തമിഴ്നാട്ടിൽ ദീപാവലി റിലീസുകളോടനുബന്ധിച്ച് തിയറ്ററുകളിൽ രാവിലെ ആറുമണി മുതൽ സിനിമാ പ്രദർശനങ്ങൾക്ക് അനുമതി നൽകി വിജയ് സർക്കാർ. ഒരു ദിവസം പരമാവധി ആറു ഷോകൾ നടത്താനും തിയറ്ററുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.പുതിയ സർക്കാർ ഉത്തരവ് പ്രകാരം സിനിമ റിലീസ് ചെയ്യുന്ന ആദ്യ ഏഴ് ദിവസങ്ങളിൽ രാവിലെ ആറുമണി മുതൽ അടുത്ത ദിവസം പുലർച്ചെ 2.30 വരെ പ്രദർശനങ്ങൾ നടത്താം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, തമിഴ്നാട് തിയറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ എന്നിവരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
ഉത്സവകാലങ്ങളിലും വൻ താരങ്ങളുടെ സിനിമകൾ റിലീസ് ചെയ്യുമ്പോഴും പുലർച്ചെ പ്രത്യേക പ്രദർശനങ്ങൾ അനുവദിക്കണമെന്നത് നിർമാതാക്കളുടെയും സിനിമാ സംഘടനകളുടെയും ദീർഘകാല ആവശ്യമായിരുന്നു. പുതിയ ഉത്തരവോടെ ഇതുസംബന്ധിച്ച നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിൽ നേരത്തെ അർധരാത്രിയിലും പുലർച്ചെയുമുള്ള സിനിമാ പ്രദർശനങ്ങൾ പതിവായിരുന്നു. എന്നാൽ 2023 ജനുവരിയിൽ അജിത്ത് ചിത്രം ‘തുനിവ്’ റിലീസിനോടനുബന്ധിച്ചുണ്ടായ അപകടത്തെ തുടർന്ന് പുലർച്ചെയുള്ള പ്രത്യേക ഷോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ദീപാവലി റിലീസായി സൂര്യ നായകനാകുന്ന ‘സീൻ’, നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’ എന്നീ ചിത്രങ്ങളാണ് എത്തുന്നത്.
