‘3 എഫ്’ന് ശേഷം ‘5 ആർ’; നികുതിദായകരെ ശത്രുക്കളായി കാണരുതെന്ന് നിർമല സീതാരാമൻ

പ്രശസ്തമായ ‘3 എഫ്’ ആഹ്വാനത്തിന് പിന്നാലെ പുതിയ ‘5 ആർ’ (5R) മന്ത്രവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നികുതിദായകർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും വ്യവസായ സൗഹൃദവുമാക്കാൻ ആദായ നികുതി വകുപ്പ് അഞ്ച് ‘ആർ’ തത്വങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

മന്ത്രി നിർദേശിച്ച അഞ്ച് ‘ആർ’കൾ ഇവയാണ്:

Recognise (തിരിച്ചറിയുക)
Respond (പ്രതികരിക്കുക)
Redress (പരിഹരിക്കുക)
Reflect (സ്വയം വിലയിരുത്തുക)
Reform (നവീകരിക്കുക)

ഓരോ നികുതിദായകന്റെയും പരാതികൾ ശ്രദ്ധയോടെ കേൾക്കുകയും സമയബന്ധിതമായി പരിഗണിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. പരാതികളോട് സഹാനുഭൂതിയോടെയുള്ള സമീപനം സ്വീകരിക്കണമെന്നും എല്ലാ ഘട്ടത്തിലും അർത്ഥവത്തായ ആശയവിനിമയം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.പരാതികൾ പരിഹരിക്കുന്നതിൽ ഒതുങ്ങാതെ, അവ ആവർത്തിക്കാൻ ഇടയാക്കുന്ന കാരണങ്ങൾ കണ്ടെത്തി സർക്കാർ സംവിധാനങ്ങളിലെ പോരായ്മകൾ തിരുത്താനുള്ള അവസരമായി കാണണമെന്നും മന്ത്രി നിർദേശിച്ചു. സമാന പരാതികൾ വീണ്ടും ഉയരാതിരിക്കാൻ ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

മനുഷ്യസഹജമായ തെറ്റുകൾ സംഭവിച്ചാൽ നികുതിദായകർക്ക് അവ തിരുത്താൻ അവസരം നൽകണമെന്നും, എന്നാൽ മനപ്പൂർവം നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.”സത്യസന്ധരായ നികുതിദായകർ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നിർണായക പങ്കാളികളാണ്. അവരെ ശത്രുക്കളായി കാണാതെ രാജ്യത്തിന്റെ വികസന പങ്കാളികളായി പരിഗണിക്കണം,” എന്നും നിർമല സീതാരാമൻ പറഞ്ഞു.

‘3 എഫ്’ ആഹ്വാനം

ഇതിന് മുമ്പും സമാന രീതിയിൽ ‘3 എഫ്’ ആഹ്വാനം ധനമന്ത്രി നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയും നിലനിന്ന സാഹചര്യത്തിൽ വളം (Fertiliser), ഇന്ധനം (Fuel), വിദേശനാണ്യ ശേഖരം (Forex) എന്നീ മൂന്ന് മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് അവർ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു ആ നിർദേശം.