ഇറക്കുമതി നികുതി 110% ൽ നിന്ന് 10% ലേക്ക്; ഇന്ത്യ-യുകെ കരാർ വാഹന വിപണിയെ മാറ്റിമറിക്കും

ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (Comprehensive Economic and Trade Agreement) ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ വാഹന വിപണിയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. ബ്രിട്ടനിൽ നിന്നുള്ള കാറുകൾക്ക് ഇന്ത്യയിൽ കൂടുതൽ മത്സരാധിഷ്ഠിത വില ലഭിക്കുമ്പോൾ, ഇന്ത്യൻ വാഹന നിർമാതാക്കൾക്ക് യുകെ വിപണിയിലേക്കുള്ള കയറ്റുമതിക്കും പുതിയ അവസരങ്ങൾ തുറക്കപ്പെടും.കരാറിലെ ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥ, ചില വിഭാഗങ്ങളിലെ വാഹനങ്ങൾക്ക് നിലവിലുള്ള 110 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി വെറും 10 ശതമാനമായി കുറയ്ക്കുമെന്നതാണ്. എന്നാൽ നിശ്ചിത വാർഷിക ക്വാട്ടയുടെ അടിസ്ഥാനത്തിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

15 വർഷത്തിനിടെ ലക്ഷക്കണക്കിന് വാഹനങ്ങൾ

കരാറുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ രേഖകൾ പ്രകാരം, ആദ്യ 15 വർഷത്തിനിടെ ഏകദേശം 3.78 ലക്ഷം പെട്രോൾ, ഡീസൽ വാഹനങ്ങൾ കുറഞ്ഞ നികുതിയോടെ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കും. പ്രീമിയം മോഡലുകൾക്കൊപ്പം സാധാരണ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വാഹനങ്ങൾക്കും ഈ ഇളവ് ബാധകമാകും.

ആദ്യ വർഷം ലഭിക്കുന്ന ആനുകൂല്യങ്ങൾ

കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യ വർഷം 20,000 വാഹനങ്ങൾക്കാണ് നികുതിയിളവോടെ ഇന്ത്യയിലേക്ക് പ്രവേശനം ലഭിക്കുക.

3,000 സിസിക്ക് മുകളിലുള്ള പെട്രോൾ കാറുകളും 2,500 സിസിക്ക് മുകളിലുള്ള ഡീസൽ കാറുകളും ഉൾപ്പെടെ 10,000 വാഹനങ്ങൾക്ക് നികുതി 110 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയും.
1,500 മുതൽ 3,000 സിസി വരെയുള്ള പെട്രോൾ വാഹനങ്ങൾക്കും 2,500 സിസി വരെയുള്ള ഡീസൽ വാഹനങ്ങൾക്കും (5,000 യൂണിറ്റ്) നികുതി 66 ശതമാനത്തിൽ നിന്ന് 50 ശതമാനമാകും.
1,500 സിസി വരെയുള്ള സാധാരണ കാറുകൾക്കുള്ള (5,000 യൂണിറ്റ്) ഇറക്കുമതി തീരുവയും 50 ശതമാനമായി കുറയും.

അഞ്ചാം വർഷത്തോടെ നികുതി 10 ശതമാനത്തിലേക്ക്

കരാറിന്റെ അഞ്ചാം വർഷമാകുമ്പോഴേക്കും വാർഷിക ഇറക്കുമതി ക്വാട്ട 37,000 വാഹനങ്ങളായി ഉയരും. അതോടൊപ്പം എല്ലാ വിഭാഗം വാഹനങ്ങൾക്കും ബാധകമായ ഇറക്കുമതി നികുതി 10 ശതമാനമായി ചുരുങ്ങും.

ഈ ഘട്ടത്തിൽ:

വലിയ എഞ്ചിനുള്ള വാഹനങ്ങൾക്ക് 19,000 യൂണിറ്റിന്റെ ക്വാട്ട ,മറ്റ് രണ്ട് വിഭാഗങ്ങൾക്ക് 9,000 യൂണിറ്റ് വീതം ക്വാട്ട എന്നിങ്ങനെയായിരിക്കും അനുവദിക്കുക.

അതേസമയം, 15-ാം വർഷം മുതൽ വാർഷിക ഇറക്കുമതി ക്വാട്ട 15,000 വാഹനങ്ങളായി നിശ്ചയിക്കും. എന്നാൽ നികുതി നിരക്ക് 10 ശതമാനമായി തുടരും.

ഇലക്ട്രിക് വാഹനങ്ങളിൽ ഇന്ത്യയുടെ ജാഗ്രത

രാജ്യത്തെ ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി 40,000 പൗണ്ടിൽ താഴെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യ വിപണി തുറന്നുകൊടുത്തിട്ടില്ല.

ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജൻ വാഹനങ്ങൾക്ക് ആദ്യ അഞ്ച് വർഷത്തേക്ക് പ്രത്യേക നികുതിയിളവുകളൊന്നും അനുവദിക്കില്ല.

എന്നാൽ ആറാം വർഷം മുതൽ:

40,000 മുതൽ 80,000 പൗണ്ട് വരെ വിലയുള്ള വാഹനങ്ങൾക്ക് 50 ശതമാനം നികുതി (400 വാഹനങ്ങളുടെ ക്വാട്ട)
80,000 പൗണ്ടിന് മുകളിലുള്ള വാഹനങ്ങൾക്ക് 40 ശതമാനം നികുതി (4,000 വാഹനങ്ങളുടെ ക്വാട്ട) എന്നിങ്ങനെയാണ് വ്യവസ്ഥകൾ.പത്താം വർഷം മുതൽ ഈ നികുതി നിരക്ക് 10 ശതമാനത്തിൽ സ്ഥിരപ്പെടും.

ഇന്ത്യൻ വാഹനങ്ങൾക്ക് യുകെ വിപണിയിൽ വലിയ അവസരം

കരാറിന്റെ മറ്റൊരു പ്രധാന നേട്ടം ഇന്ത്യൻ വാഹന നിർമാതാക്കൾക്കാണ്. ആറാം വർഷം മുതൽ 20,000 മുതൽ 80,000 പൗണ്ട് വരെ വിലയുള്ള ഇന്ത്യൻ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ നികുതിയില്ലാതെ യുകെയിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കും.15-ാം വർഷത്തോടെ പ്രതിവർഷം 88,000 വാഹനങ്ങൾ വരെ ഈ വിഭാഗത്തിൽ കയറ്റുമതി ചെയ്യാനുള്ള അവസരമാണ് കരാർ ഒരുക്കുന്നത്. ഇത് ഇന്ത്യൻ വാഹന വ്യവസായത്തിന്റെ ആഗോള വളർച്ചയ്ക്ക് നിർണായകമായ പിന്തുണ നൽകുമെന്നാണ് വിലയിരുത്തൽ.

ഇളവ് ലഭിക്കാത്ത വാഹനങ്ങൾ

ഇരുചക്ര വാഹനങ്ങൾ, ബസുകൾ, ട്രക്കുകൾ എന്നിവയിലെ സീറോ എമിഷൻ മോഡലുകൾക്ക് (ഇലക്ട്രിക്, ഹൈഡ്രജൻ) ഇറക്കുമതി തീരുവയിൽ പ്രത്യേക ഇളവുകളൊന്നും അനുവദിച്ചിട്ടില്ലെന്ന് കരാർ വ്യക്തമാക്കുന്നു.
വാഹന വ്യാപാര മേഖലയിലെ നിക്ഷേപവും മത്സരവും വർധിപ്പിക്കുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകളും മെച്ചപ്പെട്ട വിലനിലവാരവും ഉറപ്പാക്കാൻ ഇന്ത്യ-യുകെ കരാർ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.