സി തലമുറയുടെ സംരംഭക സ്വപ്നങ്ങൾക്ക് കരുത്തേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ജെൻ സി യുവാക്കൾക്കായുള്ള സ്റ്റാർട്ടപ്പുകൾക്കും നവ സംരംഭങ്ങൾക്കും 50 കോടി രൂപ വകയിരുത്തി.
ഡിജിറ്റൽ ധാർമ്മികത, സ്വകാര്യതാ സംരക്ഷണം, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ എന്നിവ മുൻനിർത്തിയുള്ള സ്റ്റാർട്ടപ്പുകൾ, ഇന്നോവേഷൻ ഹബുകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്മാർട്ട് വ്യവസായങ്ങൾ എന്നിവയുടെ വളർച്ച ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. യുവതലമുറയുടെ സാങ്കേതിക കഴിവുകളും നവോത്ഥാന ചിന്തകളും പ്രയോജനപ്പെടുത്തി ഭാവിയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഈ നിക്ഷേപം സഹായകരമാകുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.ഡിജിറ്റൽ യുഗത്തിൽ ജനിച്ച് വളർന്ന ജെൻ സി തലമുറയാണ് ഇന്ന് ലോകത്തെ ഏറ്റവും വേഗത്തിൽ മാറ്റങ്ങൾക്ക് വിധേയരാകുന്നതും മാറ്റങ്ങൾ സൃഷ്ടിക്കുന്നതുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഈ തലമുറ റോബോട്ടിക്സ്, ഡാറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), വെർച്വൽ റിയാലിറ്റി തുടങ്ങിയ അത്യാധുനിക മേഖലകളിലെ മുന്നേറ്റങ്ങൾ അതിവേഗം സ്വീകരിക്കുകയും പ്രായോഗികമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെൻ സി യുവാക്കളുടെ ആശയങ്ങൾക്കും സംരംഭങ്ങൾക്കും പ്രോത്സാഹനം നൽകിക്കൊണ്ട് കേരളത്തെ സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

