വിദേശത്ത് വീടും ഭൂമിയും വാങ്ങാൻ ഇന്ത്യക്കാർ; റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ 64% വർധന

വിദേശരാജ്യങ്ങളിൽ വീടും ഭൂമിയും വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന. വാടക വരുമാനം നേടുന്നതിനും ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുമായി വിദേശ റിയൽ എസ്റ്റേറ്റ് വിപണികളിലേക്ക് കൂടുതൽ പണം ഒഴുക്കുകയാണ് ഇന്ത്യൻ നിക്ഷേപകർ. നൈറ്റ് ഫ്രാങ്ക് ഇന്ത്യയും ഐആർഇഎക്സും (IREX) സംയുക്തമായി പുറത്തിറക്കിയ ‘കീസ് ബിയോണ്ട് ബോർഡേഴ്സ്’ (Keys Beyond Borders) റിപ്പോർട്ട് പ്രകാരം, വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനായി ഇന്ത്യയിൽനിന്ന് അയച്ച തുകയിൽ 64 ശതമാനം വർധന രേഖപ്പെടുത്തി.

വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപം 4,400 കോടി കടന്നു

2025–26 സാമ്പത്തിക വർഷത്തിൽ വിദേശത്ത് റിയൽ എസ്റ്റേറ്റ് വാങ്ങുന്നതിനായി ഇന്ത്യക്കാർ 528.7 മില്യൺ ഡോളർ അയച്ചതായാണ് റിപ്പോർട്ടിലെ കണക്ക്. ഏകദേശം 4,400 കോടി രൂപയിലധികം വരുമിത്. 2024–25 സാമ്പത്തിക വർഷത്തിൽ 322.82 മില്യൺ ഡോളറായിരുന്നു ഈ തുക.റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) വഴിയുള്ള മൊത്തം പണമയയ്ക്കലിൽ കുറവുണ്ടായെങ്കിലും വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപം ഗണ്യമായി വർധിച്ചുവെന്നതാണ് ശ്രദ്ധേയം. വിദേശ വിപണികളിലെ വസ്തുവകകളെ സമ്പത്ത് വൈവിധ്യവൽക്കരിക്കുന്നതിനുള്ള മാർഗമായി ഇന്ത്യൻ നിക്ഷേപകർ കാണുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

8 കോടി രൂപയ്ക്കുമേൽ നിക്ഷേപിക്കാൻ താൽപര്യം

വിദേശത്ത് വസ്തുവകകൾ വാങ്ങാൻ താൽപര്യമുള്ളവരിൽ 85 ശതമാനം പേരും 2.5 ലക്ഷം മുതൽ 10 ലക്ഷം ഡോളർ വരെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഏകദേശം 2.08 കോടി മുതൽ 8.33 കോടി രൂപ വരെയാണിത്.വസ്തുവകകളുടെ കാര്യത്തിൽ അപ്പാർട്ട്മെന്റുകൾക്കും കോണ്ടോമിനിയങ്ങൾക്കുമാണ് കൂടുതൽ ആവശ്യക്കാർ. സർവേയിൽ പങ്കെടുത്ത 69 ശതമാനം പേർ ഇത്തരം വീടുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. 26 ശതമാനം പേർ വില്ലകൾക്കും ടൗൺഹൗസുകൾക്കുമാണ് മുൻഗണന നൽകുന്നത്.1,500 മുതൽ 2,500 ചതുരശ്ര അടി വരെയുള്ള വീടുകളാണ് 76 ശതമാനം നിക്ഷേപകരും തിരഞ്ഞെടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിദേശ വിപണികൾ

യുഎഇ, ഗ്രീസ്, തായ്ലൻഡ്, പോർച്ചുഗൽ, ഓസ്ട്രേലിയ, അമേരിക്ക, യുകെ, ഇന്തോനേഷ്യയിലെ ബാലി, കാനഡ, മലേഷ്യ എന്നിവയാണ് ഇന്ത്യൻ നിക്ഷേപകരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.വാടകയിലൂടെ സ്ഥിരമായ വരുമാനം നേടുക, ഭാവിയിൽ വസ്തുവിന്റെ വില വർധിക്കുന്നതിലൂടെ നേട്ടമുണ്ടാക്കുക തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾക്കൊപ്പം വിദേശരാജ്യങ്ങളിലെ താമസാനുമതി പദ്ധതികൾ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ എന്നിവയും നിക്ഷേപ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്.

വ്യാപാരികൾക്കൊപ്പം പ്രൊഫഷണലുകളും

വിദേശ റിയൽ എസ്റ്റേറ്റ് വാങ്ങാൻ താൽപര്യമുള്ളവരിൽ 53 ശതമാനം പേരും വ്യവസായികളും വ്യാപാരികളുമാണ്. അതേസമയം, കോർപ്പറേറ്റ് ഉദ്യോഗസ്ഥരുടെയും മറ്റ് പ്രൊഫഷണലുകളുടെയും പങ്കാളിത്തവും വർധിച്ചിട്ടുണ്ട്. പത്ത് വർഷം മുമ്പ് ഏഴ് ശതമാനമായിരുന്ന ഇവരുടെ പങ്ക് ഇപ്പോൾ 30 ശതമാനമായി ഉയർന്നതായാണ് റിപ്പോർട്ടിലെ കണക്ക്.നിക്ഷേപകരിൽ 76 ശതമാനം പേരും 35–50 പ്രായപരിധിയിലുള്ളവരാണ്. ഇന്ത്യൻ നിക്ഷേപകരുടെ മൊത്തം സമ്പത്തിൽ വിദേശ റിയൽ എസ്റ്റേറ്റിന്റെ പങ്ക് 13 ശതമാനത്തോളമായി ഉയർന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു പതിറ്റാണ്ട് മുമ്പ് ഇത് അഞ്ച് ശതമാനമായിരുന്നു.

വിദേശത്ത് വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിദേശത്ത് റിയൽ എസ്റ്റേറ്റ് വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS), ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA), ഇന്ത്യയിലെയും നിക്ഷേപം നടത്തുന്ന രാജ്യത്തെയും നികുതി നിയമങ്ങൾ എന്നിവ പാലിക്കേണ്ടതുണ്ട്.വസ്തു വാങ്ങുന്നതിനു മുമ്പ് ഉടമസ്ഥാവകാശ രേഖകൾ, വാടക വരുമാനത്തിനുള്ള സാധ്യത, പരിപാലനച്ചെലവ്, നികുതി ബാധ്യതകൾ, വിൽക്കുമ്പോഴുള്ള നിയന്ത്രണങ്ങൾ എന്നിവയും പരിശോധിക്കണം. വിദേശത്ത് വസ്തു വാങ്ങുന്നതുകൊണ്ടുമാത്രം താമസാനുമതിയോ പൗരത്വമോ സ്വയമേവ ലഭിക്കില്ലെന്ന കാര്യവും നിക്ഷേപകർ മനസ്സിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *