പൊതുമേഖലാ ബാങ്കുകളിൽ വൻ അഴിച്ചുപണി; ലയനവും സ്വകാര്യവൽക്കരണവും പരിഗണനയിൽ

രാജ്യത്തെ ബാങ്കിങ് മേഖലയിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. മുൻ കേന്ദ്ര വിജിലൻസ് കമ്മിഷണർ സുരേഷ് എൻ. പട്ടേലിന്റെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചത്. 2026–27ലെ കേന്ദ്ര ബജറ്റിൽ ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾക്കായി ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ശിരീഷ് ചന്ദ്ര മുർമു, ഇന്ത്യൻ ബാങ്ക് മുൻ എംഡി പത്മജ ചുന്ദുരു, റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി(ബാങ്കിങ്) മെംബർ സെക്രട്ടറിയായി പ്രവർത്തിക്കും. ആറു മാസമാണ് സമിതിയുടെ കാലാവധി.
പൊതുമേഖലാ ബാങ്കുകളുടെ ലയനവും സ്വകാര്യവൽക്കരണവും സമിതിയുടെ പരിഗണനയിലുണ്ടാകുമെന്നാണ് സൂചന. ബാങ്കിങ് മേഖലയിൽ സ്വകാര്യവൽക്കരണത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്.

സമിതിയുടെ പ്രധാന പരിഗണനാ വിഷയങ്ങൾ

• ഇന്ത്യൻ ബാങ്കുകളെ ആഗോളതലത്തിൽ മത്സരക്ഷമവും ലോകോത്തര നിലവാരത്തിലുള്ളതുമാക്കുന്നതിനുള്ള നടപടികൾ.
• ഗ്രാമീണ ബാങ്കുകളും സഹകരണ ബാങ്കുകളും ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനച്ചട്ടങ്ങളിൽ പരിഷ്കാരം.
• ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും പുതിയ ധനസമാഹരണ മാർഗങ്ങൾ കണ്ടെത്തുക.
• സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം ബാങ്കിങ് മേഖലയിൽ ഡിജിറ്റൽ, നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യകൾ വ്യാപകമാക്കുക.
• മുൻഗണനാ വായ്പാ പദ്ധതികളിലും ലീഡ് ബാങ്ക് സംവിധാനത്തിലും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുക.

സമിതിയുടെ ശുപാർശകൾ ബാങ്കിങ് മേഖലയിലെ ഭാവി നയരൂപീകരണത്തിലും പൊതുമേഖലാ ബാങ്കുകളുടെ ഘടനയിലും നിർണായക സ്വാധീനം ചെലുത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *