2025–26 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയലിങ് നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. വാർഷിക വരുമാനം 50 ലക്ഷം രൂപ വരെ ഉള്ള ശമ്പളജീവികൾക്കും ചെറിയ ബിസിനസ് സ്ഥാപനങ്ങൾക്കും ബാധകമായ ഐടിആർ–1 (സഹജ്), ഐടിആർ–4 (സുഗം) ഫോമുകളുടെ യൂട്ടിലിറ്റികളാണ് ആദായനികുതി വകുപ്പ് പുറത്തിറക്കിയത്.
2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള വരുമാന വിവരങ്ങളാണ് ഈ വർഷം റിട്ടേണായി സമർപ്പിക്കേണ്ടത്. റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണെന്ന് അധികൃതർ അറിയിച്ചു.
ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ Income Tax e-Filing Portal വഴിയാണ് റിട്ടേൺ സമർപ്പിക്കേണ്ടത്.ഏപ്രിൽ 1 മുതൽ പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട റിട്ടേണുകളും നടപടിക്രമങ്ങളും പഴയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക.

