ലുലു ഗ്രൂപ്പ് അമേരിക്കയിലേക്ക്;ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ തുറക്കും

ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ അമേരിക്കയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ടെക്സസിലെ ഹൂസ്റ്റണിൽ ആധുനിക ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ ആരംഭിക്കും. 90,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുങ്ങുന്ന പുതിയ കേന്ദ്രത്തിൽ ഓഫിസും വെയർഹൗസും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളുണ്ടാകുമെന്ന് ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. രണ്ട് നിലകളിലായാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.ഹൂസ്റ്റണിലെ ബ്രൂക്ഷെയറിൽ അഞ്ച് ഏക്കർ സ്ഥലത്താണ് ഭക്ഷ്യസംസ്കരണ-കയറ്റുമതി കേന്ദ്രം സ്ഥാപിക്കുന്നത്. പ്രാദേശിക കർഷകരിൽനിന്ന് ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ ശേഖരിച്ച് വിവിധ ഹൈപ്പർമാർക്കറ്റുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കർഷകർക്ക് വിപണി ഉറപ്പാക്കുന്നതിനൊപ്പം വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും.ലൊസാഞ്ചലസ്, വാഷിങ്ടൺ ഡിസി തുടങ്ങിയ നഗരങ്ങളിലും ലുലു ഗ്രൂപ്പ് ഉപകേന്ദ്രങ്ങൾ ആരംഭിക്കും. അമേരിക്കൻ വിപണിയിലെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും ഭക്ഷ്യവിതരണ ശൃംഖല വിപുലീകരിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.

25 രാജ്യങ്ങളിൽ നിലവിൽ കേന്ദ്രങ്ങൾ

ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ചൈന, ശ്രീലങ്ക, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 25 ഓളം രാജ്യങ്ങളിൽ ലുലു ഗ്രൂപ്പിന് നിലവിൽ ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുണ്ട്.
അന്താരാഷ്ട്ര വിപണികളിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കാനഡയിലും ഓസ്ട്രേലിയയിലും അടുത്ത വർഷം പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ആഗോളതലത്തിൽ ഭക്ഷ്യസംഭരണം, സംസ്കരണം, കയറ്റുമതി, വിതരണ ശൃംഖല എന്നിവ വിപുലീകരിക്കുന്നതിലൂടെ ലുലു ഗ്രൂപ്പിന്റെ അന്താരാഷ്ട്ര വ്യാപാര പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *