ആഗോള എണ്ണവിതരണത്തിലെ തടസ്സങ്ങൾ നേരിടുന്നതിനും ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി രാജ്യത്തെ തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരണശേഷി 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഒഡിഷയിലെ ചാന്ദിക്കോലിൽ നാല് മില്യൺ ടൺ ശേഷിയുള്ള പുതിയ ക്രൂഡോയിൽ സംഭരണകേന്ദ്രം സ്ഥാപിക്കാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. 8,571 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.സ്വകാര്യ നിക്ഷേപകരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കേന്ദ്രസർക്കാർ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ നിക്ഷേപകർക്ക് പദ്ധതി പൂർത്തിയാക്കുന്നതിനായി 5,142 കോടി രൂപ വരെ ഗ്രാന്റായി നൽകും. ഏറ്റവും കുറഞ്ഞ ഗ്രാന്റ് തുക ആവശ്യപ്പെടുന്ന കമ്പനിക്കായിരിക്കും കരാർ നൽകുകയെന്ന് ടെൻഡർ രേഖകളിൽ വ്യക്തമാക്കുന്നു.
വിശാഖപട്ടണത്തെ സംഭരണശേഷിയും പ്രയോജനപ്പെടുത്തും
നിലവിൽ വിശാഖപട്ടണത്ത് പ്രവർത്തിക്കുന്ന തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരണ കേന്ദ്രത്തിന്റെ ഒരു ഭാഗം മൂന്നു വർഷത്തേക്ക് വാടകയ്ക്ക് നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. 5.24 ലക്ഷം ടൺ പെട്രോളിയം ഉൽപന്നങ്ങൾ സംഭരിക്കാൻ ശേഷിയുള്ള സൗകര്യമാണിത്. ആവശ്യമെങ്കിൽ കരാർ കാലാവധി നാലു വർഷത്തേക്ക് കൂടി നീട്ടാനാകും.പശ്ചിമേഷ്യയ്ക്ക് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ ക്രൂഡോയിൽ സംഭരിക്കാനുള്ള സാധ്യത എണ്ണ ഉൽപാദക രാജ്യങ്ങൾ തേടുന്നതിനിടെയാണ് ഇന്ത്യയുടെ ഈ നീക്കം.
അടുത്ത വർഷം മുതൽ സിംഗപ്പൂരിലെ എണ്ണ സംഭരണ ടാങ്കുകളിൽ ക്രൂഡോയിൽ സൂക്ഷിക്കുമെന്ന് സൗദി അറേബ്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ജപ്പാനിലും ദക്ഷിണ കൊറിയയിലും സൗദി എണ്ണ സംഭരിക്കുന്നുണ്ട്. മറ്റൊരു പ്രമുഖ എണ്ണ ഉൽപാദക രാജ്യമായ യുഎഇ ഇതിനോടകം ഇന്ത്യയിലും ക്രൂഡോയിൽ ശേഖരിക്കുന്നുണ്ട്. 30 ദശലക്ഷം ബാരൽ അധികമായി സംഭരിക്കാനുള്ള പദ്ധതിയും ഇന്ത്യയും യുഎഇയും പരിഗണിക്കുന്നുണ്ട്.
പുതിയ സംഭരണ കേന്ദ്രങ്ങൾ വരുന്നു
ചാന്ദിക്കോലിന് പുറമെ മധ്യപ്രദേശിലെ ബിന, രാജസ്ഥാനിലെ ബിക്കാനീർ, കർണാടകയിലെ പദൂർ, മംഗളൂരു എന്നിവിടങ്ങളിലും പുതിയ കരുതൽ ശേഖരണ കേന്ദ്രങ്ങൾ വികസിപ്പിക്കാനാണ് ഇന്ത്യയുടെ പദ്ധതി.
നിലവിൽ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന് (ISPRL) കീഴിൽ വിശാഖപട്ടണം, മംഗളൂരു, പദൂർ എന്നിവിടങ്ങളിലെ ഭൂഗർഭ സംഭരണ അറകളിലായി 5.33 മില്യൺ മെട്രിക് ടൺ ക്രൂഡോയിൽ സൂക്ഷിക്കാനുള്ള ശേഷിയാണുള്ളത്.വിദേശത്തുനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും നിലച്ചാൽ നിലവിലെ കരുതൽ ശേഖരം ഉപയോഗിച്ച് രാജ്യത്തിന് ഏകദേശം 9.5 ദിവസം മാത്രമേ ആവശ്യങ്ങൾ നിറവേറ്റാനാകൂ എന്നാണ് കണക്ക്. കുറഞ്ഞത് 90 ദിവസത്തേക്കുള്ള ക്രൂഡോയിൽ കരുതൽ ശേഖരം നിലനിർത്തണമെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ (IEA) നിർദേശം.
ഹോർമുസ് പ്രതിസന്ധി നൽകിയ മുന്നറിയിപ്പ്
ആഗോള എണ്ണവിതരണത്തിന്റെ പ്രധാന പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളും പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യങ്ങളും ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗം പശ്ചിമേഷ്യൻ രാജ്യങ്ങളെ ആശ്രയിച്ചാണ് നടക്കുന്നത്.ഇത്തരം പ്രതിസന്ധികൾ ആവർത്തിച്ചാൽ രാജ്യത്തെ ഇന്ധനവിതരണത്തെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിൽ ആഭ്യന്തര കരുതൽ ശേഖരണശേഷി വർധിപ്പിക്കുകയും വിദേശ സംഭരണ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നത് ഇന്ത്യയുടെ ഊർജ സുരക്ഷാ നയത്തിൽ നിർണായകമാകുകയാണ്.
