ഉയർന്ന പലിശനിരക്കിനെത്തുടർന്ന് റിസർവ് ബാങ്ക് വഴി 1,500 കോടി രൂപ കടമെടുക്കാനുള്ള നീക്കത്തിൽനിന്ന് കേരള സർക്കാർ പിൻമാറി. അടുത്ത ആഴ്ചയിലെ ശമ്പളവിതരണത്തിനും മറ്റ് അടിയന്തര ചെലവുകൾക്കുമായി പണം കണ്ടെത്താനാണ് സർക്കാർ കടമെടുക്കാൻ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച റിസർവ് ബാങ്കിന് അപേക്ഷയും നൽകിയിരുന്നു.എന്നാൽ നിക്ഷേപകർ 8.5 ശതമാനം ഉയർന്ന പലിശ ആവശ്യപ്പെട്ടതോടെ സർക്കാർ തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ താൽക്കാലിക സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റ് മാർഗങ്ങളിലൂടെ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ.
കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങൾ ചേർന്ന് കടപ്പത്രങ്ങൾ വഴി 23,300 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലേലം പൂർത്തിയായപ്പോൾ 18,963 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങൾ സ്വീകരിച്ചത്. ഉയർന്ന പലിശനിരക്കിനെത്തുടർന്ന് പല സംസ്ഥാനങ്ങളും കടമെടുപ്പ് കുറയ്ക്കുകയോ പൂർണമായി ഉപേക്ഷിക്കുകയോ ചെയ്തു.ഗുജറാത്ത് 2,000 കോടി രൂപയുടെയും ജാർഖണ്ഡ് 200 കോടി രൂപയുടെയും കടപ്പത്രങ്ങൾ പിൻവലിച്ചു. സിക്കിം 400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട് ഇത് 200 കോടിയായി കുറച്ചു. അസം ലക്ഷ്യമിട്ട 1,000 കോടിയിൽ 606.73 കോടി രൂപയും നാഗാലാൻഡ് 300 കോടിയിൽ 256.61 കോടി രൂപയുമാണ് സമാഹരിച്ചത്. അതേസമയം, തമിഴ്നാടും ഉത്തർപ്രദേശും പ്രഖ്യാപിച്ച മുഴുവൻ തുകയും സ്വീകരിച്ചു.
കേരളം വിപണിയിൽ ഇറക്കിയത് 14 വർഷ കാലാവധിയുള്ള കടപ്പത്രങ്ങളായിരുന്നു. 8.5 ശതമാനം പലിശയ്ക്ക് വായ്പ സ്വീകരിച്ചിരുന്നെങ്കിൽ ഭാവിയിൽ പുറത്തിറക്കുന്ന കടപ്പത്രങ്ങൾക്കും ഉയർന്ന പലിശ നൽകേണ്ടിവരുമെന്ന ആശങ്കയും കടമെടുപ്പ് ഉപേക്ഷിക്കാനുള്ള കാരണമായി.
